സിറോ മലബാർ സഭ ആസ്ഥാനത്തെത്തി വി.ഡി സതീശൻ; സഭാ നേതൃത്വവുമായി നിർണായക ചർച്ച
കൊച്ചി: സിറോ മലബാർ സഭ ആസ്ഥാനത്തെത്തി മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ ഉൾപ്പെടെയുള്ള നേതാക്കളുമായി കൂടിക്കാഴ്ച നടത്തി പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. സുപ്രധാന സിനഡ് നടക്കുന്നതിനിടെയാണ് വി.ഡി സതീശന്റെ സന്ദർശനം. സഭാ നേതാക്കളുമായുള്ള നിർണായക കൂടിക്കാഴ്ച ഒരു മണിക്കൂറിലേറെ നീണ്ടു. സഭാ വിഷയങ്ങളിൽ നിർണായക തീരുമാനങ്ങൾ എടുക്കുന്നതിന് വേണ്ടിയാണ് സിനഡ് കൂടുന്നത്. ഇത്തരം സന്ദർഭത്തിൽ രാഷ്ട്രീയ നേതാക്കളെ ഉൾപ്പെടെ ആരെയും സഭാ നേതൃത്വം കാണുന്നത് അപൂർവ്വമാണ്.
സഭാ ആസ്ഥാനമായ കാക്കനാട് മൌണ്ട് സെന്റ് തോമസിലാണ് പ്രതിപക്ഷ നേതാവ് സന്ദർശനം നടത്തിയത്. സഭ ആസ്ഥാനത്ത് എത്തിയ വി.ഡി സതീശൻ സഭാ നേതൃത്വത്തിന്റെ അത്താഴ വിരുന്നിലും പങ്കെടുത്തു. ഇന്നലെ രാത്രി ഒൻപതേ കാലോടെയാണ് അദ്ദേഹം എത്തിയത്. പൈലറ്റ് വാഹനവും, ഔദ്യോഗിക കാറും ഒഴിവാക്കി ആയിരുന്നു സന്ദർശനം.
സിനഡ് നടക്കുന്നതിനിടെ രാഷ്ട്രീയക്കാർക്കോ മറ്റോ സഭാ ആസ്ഥാനത്തേക്ക് പ്രവേശനം നൽകാറില്ല. എന്നാൽ പ്രതിപക്ഷ നേതാവിനെ വിളിപ്പിച്ചതാണോ, സ്വയം പോയതാണോ എന്ന് വ്യക്തമല്ല. നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സമയത്തെ സന്ദർശനം ഏറെ നിർണായകമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."