മലയാളത്തിന്റെ സാഹോദര്യ സൗന്ദര്യം
മലബാറിലെ കണക്ക സമുദായക്കാര്‍ക്കിടയില്‍ പരേതന്റെ ആത്മാവിനായി ദൈവങ്ങളെയും കാരണവര്മാരെയും വിളിച്ചുവരുത്തുന്ന പാട്ടുണ്ട്. പാലക്കാട് കരിങ്കാളി, ഇതിരാണി തമ്പുരാട്ടി, പുറക്കോട് കരിയാത്തന്‍, കരിമല അയ്യപ്പന് എന്നിവര്‍ക്കൊപ്പം ക്ഷണിക്കപ്പെട്ടവരുടെ കൂട്ടത്തില്‍ പാണക്കാട് തമ്പുരാന്, മമ്പുറം തങ്ങള്‍, മാപ്പിള തമ്പുരാന് എന്നിവരെയും കാണാം. ജീവരക്ഷയ്്ക്കായി കാവല്‍ നില്‍ക്കുന്നവരാണ് ഇവരെല്ലാം എന്നാണ് ഈ മനുഷ്യരുടെ വിശ്വാസം. നാം ജീവിക്കുന്ന മലയാളനാടിന്റെ പൊതുസ്വഭാവമാണിത്.
മലയാളികളുടെ സമന്വയ സംസ്കാരത്തിന്റെ ഈ ചരിത്രം വിദേശസഞ്ചാരികളും കച്ചവടക്കാരും എഴുതിവച്ച വസ്തുതകളാണെന്ന് എം.ജി.എസ് നാരായണന് 'കോഴിക്കോടിന്റെ കഥ' എന്ന പുസ്തകത്തില്‍ പറയുന്നുണ്ട്. ആദിത്യമര്യാദയും കച്ചവടത്തിലെ സത്യസന്ധതയും നാടുവാഴുന്നവരുടെ സമത്വമാര്‍ന്ന നിലപാടുകളും ലോകത്തിലെ തന്നെ അപൂര്‍വ കാഴ്ചകളായിട്ടാണ് ഇക്കൂട്ടര്‍ വിശേഷിപ്പിച്ചിരിക്കുന്നത്.
നിത്യജീവിതത്തിന്റെ എല്ലാ രംഗത്തും വിവിധ മതജാതി സമൂഹങ്ങളുടെ സമന്വയം കാണാവുന്ന നാടാണ് കേരളം. ബ്രിട്ടിഷ് ഉദ്യോഗസ്ഥനായിരുന്ന ഫോസറ്റ് മലബാറിലെ പള്ളികളും ക്ഷേത്രങ്ങളും ഏതാണ്ട് ഒരുപോലെയാണെന്ന് വിശദീകരിച്ചിട്ടുണ്ട്. പത്തൊമ്പതാം നൂറ്റാണ്ടിന്റെ അന്ത്യത്തിലാണിത്. ഇതരമതങ്ങളെ അനുസരിക്കുന്നവരോട് ഭാതൃഭാവം കാണിക്കുന്നതാണ് സമത്വത്തെ അനുഷ്ഠിക്കുന്ന ഉത്തമമാര്‍ഗം എന്നാണ് മലയാളികള്‍ വിശ്വസിച്ചിരുന്നത്.
നാട്ടിലെ ഉത്സവങ്ങള്‍ എല്ലാവരുടെയും വിനോദത്തിന്റെയും വിശ്വാസത്തിന്റെയും വേദികളായിരുന്നു. ഹിന്ദുക്കളും മുസ്്ലിംകളും ഒരുമിക്കാത്ത ഒരു ആഘോഷവും നാട്ടിലുണ്ടാവാറില്ല. മലബാറിലെ നേര്‍ച്ചകള്‍ തികഞ്ഞ മലയാളി ആഘോഷങ്ങളായിരുന്നു. അധ്വാനത്തിന്റെയും സങ്കടങ്ങളുടെയും കണ്ണീര്‍പുഴകള്‍ മനുഷ്യര്‍ ജാതിമത ഭേദമന്യേ മറികടന്നത് ഈ ഉത്സവങ്ങളിലൂടെയാണ്. കോളനിശക്തികള്‍ ആധിപത്യം സ്ഥാപിക്കുന്നതുവരെ ലോകത്തിലെ മികച്ച സാമ്പത്തിക ശക്തിയായി അറിയപ്പെട്ടിരുന്ന നാടായിരുന്നു കേരളവും ഇന്ത്യയും. ഈ നാടിനെ കീഴടക്കാനും ചൊല്പ്പടിയില് നിലനിര്‍ത്താനുമാണ് കോളനിശക്തികള്‍ ചതികള്‍ക്കും വഞ്ചനകള്‍ക്കും തമ്മില്‍ തല്ലിക്കുന്നതിനും നേതൃത്വം നല്‍കിയത്. ബ്രിട്ടിഷ് വാഴ്ചയ്്ക്കു കീഴില്‍ തദ്ദേശീയര്‍ അഥവാ നേറ്റീവ്്സായിരുന്ന നമ്മള് 1912ലെ സെന്സസോടെ ഇന്ത്യക്കാരായി. നാം കൊടിയ ചൂഷണത്തിനു വിധേയമായി. ഭൂരിപക്ഷം വരുന്ന ജനങ്ങള്‍ ദാരിദ്ര്യത്തിനും അസമത്വത്തിനും ഇരകളായി.
കോളനിഭരണത്തിനു കീഴില്‍ പുതുലോകം
നാടുവാഴികളാണ് സ്വാതന്ത്ര്യസമരത്തിന്റെ ആദ്യപ്രവര്ത്തകരായത്. അവര്‍ക്കും സ്വാതന്ത്ര്യം വേണ്ടിയിരുന്നു. എന്നാല്‍, സാധാരണ മനുഷ്യര്‍ ജീവിതപ്രശ്നങ്ങള്‍ക്കു പരിഹാരം തേടി പൊതുനിരത്തില്‍ പ്രത്യക്ഷപ്പെട്ടതോടെ ജന്മിമാരെ കാണാന്‍ കിട്ടാതെയായി. സാധാരണക്കാരാണ് സായ്്പന്മാര് ഇവിടെ ഉണ്ടായിക്കൂടായെന്നു തീരുമാനിച്ചത്. ജന്മിമാരോട് വിവരമുള്ളവര്‍ പറഞ്ഞു, 'കുടിയാന്മാരുടെ സങ്കടം കാണാതെപോയാല്‍ ജന്മിമാര് ഉണ്ടാവില്ല. മാനസിക പരിഷ്കാരങ്ങളും വിദ്യാഭ്യാസവുമാണ് അത്യാവശ്യം. മഷിയും തൂവലുമാണ് ഇപ്പോഴത്തെ ആയുധം'.
വ്യവസ്ഥാപിത മതങ്ങളോട് കലഹിച്ചുകൊണ്ടല്ല ഇന്ത്യയിലെ പുരോഗമന ചിന്താഗതി വളര്‍ന്നുവന്നത്. മറിച്ച്, വ്യത്യസ്ത മതവിശ്വാസങ്ങളില്പ്പെട്ടവരെ ബ്രിട്ടിഷ് ശക്തികള്‍ക്കെതിരേ ഒരുമിച്ചിരുത്തിക്കൊണ്ടാണ് സാമൂഹ്യമാറ്റത്തിനു വേദിയൊരുക്കിയത്. മനുഷ്യരുടെ കഷ്ടപ്പാടുകള്‍ക്കും ദാരിദ്ര്യത്തിനും മതജാതി വേര്‍തിരിവുകളില്ലെന്ന് മലയാളികള്‍ മനസിലാക്കിയത് ബ്രിട്ടിഷ് ഭരണം കൊണ്ടുവന്ന തോട്ടം തൊഴിലിലൂടെയും ഫാക്ടറി പണിശാലകളിലൂടെയുമാണ്. വിവിധ ജാതിമതസ്ഥര്‍ വിവരണാതീതമായ ബുദ്ധിമുട്ടുകളിലൂടെയാണ് ദൂരദേശങ്ങളിലെ തൊഴില്‍ശാലകളില്‍ പൊരുതിജീവിച്ചത്. ഏറിവരുന്ന ബുദ്ധിമുട്ടുകള്‍ക്കൊപ്പം അന്യദേശങ്ങളിലേക്കു പോയ മനുഷ്യര്‍ ജീവിതത്തിന്റെ ഭയാനകാവസ്ഥകള്കൂടി അനുഭവിച്ചറിഞ്ഞതോടെ രാഷ്ട്രീയ ബോധതലത്തില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ ഉണ്ടായി.
ഹിന്ദു, മുസ്്ലിം വിഭാഗങ്ങള്‍ ചരിത്രപരമായി തന്നെ യോജിക്കാതെ പോരടിച്ചുനിന്നിരുന്ന രണ്ട് മതവിഭാഗങ്ങളാണെന്ന പ്രചാരണം പുതിയ തലമുറ ഏറ്റെടുത്തില്ല. അതുമാത്രമല്ല, ഏതെല്ലാം ഘട്ടങ്ങളില്‍ ഈ വിഭാഗങ്ങള്‍ ഒന്നായി ജീവിച്ചുവെന്നും ഇവര്‍ക്കു തെളിയിക്കാന്‍ കഴിഞ്ഞു. ബ്രിട്ടിഷ് ഭരണമാണ് ഈ മതവിഭാഗീയത ഉണ്ടാക്കിയെടുത്തതെന്ന വാദം വിദ്യാസമ്പന്നര്‍ തെളിവുകള്‍ സഹിതം വിശദീകരിക്കാന്‍ തുടങ്ങി. ഉദാത്തമായ മതസൗഹൃദത്തിന്റെയും ഐക്യത്തിന്റെയും തെളിവുകള്‍ ദേശീയപ്രസ്ഥാനം പ്രചരിപ്പിച്ചു.
പ്രയോഗികമാറ്റങ്ങള്ക്കു സ്വജീവിതം തന്നെയാണ് ആദ്യം പരിഷ്കരിക്കേണ്ടതെന്ന് അക്കാലത്തെ ദേശാഭിമാനികള്‍ കണക്കാക്കിയിരുന്നു. അത്തരത്തില്‍ മാതൃകാജീവിതം നയിച്ചിരുന്ന 'കര്മധീരന്മാര്' അഥവാ 'സ്റ്റല്വാര്ട്സ്' എന്ന ഒരു പ്രവര്‍ത്തകവിഭാഗം തിയോസഫിക്കാര്ക്കിടയിലുണ്ടായിരുന്നു. അവര്‍ ജാതി ഉന്മൂലനത്തിനായും മതസഹോദര്യത്തിനായും പ്രവര്‍ത്തിച്ചിരുന്നവരാണ്. മഞ്ചേരി രാമയ്യര് അതിലെ അംഗമായിരുന്നു. മിശ്രഭോജനം അവരുടെ പ്രധാന ആയുധവുമായിരുന്നു. ഹോംറൂള്‍ മുന്നേറ്റത്തെ തുടര്‍ന്ന് മലബാറിലെ കോഴിക്കോട്ട് പൊതുസര്വാണിസദ്യ നടന്നു. ഇതു പല ചെറുപ്പക്കാരും വീടുകളില്‍ നടപ്പാക്കിത്തുടങ്ങി. തുടര്‍ന്ന് ഈ സന്ദേശം പൊതുമണ്ഡലത്തില്‍ വ്യാപിച്ചു. പുരോഗമന പ്രവര്‍ത്തനം നടത്തിയിരുന്നവരെ ഒറ്റപ്പെടുത്താന്‍ ജാതിജന്മിത്തവും മതനേതാക്കളും ശ്രമിച്ചിരുന്ന കാലമുണ്ടായിരുന്നു. മുടി വെട്ടിക്കൊടുക്കാതിരിക്കുക, കല്യാണം പറയാതിരിക്കുക, മരണ-വിവാഹ ചടങ്ങുകളില്‍ സഹകരിക്കാതിരിക്കുക തുടങ്ങിയ ചെയ്തികള്‍ പരിഷ്കാരികള്‍ തന്നെ സംഘടിച്ച് പ്രതിരോധിച്ചു. യുവജനങ്ങളുടെ പുരോഗമനപരമായ നിലപാട് മാറ്റങ്ങളുടെ വേഗതകൂട്ടി. അന്നന്ന് കടത്തിലും കഷ്ടപ്പാടിലും ആണ്ടാണ്ടു പോകുന്ന കൃഷിക്കാരും കര്‍ഷക തൊഴിലാളികളുമായ മര്‍ദിത ജനലക്ഷങ്ങള്‍ പൊതുമുന്നേറ്റങ്ങളുടെ ഭാഗമായി. ബ്രിട്ടിഷുകാര്‍ പ്രോത്സാഹിപ്പിച്ച വിഭാഗീയതക്കും വര്‍ഗീയതക്കും എതിരായിരുന്നു ഈ സാഹോദര്യസന്ദേശം. ഹിന്ദുവും മുസല്‍മാനും ക്രിസ്ത്യാനിയും പാര്സിയും തുടങ്ങി ഇന്ത്യയെ മാതൃരാജ്യമായി കാണുന്നവരാണ് ഇന്ത്യക്കാര്‍ എന്നതായിരുന്നു മഹാത്മാഗാന്ധിയുടെ നിലപാട്.
ഈ മാറ്റങ്ങള്‍ക്കെല്ലാം തുടക്കമിട്ടത് മലബാറില്‍ ഒന്നാംലോക യുദ്ധകാലത്താരംഭിച്ച സ്വയംഭരണ പ്രക്ഷോഭമായിരുന്നു. 'ഹോംറൂള്‍ മൊയ്തീന് കോയ' എന്നറിയപ്പെട്ട പൊന്മാടത്ത് മൊയ്തീന് കോയയൊക്കെ നിറഞ്ഞുനിന്നിരുന്ന കോഴിക്കോടായിരുന്നു ജനമുന്നേറ്റത്തിന്റെ കേന്ദ്രം. രാഷ്ട്രീയപ്രസംഗങ്ങള്‍, കലാ സാംസ്കാരിക പ്രകടനങ്ങള്‍, ഗൃഹസന്ദര്ശനങ്ങള്, ചുവരെഴുത്തുകള്‍ തുടങ്ങിയ പുത്തന്‍ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയത് ഇക്കാലത്താണ്. യുവാക്കളായ മുഴുവന്‍സമയ പ്രവര്‍ത്തകര്‍ സാഹോദര്യ മനോഭാവത്തോടെ ജനക്കൂട്ടത്തിനൊപ്പം രംഗത്തിറങ്ങിയപ്പോള്‍ ഭരണകൂടവും നാടുവാഴിത്തവും പിന്നോട്ടുനീങ്ങാന്‍ തുടങ്ങി. 1920 ഏപ്രില്‍ മാസത്തില്‍ മഞ്ചേരിയില്‍ നടന്ന രാഷ്ട്രീയ സമ്മേളനം ജനക്കൂട്ടത്തിന്റെ കരുത്തുകാണിച്ചു. നിലനില്‍ക്കുന്ന വ്യവസ്ഥയോടുള്ള ധിക്കാരമായിട്ടാണ് നാടുവാഴിത്തവും ബ്രിട്ടിഷ് ഭരണകൂടവും ഈ കരുത്തിനെ കണ്ടത്. 'ഒന്നിച്ചുചേര്‍ന്ന കൂലിത്തൊഴിലാളികളും മാപ്പിള കര്ഷകരുമെന്നാണ്' ഭരണകൂടം മഞ്ചേരിയിലെത്തിയ ജനക്കൂട്ടത്തെ വിശേഷിപ്പിച്ചിരിക്കുന്നത്.
മഹാത്മാ ഗാന്ധിയുടെ കോഴിക്കോട് സന്ദര്‍ശനം സാമ്രാജ്യത്വ വാഴ്ചയ്്ക്കെതിരേ ഹിന്ദു -മുസ്്ലിം സൗഹൃദത്തിന്റെ പ്രതിരോധമുയര്‍ത്തി. മൗലാനാ ഷൗക്കത്തലിക്കൊപ്പമാണ് 1920ല്‍ ഗാന്ധി കോഴിക്കോട്ടെത്തിയത്. ഷൗക്കത്തലിയും ഗാന്ധിജിയും ഒരേവേദിയില്‍ ബ്രിട്ടിഷ് വാഴ്ചയ്്ക്കെതിരേ ജനങ്ങള്‍ ഒന്നിച്ച് അണിനിരക്കണമെന്ന് ആഹ്വാനം ചെയ്തത് മലബാറിലാകമാനം രാഷ്ട്രീയ ഉണര്‍വുണ്ടാക്കി. ഇക്കാലത്തുതന്നെയാണ് ബ്രിട്ടിഷ് നിരോധനാജ്ഞ ലംഘിച്ചതിനു കെ. മാധവന് നായര്‍, യു. ഗോപാല മേനോന്, പൊന്മാടത്ത് മൊയ്തീന് കോയ എന്നിവരെ പൊലിസ് അറസ്റ്റ് ചെയ്ത് കണ്ണൂര്‍ ജയിലിലടച്ചത്. ഇവരുടെ ജയില്‍വാസവും പില്ക്കാലത്ത് സ്വതന്ത്രരായതും മലബാറിനെ രാഷ്ട്രീയാവേശത്തിന്റെ കേന്ദ്രമാക്കി. മതപരമായ ഭിന്നതകള്‍ പൂര്‍ണമായും ഇല്ലാതായ സ്വാതന്ത്ര്യസമര കൊടുങ്കാറ്റ് ആഞ്ഞുവീശിത്തുടങ്ങിയത് ഈ സൗഹൃദാന്തരീക്ഷത്തിലാണ്. രാജ്യത്താകമാനം പ്രതിഷേധമുണ്ടാക്കിയ ജാലിയന്‍ വാലാബാഗ് കൂട്ടക്കൊല, അന്യായമായ അറസ്റ്റുകള്‍, നാടുകടത്തലുകള്‍, പൊലിസ് ഭീകരത, അവകാശലംഘനങ്ങള്‍ എന്നിവയ്ക്കെതിരേ മലബാറിലെ ജനങ്ങള്‍ ഹര്‍ത്താലുകളും ദിനാചരണങ്ങളും സംഘടിപ്പിച്ച് പ്രതിരോധിച്ചു. ഖിലാഫത്ത് സമരത്തിനു നേതൃത്വം നല്‍കിയത് ഹിന്ദു - മുസ്്ലിം ജനവിഭാഗങ്ങള്‍ ഒരുമിച്ചാണ്. സ്വയംഭരണദിനം, ഖിലാഫത്ത് ദിനം, പൂര്‍ണ സ്വാതന്ത്ര്യദിനം, അന്തമാന്‍ ദിനം, ദേശീയപതാക ദിനം, ക്ഷേത്ര പ്രവേശനദിനം, ക്വിറ്റിന്ത്യാ ദിനം തുടങ്ങിയവ ജാതിമതഭേദങ്ങളില്ലാതെ ജനങ്ങള്‍ ഒന്നിച്ച് ആചരിക്കുകയുണ്ടായി.
എന്നാല്‍, 'ബ്രിട്ടിഷ് രാജാവിനെതിരേ യുദ്ധം പ്രഖ്യാപിച്ചു' എന്ന ആരോപണം ഉന്നയിച്ച് ജനങ്ങളെ കൊന്നൊടുക്കാന്‍ തുടങ്ങി. 1921ലെ പോരാട്ടം വിവിധ ജാതിമതസ്ഥരുടെ മുന്നേറ്റമായിരുന്നു. അതിനെ 'മാപ്പിള ലഹളയാക്കി' അടിച്ചമര്‍ത്താന്‍ ശ്രമിച്ച ശക്തികള്‍ നേരിടേണ്ടിവന്നത് മതനിരപേക്ഷ നിലപാടുണ്ടായിരുന്ന ധീരന്മാരെയാണ്. പന്ത്രണ്ടു വര്‍ഷം ജയിലിലടക്കപ്പെട്ട എം.പി നാരായണ മേനോന് സ്വാതന്ത്ര്യസമരത്തിലെ മതേതര സ്വഭാവത്തിന്റെ പ്രതീകമാണ്. കട്ടിലശ്ശേരി മുഹമ്മദ് മുസ്്ലിയാരായിരുന്നു നാരായണ മേനോന്റെ ഉറ്റസുഹൃത്ത്. മാപ്പിളമാര്‍ അടങ്ങുന്ന കുടിയാന്മാരുടെ അത്താണിയായിരുന്നു നാരായണ മേനോന്. ഈ ജനകീയതയാണ് ബ്രിട്ടിഷുകാര്‍ക്ക് നാരായണ മേനോനെ 'അപകടകാരിയായ ചെറുപ്പക്കാരനാക്കിയത്'. അതുകൊണ്ടുതന്നെ എം.പിയുടെ ജയില്‍വാസം പന്ത്രണ്ടു വര്‍ഷം നീണ്ടുനിന്നു. മാപ്പെഴുതി അധികാരികളുടെ കനിവുപറ്റാന്‍ തയാറാകാതിരുന്ന യഥാര്‍ഥ ദേശസ്നേഹിയായിരുന്നു അദ്ദേഹം.
1921ല്‍ വാഗണ്‍ കൂട്ടക്കൊലയില്‍ ജീവന് നഷ്ടമായവര്‍ക്കു നഷ്ടപരിഹാരം നല്‍കണമെന്നാവശ്യപ്പെട്ട് മദ്രാസ് നിയമസഭയില്‍ ചര്‍ച്ച നയിച്ചത് ഹിന്ദുവിഭാഗത്തില്‍പെട്ട അംഗങ്ങളായിരുന്നു. ഇതിനു നേതൃത്വം കൊടുത്തത് കോയമ്പത്തൂരുകാരനായ ഷണ്മുഖം ചെട്ടിയും. ചര്ച്ചയ്്ക്കൊടുവില് സാമ്രാജ്യത്വ സര്‍ക്കാരിനെ അതിരൂക്ഷമായി വിമര്‍ശിച്ച ഷണ്മുഖം ചെട്ടിയും കൂട്ടരും വാഗണ്‍ കൂട്ടക്കൊലക്കു കാരണക്കാരനായ സര്‍ജന്റ് ആന്‍ഡ്രൂസിനെ 'കൊലയാളി' എന്നാണു വിശേഷിപ്പിച്ചത്. പ്രതിരോധത്തില്‍ പകച്ചുപോയ സര്‍ക്കാരിന് വാഗണ്‍ കൂട്ടക്കൊലയില്‍ ജീവനറ്റുപോയവരുടെ കുടുംബങ്ങള്‍ക്ക് മുന്നൂറു രൂപവീതം നഷ്ടപരിഹാരം നല്‍കേണ്ടിവന്നു.
1921 എല്ലാവര്ക്കും പുതിയ അനുഭവങ്ങള്‍ നല്കി. സ്വാതന്ത്ര്യസമരകാലത്ത് സമരഭടന്മാര് ഗാന്ധിത്തൊപ്പി ധരിക്കുന്ന ശീലമാരംഭിച്ചു. ഐക്യത്തിന്റെ അടയാളമായിരുന്നു അത്. 1957 ഫെബ്രുവരി 17ലെ ഒരു കുറിപ്പില്‍ എം. ഗോപാലമേനോന്‍ എഴുതിയത്, 1920- 21 കാലത്ത് ഗാന്ധിത്തൊപ്പി ധരിച്ചവരെ കണ്ടാല്‍ പൊലിസിന് 'ചുകപ്പുകണ്ട കാളയെപ്പോലെ' എന്ന മട്ടായിരുന്നു എന്നാണ്. മാനവസൗഹൃദത്തിന്റെയും ബ്രിട്ടിഷ് വിരുദ്ധതയുടെയും അടയാളമായിരുന്നു അത്.
സിവില്‍ നിയമലംഘന കാലത്ത് മൃഗീയമായ പൊലിസ് മര്‍ദനമുണ്ടായപ്പോള്‍ അകമഴിഞ്ഞ പിന്തുണ നല്‍കിയത് വ്യാപാരികളാണ്. മതവ്യത്യാസങ്ങള്‍ അതിനു തടസമായില്ല. പൊന്മാടത്ത് മൊയ്തീന് കോയ, ഹസ്സന്‍കോയ മുല്ല അങ്ങനെ എത്രപേരാണ് കെ. കേളപ്പന്, പി. കൃഷ്ണപിള്ള എന്നിവര്‍ക്കൊപ്പം അണിനിരന്നത്. അത് ഇന്ത്യയില്‍ നടന്ന മറ്റു പോരാട്ടങ്ങള്‍ക്കു മാതൃകയായിരുന്നു. മലയാളനാടിന്റെ മഹത്തായ സാഹോദര്യ പാരമ്പര്യത്തിന് ഏതു അഗ്നിപരീക്ഷയെയും അതിജീവിക്കാവുന്ന ശക്തിയുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."