പാലത്തായി പോക്‌സോ കേസ്: ശിക്ഷിക്കപ്പെട്ട അധ്യാപകന്‍ കെ പത്മരാജനെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു
തിരുവനന്തപുരം: പാലത്തായി പോക്സോ കേസില്‍ ശിക്ഷിക്കപ്പെട്ട അധ്യാപകന്‍ പത്മരാജനെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു. വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടിയാണ് ഇക്കാര്യം അറിയിച്ചത്. പ്രതിക്ക് കോടതി മരണം വരെ ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചിരുന്നു. അധ്യാപകനെ പിരിച്ചുവിട്ടുകൊണ്ട് സ്‌കൂള്‍ മാനേജര്‍ ഉത്തരവ് പുറപ്പെടുവിച്ചെന്ന് മന്ത്രി ശിവന്‍കുട്ടി ഫേസ്ബുക്ക് പോസറ്റില്‍ വ്യക്തമാക്കി. അധ്യാപകനെ സര്‍വീസില്‍ നിന്ന് നീക്കാന്‍ സ്‌കൂള്‍ മാനേജര്‍ക്ക് പൊതുവിദ്യാഭ്യാസ വകുപ്പ് അടിയന്തര നിര്‍ദേശം നല്‍കിയിരുന്നു.
തലശ്ശേരി അതിവേഗ കോടതിയാണ് പത്മരാജനെതിരെ ശിക്ഷ വിധിച്ചത്. നാലാം ക്ലാസുകാരിയായ 10 വയസ്സുകാരിയെ സ്‌കൂളിലെ ശുചിമുറിയില്‍ വെച്ച് മൂന്ന് ദിവസങ്ങളിലായി ലൈംഗികമായി പീഡിപ്പിച്ച കേസിലാണ് വിധി. വിദ്യാര്‍ത്ഥിനിക്ക് സംരക്ഷകനാകേണ്ട അധ്യാപകന്‍ നടത്തിയ ക്രൂരകൃത്യത്തിന് കഠിനമായ ശിക്ഷയാണ് കോടതി വിധിച്ചത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചതിന് ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ വകുപ്പുകള്‍ പ്രകാരം മരണം വരെ ജീവപര്യന്തം തടവ് ശിക്ഷിച്ചു. 12 വയസ്സില്‍ താഴെയുള്ള കുട്ടിയെ സ്‌കൂളില്‍ വെച്ച് പീഡിപ്പിച്ചതിന് പോക്‌സോ നിയമത്തിലെ രണ്ട് വകുപ്പുകള്‍ ചേര്‍ത്താണ് 40 വര്‍ഷം തടവ് ശിക്ഷ വിധിച്ചത്. കൂടാതെ, രണ്ട് ലക്ഷം രൂപ പിഴയും ഒടുക്കണം.
ലോക്കല്‍ പൊലിസ്, ക്രൈംബ്രാഞ്ച്, പ്രത്യേക അന്വേഷണ സംഘം എന്നിവയുടെ അഞ്ച് വര്‍ഷം നീണ്ട അന്വേഷണത്തിനൊടുവിലാണ് വിധി. ഡിവൈഎസ്പി ടി.കെ. രത്‌നകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം സമര്‍പ്പിച്ച ശാസ്ത്രീയ തെളിവുകള്‍ കേസിന് നിര്‍ണായകമായി. വിധി പ്രോസിക്യൂഷന് ആശ്വാസമായി. വിധി രാഷ്ട്രീയ പ്രേരിതമാണെന്നും മേല്‍ക്കോടതിയില്‍ അപ്പീല്‍ പോകുമെന്നും പ്രതിഭാഗം വ്യക്തമാക്കിയിട്ടുണ്ട്.
English summary: Teacher K. Padmarajan, convicted in the Palathayi POCSO case and sentenced to life imprisonment, has been dismissed from service. Education Minister V. Sivankutty confirmed that the school manager issued the termination order as directed by the department.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."