ഇത് കേരളമാണ്, വിദ്വേഷത്തെ തോൽപിച്ച പണ്ഡിത പരമ്പര്യം
തങ്ങളുടെ വിശ്വാസപ്രമാണങ്ങളോടുള്ള അത്യധികമായ അഭിമാനത്തോടെ, അതില്‍ വിട്ടുവീഴ്ചയില്ലാതെ ഉറച്ചുനിന്നുകൊണ്ട്, ഇതര വിശ്വാസപ്രമാണങ്ങളിലുള്ള മനുഷ്യരോട് പരസ്പര ആദരവോടെ ജീവിക്കേണ്ടതെങ്ങനെയെന്ന് ലോകത്തിനു തന്നെയും കാണിച്ചുകൊടുക്കുന്നവരായിട്ടാണ് കേരളത്തിലെ ഇസ് ലാമികപ്രസ്ഥാനങ്ങളുടെ തലപ്പത്തുള്ളവരെ കാണുന്നത്. അത് നമ്മുടെ പ്രാദേശിക മേഖലകളില്‍ ദൃശ്യമാണ്. മനുഷ്യര്‍ കൂട്ടായിരിക്കുന്ന എല്ലായിടത്തും ഇത് ദൃശ്യമാണ്.
ഇസ് ലാമോഫോബിയ, നമ്മള് ജീവിക്കുന്ന കാലത്ത് കാറ്റും കടലുമെന്നപോലെ അനുഭവിച്ചറിയാവുന്ന യാഥാര്‍ഥ്യമാണ്. സമൂഹത്തില്‍ അതുണ്ടെന്ന് എല്ലാവര്‍ക്കുമറിയാം. ഇസ് ലാമിനെക്കുറിച്ചുള്ള അനാവശ്യവും അടിസ്ഥാനരഹിതവും ചിലര്‍ പണിയെടുത്തുണ്ടാക്കുന്നതുമായ ഒരു സംഗതിയാണത്. ഇസ് ലാം എന്നതുമായി ബന്ധപ്പെട്ട എല്ലാത്തിനെയും പേടിക്കുക, അങ്ങനെ പേടിക്കേണ്ടതാണ് അതെന്ന് വ്യാപകമായിട്ട് പ്രചരിപ്പിക്കുക എന്നത് ചിലര്‍ നിരന്തരമായിട്ട് പ്രചരിപ്പിക്കുന്നു. (ഇന്ത്യയിലെ സാഹചര്യത്തില്‍ ഇത് ഹിന്ദുത്വരാഷ്ട്രീയക്കാരാണ് ചെയ്യുന്നത്. ഹിന്ദുക്കള്‍ എന്നല്ല ഹിന്ദുത്വ രാഷ്ട്രീയക്കാര്‍ എന്നാണ് എഴുതിയിരിക്കുന്നതെന്ന് പ്രത്യേകം ശ്രദ്ധിക്കുമല്ലോ).
ഇസ് ലാമോഫോബിയ ഉണ്ടാക്കാനും ശക്തിപ്പെടുത്താനുമുള്ള ശ്രമം വലിയതോതില്‍ ലോകത്ത് മറ്റെല്ലായിടത്തുമെന്നപോലെ കേരളത്തിലും നടക്കുന്നുണ്ട്. എന്നാല്‍ കേരളത്തില്‍ അങ്ങനെ മുസ് ലിം പേടി പ്രചരിപ്പിക്കുന്നവര്‍ വിജയിക്കുന്നുണ്ടോ. തുറന്ന കണ്ണുകളോടെയും മുന്‍വിധിയില്ലാത്ത മനസോടെയും സമൂഹത്തിലേക്ക് നോക്കിയാല്‍ ഇല്ലെന്നാണ് മനസിലാകുക. അവര്‍ വിജയിക്കുന്നില്ല. കേരളത്തില്‍ മുസ് ലിംകളോ ഇസ് ലാം വിശ്വാസസംഗതികളോ ഇതരമതവിശ്വാസികള്‍ക്ക് അസ്വാഭാവികമായി തോന്നുന്ന ഒരു കാര്യമേയല്ല. ലോകമാകെ നടക്കുന്ന അനേകം സംഭവങ്ങള്‍ ചൂണ്ടിക്കാട്ടി, കേരളത്തിലും ഇസ് ലാംവിരുദ്ധത അടിച്ചേല്‍പ്പിക്കാന്‍ ആഞ്ഞുള്ള ശ്രമങ്ങള്‍ ഒട്ടും ദുര്ബലരല്ലാത്ത ശക്തികള്‍ നിരന്തരമായിട്ട് നടത്തിയിട്ടും എന്തുകൊണ്ടാണ് നമ്മുടെ സമൂഹം, മലയാളികള്‍ ഭേദഭാവമില്ലാതെ മുസ് ലിംകളും ഞങ്ങള്‍തന്നെ എന്ന തന്മയീഭാവത്തോടെ തന്നെ ഇവിടെ സഹവസിക്കുന്നത്.
ഒരുപക്ഷേ ഞാനീ എഴുതിയതിനെ തള്ളിക്കളയുന്നവരുണ്ടാകും. കേരളത്തിലും മുസ് ലിംവിരുദ്ധത ശക്തമാണെന്നും കേരളത്തിലും ഇസ് ലാമിനെ ഡെമണൈസ് ചെയ്യാനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്നും അവര്‍ ചൂണ്ടിക്കാട്ടാനിടയുണ്ട്. അവര്‍ തെറ്റായ കാര്യമല്ല പറയുന്നതെന്ന് ബോധ്യമുള്ളയാള്‍ തന്നെയാണ് ഞാനും. പ്രചാരണമൊക്കെ നാട്ടില്‍ നടക്കുന്നുണ്ട്, ശരിതന്നെ. പക്ഷേ ഇപ്പോഴും കേരളം എന്നുവച്ചാല്‍ ഇസ് ലാം എന്നത് കൂടെത്തന്നെയാണെന്ന് അര്‍ഥം. ഇസ് ലാമികവിരുദ്ധത പ്രചരിപ്പിക്കുന്നവരാണ് ഈ നാട്ടില്‍ ഇപ്പോഴും യഥാര്‍ഥത്തില്‍ അന്യര്‍. ഇസ് ലാമോ ഇസ് ലാമിനൊപ്പം സഹജീവനം നടത്തുന്നവരോ അല്ല.
ഇതെഴുതുന്നയാള്‍ കേരളത്തിലെ പല ബി.ജെ.പി, മറ്റ് ഹിന്ദുത്വകക്ഷികളുടെയും നേതാക്കളെ അഭിമുഖം നടത്തുകയും സംസാരിക്കുകയും ചെയ്തിട്ടുണ്ട്. കേരളത്തിലെ പ്രധാനപ്പെട്ട ഒരു ഹിന്ദുത്വ നേതാവ് അത്തരമൊരു അഭിമുഖത്തില്‍ കേരളത്തിലെ മുസ് ലിം സമൂഹത്തെക്കുറിച്ച് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലൊക്കെ നടക്കുന്ന മോശം പ്രചരണങ്ങളിലൊന്ന് ആവര്‍ത്തിച്ചു. അതില്‍ അസ്വാഭാവികത ഒന്നുമുണ്ടായിരുന്നില്ല. അക്കൂട്ടര്‍ പരസ്യമായിട്ട് പറയുന്ന ഒരു മോശം വര്‍ത്തമാനംതന്നെ. പക്ഷേ, അഭിമുഖം കഴിഞ്ഞയുടനെ തന്നെ അയാള്‍ എന്നോട് ആ പരാമര്‍ശം എഡിറ്റ് ചെയ്ത് കളയണമെന്ന് അഭ്യര്‍ഥിച്ചു. ഞാനിങ്ങനെ സംസാരിച്ചുവന്നപ്പോള്‍ അങ്ങ് പറഞ്ഞെന്നേയുള്ളൂ, ഈ അഭിമുഖത്തില്‍ അത് വേണ്ട. അയാൾ എന്നോട് വിശദീകരിച്ചു. ഒരു മോശം പരാമര്‍ശമായിരുന്നു എന്നതിനാല്‍ എനിക്ക് സന്തോഷമേ ഉണ്ടായിരുന്നുള്ളൂ, അത് കട്ട് ചെയ്തകളയുന്നതില്. ഞാനത് ചെയ്യുകയും ചെയ്തു. പിന്നീടാലോചിച്ചപ്പോള്‍ കേരളസമൂഹത്തില്‍ ഇപ്പോഴും അതിശക്തമായി നിലനില്‍ക്കുന്ന സഹജീവിതാവസ്ഥയുടെ കരുത്തിന്റെ ഉദാഹരണമാണ് ഈ സംഭവമെന്ന തോന്നല്‍ എനിക്കുണ്ടായി. അത്തരത്തിലുള്ള വിഷവര്ത്തമാനം പരസ്യമായിട്ട് സമൂഹത്തിലേക്ക് പറയാന്‍ ഹിന്ദുത്വരാഷ്ട്രീയക്കാരെപ്പോലും തടയുന്ന കരുത്ത് നമ്മുടെ സെക്യുലര്‍ സമൂഹജീവിതത്തിനുണ്ട്. അത് കൊണ്ടാകുമല്ലോ, പറഞ്ഞ മോശം വാക്കുകള്‍ പിന്‍വലിച്ച് കളയാം, അത് തന്റെ പേരില്‍ പരസ്യമായിട്ട് സമൂഹത്തിന് മുന്നില്‍ ഉണ്ടാകരുത് എന്ന തോന്നല്‍ അയാളില്‍ രണ്ടാമതൊരാലോചനയില് വന്നിട്ടുണ്ടാവുക. അയാളും അയാളെപ്പോലുള്ള മറ്റുള്ളവരും അവരവരുടെ ശാഖകളില്‍ ഇതേ വര്‍ത്തമാനം കൂടിയ അളവില്‍ ഇപ്പോഴും പറയുന്നുണ്ടാകണം. പക്ഷേ അയാളുടെ കൂട്ടത്തിന്റെ പുറത്ത് അതല്ല സ്ഥിതി. അമ്മാതിരി വര്‍ത്തമാനം ഇങ്ങോട്ട് ചൊരിയേണ്ട കേട്ടോ എന്ന് അയാള്‍ക്ക് നിശബ്ദമുന്നറിയിപ്പ് കൊടുക്കുന്ന നമ്മുടെ സെക്യുലര്‍ സമൂഹത്തിന്റെ കരുത്തുള്ള ശബ്ദം അയാള്‍ കേള്‍ക്കുന്നുണ്ടാകണം.
പള്ളുരുത്തി സെന്റ് റീത്താസ് സ്കൂളിലെ തട്ടസംബന്ധിയായി വന്ന സംഭവത്തെക്കുറിച്ച് ഓര്‍ത്തു നോക്കൂ. ആ കുട്ടിയും രക്ഷിതാക്കളും ചുറ്റുമുള്ളവരുമെല്ലാം അക്കാര്യത്തില്‍ വിഷമിച്ചു എന്നത് ശരിതന്നെ. പക്ഷേ നമ്മുടെ സമൂഹം കരുത്തോടെ ആ കുട്ടിക്കൊപ്പമാണ് നിന്നത് എന്നത് കണ്ടുവല്ലോ. ആ സ്കൂള്‍ അധികാരികള്‍ക്കല്ല, ആ കുട്ടിക്കും രക്ഷിതാക്കള്‍ക്കുമാണ് പൊതുസമൂഹത്തിന്റെയാകെ പിന്തുണ കിട്ടിയത്. അടക്കിപ്പിടിച്ച അക്രമോത്സുകത ഉണ്ടായിരുന്ന സ്കൂള്‍ അധികൃതരുടെ വര്‍ത്തമാനങ്ങളെ പരസ്യമായിട്ട് പിന്തുണക്കാന്‍ ഹിന്ദുത്വ രാഷ്ട്രീയപാര്‍ട്ടി പോലും തയാറായില്ല എന്നത് കാണാതെ പോകരുത്. (1. ഞാന്‍ പറഞ്ഞത് പരസ്യമായിട്ട് പിന്തുണക്കാനെന്നാണ് എന്നത് ശ്രദ്ധിക്കുമല്ലോ. 2. തെരഞ്ഞെടുപ്പ് കാലമായതുകൊണ്ടായിരിക്കാം ഒരുപക്ഷേ അത്) നമ്മുടെ പൊതുസമൂഹം നിശബ്ദമെങ്കിലും കരുത്തോടെ തട്ടമിട്ട ആ കുട്ടിക്കൊപ്പം തന്നെയാണ് നിന്നത്.
നമ്മുടെ സമൂഹം ലോകത്തിലെയും രാജ്യത്തിലെയും മറ്റുള്ളിടങ്ങളില്‍നിന്ന് മാറി ഒറ്റപ്പെട്ട് നില്ക്കുന്ന ഒന്നല്ലല്ലോ, എന്നിട്ടും രാജ്യത്തെമ്പാട് നിന്നും കേള്‍ക്കുന്ന മതവിദ്വേഷപരമായ സംഗതികളില്‍നിന്ന് കേരളം മാത്രം ഇങ്ങനെ മാതൃകാപരമാം വിധം വേറിട്ടുനില്ക്കുന്നുണ്ടുതാനും. ഇതിന് കാരണങ്ങളായിട്ട് പലതും നമുക്ക് ആലോചിക്കാന്‍ പറ്റും. ഇസ് ലാം മതം അറേബ്യയിലുണ്ടായ കാലംതൊട്ട് നമ്മുടെ നാടിന് ആ വിശ്വാസരീതികളോടുള്ള ബന്ധം, ചരിത്രാതീതകാലം തൊട്ട് നമുക്കുള്ള കച്ചവട ബന്ധങ്ങള്‍, നോര്‍ത്തിലെ സംസ്ഥാനങ്ങളെ എന്നെന്നേക്കുമായിട്ട് മാറ്റിത്തീര്‍ത്ത് കളഞ്ഞ വിഭജനകാല കെടുതികള്‍ ഇവിടെ ഇല്ലാതിരുന്നത്. അങ്ങനെ നിരവധി കാരണങ്ങള്‍ ഈ സൗമ്യസഹവാസജീവിതത്തിന് കാരണങ്ങളായിട്ട് കാണാം. എങ്കിലും അവയോളമോ അതിനേക്കാളുമോ പ്രധാനപ്പെട്ട ഒരു കാര്യം ഇസ് ലാം മതത്തിനകത്തെ പണ്ഡിതരുടെയും അവരുടെ കൂട്ടായ്മകളുടെയും നമ്മുടെ സമൂഹത്തോടുള്ള കരുതലാണ് എന്നും ഞാന്‍ വിചാരിക്കാറുണ്ട്.
തങ്ങളുടെ വിശ്വാസപ്രമാണങ്ങളോടുള്ള അത്യധികമായ അഭിമാനത്തോടെ, അതില്‍ വിട്ടുവീഴ്ചയില്ലാതെ ഉറച്ചുനിന്നുകൊണ്ട്, ഇതരവിശ്വാസപ്രമാണങ്ങളിലുള്ള മനുഷ്യരോട് പരസ്പര ആദരവോടെ ജീവിക്കേണ്ടതെങ്ങനെയെന്ന് ലോകത്തിനു തന്നെയും കാണിച്ചുകൊടുക്കുന്നവരായിട്ടാണ് കേരളത്തിലെ ഇസ് ലാമികപ്രസ്ഥാനങ്ങളുടെ തലപ്പത്തുള്ളവരെ കാണുന്നത്. അത് നമ്മുടെ ചെറുചെറു പ്രാദേശിക മേഖലകളില്‍ ദൃശ്യമാണ്. മനുഷ്യര്‍ കൂട്ടായിരിക്കുന്ന എല്ലായിടത്തും ഇത് ദൃശ്യമാണ്. ഐ.എസ്.ഐ.എസ് ലോകത്താകെ ചര്ച്ചയായിട്ടുവന്ന കാലത്ത് ആ കൂട്ടം ഇസ് ലാമല്ലെന്ന് കേരളത്തിലെ പൊതുസമൂഹത്തോട് ഒട്ടും സംശയമില്ലാതെ ഉടനടി പറഞ്ഞത് കേരളത്തിലെ രാഷ്ട്രീയചിന്തകരാരുമല്ല, ഈ ഇസ് ലാമിക പണ്ഡിതരായിരുന്നു. ലോകമാകെ അമ്പരന്നുനിന്ന കാലത്ത് കേരളത്തിലെ ഇസ് ലാമികസംഘടനകളുടെ തലപ്പത്തുള്ളവര്‍ക്ക് ഈ കാര്യത്തില്‍ സംശയമേയില്ലായിരുന്നു. ഇത്തരത്തില്‍ നിരവധി സംഭവങ്ങൾ ഉദാഹരിക്കാനാവും.
തലമുറകള്‍ കൈമാറിവന്ന കേരളത്തിന്റെ ആന്തരികസവിശേഷതയാണ് മറ്റ് പലയിടത്തും വിജയിക്കുമ്പോഴും ഇസ് ലാമോഫോബിയ പ്രചാരകരെ പരാജയപ്പെടുത്തുന്നത്. ആ സവിശേഷതയുണ്ടാക്കിയത് ഇസ് ലാമിക സംഘടനകളും അതിന്റെ തലപ്പത്ത് കാലങ്ങളായിട്ട് വന്നിട്ടുള്ള പണ്ഡിതരുമാണ്, ഒപ്പം അതിസാധാരണക്കാരായ ഇസ് ലാംമത വിശ്വാസികളും. എന്തുതരം മോശം കാലത്തിലൂടെ കടന്നുപോകുമ്പോഴും അവയെ അതിജീവിക്കാനുള്ള കരുത്ത് നമ്മുടെ സമൂഹത്തിന് ഇങ്ങനെ നല്കുന്നതില് കേരളത്തില്‍ ജനിച്ച് കേരളത്തില്‍ മാത്രം ജീവിച്ചിട്ടുള്ള ഒരു മലയാളി എന്ന നിലയ്ക്ക് ഞാന്‍ ഇസ് ലാം വിശ്വാസികളുടെ പണ്ഡിതനേതൃത്വത്തിന് നന്ദി പറയുകയും ചെയ്യുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."