കോൺഗ്രസുമായി ബി.ജെ.പിക്ക് സഖ്യം; മഹാരാഷ്ട്രയിൽ ശിവസേന ഇടയുന്നു
മുംബൈ: മഹാരാഷ്ട്രയിൽ തദ്ദേശ സ്ഥാപനങ്ങളിൽ ഭരണം നേടാൻ കോൺഗ്രസുമായി വഴിവിട്ട സഖ്യമുണ്ടാക്കിയ ബി.ജെ.പിക്കെതിരേ ആഞ്ഞടിച്ച് മഹായുതി സഖ്യകക്ഷിയായ ശിവസേന ഷിൻഡെ വിഭാഗം. കോൺഗ്രസ് മുക്ത ഭാരതം എന്ന മുദ്രാവാക്യം ഉയർത്തുന്ന ബി.ജെ.പി താനെ ജില്ലയിലെ അംബർനാഥിൽ കോൺഗ്രസുമായി ചേർന്ന് തങ്ങളെ പരാജയപ്പെടുത്തിയെന്നാണ് ഷിൻഡെ വിഭാഗം നേതാക്കളുടെ പരാതി.
തങ്ങളെ ഭരണത്തിൽ നിന്ന് മാറ്റിനിർത്താനാണ് അംബർനാഥിൽ ബി.ജെ.പി കോൺഗ്രസുമായി സഖ്യമുണ്ടാക്കിയത്. മറ്റ് പല തദ്ദേശ സ്ഥാപനങ്ങളിലും ബി.ജെ.പി സമാനമായ രീതിയിൽ മുന്നണിക്ക് പുറത്തുള്ള എതിരാളികളുമായി സഖ്യമോ നീക്കുപോക്കോ ഉണ്ടാക്കിയിട്ടുണ്ട്. ഇത് മഹായുതി സഖ്യത്തിന്റെ നിലപാടിനും നയത്തിനും എതിരാണെന്നും ശിവസേനാ നേതാവ് ശ്രീകാന്ത് ഷിൻഡെ എം.പി പറഞ്ഞു.
അംബർനാഥിലുൾപ്പെടെ തങ്ങൾക്കെതിരേ മുഖ്യ എതിരാളികളുമായി കൂട്ടുചേർന്ന ബി.ജെ.പിയുടെ നീക്കത്തെ ശക്തമായി നേരിടാനാണ് ഷിൻഡെ വിഭാഗത്തിന്റെ തീരുമാനം. വരാനിരിക്കുന്ന മുംബൈ കോർപറേഷൻ തെരഞ്ഞെടുപ്പിൽ ഉൾപ്പെടെ തങ്ങൾക്കെതിരായി ബി.ജെ.പി നീക്കം നടത്തുമെന്ന ആശങ്ക ശിവസേനയിലുണ്ട്.
അകോളയിൽ ബി.ജെ.പി സഖ്യം എ.ഐ.എം.ഐ.എമ്മുമായി
അകോള ജില്ലയിലെ അകോട്ട് മുനിസിപ്പൽ കൗൺസിൽ ഭരണം ബി.ജെ.പി പിടിച്ചത് അസദുദ്ദീൻ ഉവൈസിയുടെ ഓൾ ഇന്ത്യ മജ്‌ലിസെ ഇത്തിഹാദുൽ മുസ്്ലിമീനുമായി (എ.ഐ.എം.ഐ.എം) കൂട്ടുചേർന്ന്. 35 അംഗ കൗൺസിലിൽ 33 ഡിവിഷനുകളിലാണ് തെരഞ്ഞെടുപ്പ് നടന്നത്. ഇതിൽ 11 ഇടത്ത് ബി.ജെ.പി വിജയിച്ചു. എ.ഐ.എം.ഐ.എം അഞ്ചിടത്തും വിജയിച്ചു.
ഒറ്റയ്ക്ക് ഭൂരിപക്ഷം ലഭിക്കാതെവന്നതോടെ ബി.ജെ.പി എം.ഐ.എം.ഐ.എമ്മിലെ നാലംഗങ്ങൾ, ശിവസേന(ഷിൻഡെ), ശിവസേന(യു.ബി.ടി) എൻ.സി.പി(അജിത്), എൻ.സി.പി(ശരദ്പവാർ), പ്രഹാർ ജനശക്തി പാർട്ടി എന്നിവയിലെ കൗൺസിലർമാരുമായി ചേർന്ന് 'അകോട് വികാസ് മഞ്ച്' എന്ന പേരിൽ സഖ്യമുണ്ടാക്കുകയായിരുന്നു.
തെരഞ്ഞെടുപ്പിന് ശേഷം തങ്ങൾ സഖ്യമുണ്ടാക്കിയതായി കാണിച്ച് ബി.ജെ.പി നേതൃത്വം അകോള ജില്ലാ കലക്ടർക്ക് കത്ത് നൽകുകയും ചെയ്തു. ബി.ജെ.പിയിലെ മായ ധൂരെ മേയറായി തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു.
സംസ്ഥാനത്തെ പല തദ്ദേശ സ്ഥാപനങ്ങളിലും സമാനമായി രീതിയിൽ മുന്നണി മാറിയും മുഖ്യ എതിരാളികളുടെ പിന്തുണ തേടിയും ബി.ജെ.പിയും സഖ്യകക്ഷികളും അധികാരം നേടിയിട്ടുണ്ട്. മുംബൈ കോർപറേഷൻ ഉൾപ്പെടെ 29 മുനിസിപ്പിൽ കോർപറേഷനുകളിലേക്കുള്ള തെരഞ്ഞെടുപ്പ് ഈമാസം 15ന് നടക്കാനിരിക്കെയാണിത്. 16നാണ് വോട്ടെണ്ണൽ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."