പ്രശസ്ത പരിസ്ഥിതി ശാസ്ത്രജ്ഞൻ മാധവ് ഗാഡ്ഗിൽ അന്തരിച്ചു
പൂനെ: പ്രശസ്ത പരിസ്ഥിതി ശാസ്ത്രജ്ഞൻ മാധവ് ഗാഡ്ഗിൽ(83) അന്തരിച്ചു. വാർദ്ധക്യസഹജമായ രോഗങ്ങളാൽ പൂനെയിലെ വീട്ടിൽ വെച്ചായിരുന്നു അന്ത്യം. പശ്ചിമഘട്ട സംരക്ഷണത്തിനായി പോരാടിയ ഗാഡ്ഗിലിനെ രാജ്യം പത്മഭൂഷൻ നൽകി ആദരിച്ചിരുന്നു.
1942 മെയ് 24ന് പൂനെയിൽ ആയിരുന്നു ഗാഡ്ഗിലിന്റെ ജനനം. പൂനെ യൂണിവേഴ്സിറ്റിയിൽ നിന്നും മുംബൈയിൽ നിന്നും ജീവശാസ്ത്രം പഠിച്ച ഗാഡ്ഗിൽ ഗണിത പരിസ്ഥിതി ശാസ്ത്രത്തിൽ ഹാർവാർഡ് യൂണിവേഴ്സിറ്റിയിൽ നിന്നും ഡോക്ടറേറ്റ് നേടി.
പശ്ചിമഘട്ടത്തിലെ പരിസ്ഥിതിയെ കുറിച്ച് പഠിക്കാനായി കേന്ദ്രസർക്കാർ നിയോഗിച്ച പശ്ചിമഘട്ട പരിസ്ഥിതി വിദഗ്ധ സമിതിയുടെ അധ്യക്ഷനായിരുന്നു അദ്ദേഹം. 2011ലാണ് സംഘം റിപ്പോർട്ട് സമർപ്പിച്ചത്. പശ്ചിമഘട്ടത്തിലെ 129, 037 ചതുര കിലോമീറ്റർ വിസ്തൃതിയുടെ മുക്കാൽ ഭാഗവും പരിസ്ഥിതി ലോല പ്രദേശമായി പ്രഖ്യാപിക്കണമെന്ന റിപ്പോർട്ട് കേരളമടക്കമുള്ള സംസ്ഥാനങ്ങളിൽ ഏറെ വിവാദം സൃഷ്ടിച്ചിരുന്നു.
പശ്ചിമഘട്ടത്തിലെ പരിസ്ഥിതി ലോല പ്രദേശങ്ങളിൽ അണക്കെട്ട് നിർമ്മാണം, പാറ ഖനനം എന്നിവ നിയന്ത്രിക്കണമെന്നാണ് ഗാഡ്ഗിൽ കമ്മിറ്റി ശുപാർശ ചെയ്തത്. ഈ റിപ്പോർട്ടിന് തുടക്കത്തിൽ കേരളത്തിൽ എതിർപ്പുകൾ നേരിട്ടെങ്കിലും 2018ലെ പ്രളയത്തിനും വയനാട്ടിലെ പ്രകൃതി ദുരന്തങ്ങൾക്ക് ശേഷവും വലിയ സ്വീകാര്യത ലഭിക്കുകയും ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."