സൗഹൃദത്തിന്റെ സ്നേഹപ്പെരുന്നാളുകൾ
സൗഹൃദത്തിന്റെ പറുദീസയായി എക്കാലത്തും ഉയര്‍ത്തിക്കാട്ടിയ ഇടമാണ് മലബാര്‍, വിശിഷ്യാ മലപ്പുറം. വര്‍ഗീയതയും സംഘര്‍ഷാന്തരീക്ഷവും പൊട്ടിപ്പുറപ്പെടാന്‍ ചിലര്‍ നിലമൊരുക്കുമ്പോഴും പിടികൊടുക്കാതെ മലപ്പുറത്തെ വേറിട്ടുനിര്‍ത്തിയത് അതിര്‍വരമ്പില്ലാത്ത ഒന്നിക്കലിന്റെ ഒരുമയായിരുന്നു. ലോകത്തിനു മാതൃകയായ ഈ ഐക്യസന്ദേശത്തിനു നൂറ്റാണ്ടിന്റെ പാരമ്പര്യമുണ്ട്. മലപ്പുറത്തിന്റെ വിവിധയിടങ്ങളിലായി ഹിന്ദു, മുസ്്ലിം, ക്രൈസ്തവര്‍ പരസ്പരം ഒന്നിച്ചുനിന്ന് ജീവിക്കുന്ന കാഴ്ച ഏതൊരു പ്രദേശത്തിനും ഇക്കാലത്ത് ഒരുപക്ഷേ, കൗതുകം തന്നെയാകും. മുസ്്ലിം പള്ളികളും മദ്റസകളും നിര്‍മിക്കാന്‍ സ്ഥലം സൗജന്യമായി നല്കുന്ന ഹൈന്ദവര്‍, ക്ഷേത്രപരിപാടിക്കു സൗകര്യമൊരുക്കുന്ന പള്ളിക്കമ്മിറ്റി, പള്ളിപ്പെരുന്നാളിനോട് സഹകരിക്കുന്ന ഇതരമതസ്ഥര്‍... സൗഹാര്‍ദത്തിന്റെ ലളിതജീവിതമാണ് മലപ്പുറത്തിന്റെ മണ്ണ് തുറന്നുകാട്ടുന്നത്.
മലപ്പുറം ചെമ്മാടിനടുത്തുള്ള തലപ്പാറയില്‍ ഇടവമാസത്തില്‍ ഉത്സവപ്രതീതി നിറയാറുണ്ട്. പ്രശസ്തമായ കളിയാട്ടക്കാവ് ക്ഷേത്രത്തിലെ ഒരു വാര്ഷികാചാര ആഘോഷമാണ് വേദി. മതപരമായ വിശ്വാസങ്ങള്‍ക്കു പോറലേല്‍ക്കാതെ ഐക്യത്തിന്റെ കാഹളമോതി പ്രാദേശിക സമൂഹം ഒത്തുചേരുന്ന ഉത്സവം. ക്ഷേത്രത്തിലെ പ്രധാന ദേവതയായ കളിയാട്ടക്കാവിലമ്മയ്ക്ക് സമര്‍പ്പിച്ചിരിക്കുന്ന കോഴിക്കളിയാട്ടം എന്ന ആഘോഷം എല്ലാവിഭാഗം ജനങ്ങളെയും ആകര്‍ഷിക്കുന്നതും കേരളം എക്കാലവും അറിയപ്പെടുന്ന സാമുദായിക ഐക്യത്തിന്റെ പര്യായവുമാണ്. തളര്‍ന്നെന്ന് തോന്നിയാല്‍, ഇനിയൊരു പിടിവള്ളി ഇല്ലെന്ന് മനസു പറഞ്ഞാല്‍ എന്റെ മമ്പുറത്തെ തങ്ങളേ... എന്നൊരു വിളിയുണ്ട്. ആ വിളിയില്‍ മതവും ജാതിയുമില്ല. മമ്പുറം തങ്ങള്‍ പകര്‍ന്നരുളിയ സൗഹാര്‍ദത്തിന്റെ കഥ തന്നെയാണ് കളിയാട്ടുത്സവം. മമ്പുറം സയ്യിദ് മൗലദ്ദവീല തങ്ങളുടെ മഖ്ബറയില്‍നിന്ന് അനുഗ്രഹം തേടിയാണ് ഹൈന്ദവഭക്തര്‍ ആചാരപരമായ ചടങ്ങുകള്‍ക്ക് തുടക്കം കുറിക്കുന്ന ഘോഷയാത്ര നടത്തുന്നത്. ഈ പാരമ്പര്യം ക്ഷേത്രം ഇപ്പോഴും പിന്തുടരുന്നു. ഈ ആചാരത്തിന്റെ ഉത്ഭവത്തെക്കുറിച്ച് വ്യത്യസ്ത പ്രാദേശിക പതിപ്പുകള്‍ ഉണ്ടെങ്കിലും, കെ.കെ മുഹമ്മദ് അബ്ദുൽ കരീം എഴുതിയ 'മലബരിലെ രത്നങ്ങള്‍' എന്ന പുസ്തകത്തില്‍ ഇതിനെക്കുറിച്ചുള്ള പരാമര്‍ശങ്ങള്‍ കാണാം. സഹവര്‍ത്തിത്വത്തിന്റെ വക്താവും അടിച്ചമര്‍ത്തപ്പെട്ടവരുടെ സംരക്ഷകനുമായ മമ്പുറം തങ്ങളാണ് വാര്‍ഷികോത്സവത്തിന്റെ പന്ത്രണ്ടാം ദിവസം കോഴിക്കളിയാട്ടം നടത്താന്‍ ദലിത് സമൂഹത്തിന് അനുവാദം നല്‍കുന്നതിനായി ക്ഷേത്ര പങ്കാളികള്‍ക്കിടയില്‍ ഒരു സമവായം രൂപപ്പെടുത്തുന്നതിന് മുന്‍കൈയെടുത്തതെന്ന് പുസ്തകത്തില്‍ പറയുന്നു. 'മലബാറിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ആയിരക്കണക്കിന് ദലിത് സമുദായാംഗങ്ങള്‍ ഈന്തപ്പനയോലകള്കൊണ്ട് നിര്‍മിച്ച് അലങ്കരിച്ച കുതിരകളുടെ രൂപങ്ങള്‍ വഹിച്ചുകൊണ്ട് ക്ഷേത്രത്തിലേക്ക് ഒഴുകിയെത്തുന്നു. അവര്‍ ഘോഷയാത്രകളായി, ഡ്രം താളങ്ങള്‍ക്കനുസരിച്ച് നൃത്തം ചെയ്തുകൊണ്ട് വരുന്നു. ഘോഷയാത്രയ്ക്കിടെയുള്ള നാടോടി ഡ്രം നൃത്തപ്രകടനം ആഡംബരത്തിന്റെയും ഗാംഭീര്യത്തിന്റെയും വിചിത്രമായ പ്രകടനമാണ്,' എന്ന് 'മലബാറിലെ രത്നങ്ങള്‍' വായിക്കുന്നു. ഡോ. ഹുസൈന് രണ്ടത്താണി എഴുതിയ 'മാപ്പിള മലബാര്‍' എന്ന കൃതിയിലും കോഴിക്കളിയാട്ടത്തെക്കുറിച്ച് പരാമര്‍ശങ്ങളുണ്ട്. 'മമ്പുറം തങ്ങളോടുള്ള ആദരസൂചകമായി, മലബാറിലെ താഴ്ന്ന ജാതിസമൂഹങ്ങള്‍ കുതിരകളുടെ പ്രതിരൂപവുമായി ഉത്സവത്തിനെത്തുകയും മമ്പുറം തങ്ങളെ ആദരിക്കുന്നതിനായി പ്രത്യേക ചടങ്ങുകള്‍ നടത്തുകയും ചെയ്യുന്നു'- പുസ്തകത്തില്‍ പറയുന്നു. അയല്‍ ജില്ലകളില്‍ നിന്നുള്ള കച്ചവടക്കാര്‍ കൂട്ടത്തോടെ എത്തി വീട്ടുപകരണങ്ങളും കരകൗശല വസ്തുക്കളും ഉള്‍പ്പെടെ വിവിധ ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്ന താല്‍ക്കാലിക കടകള്‍ സ്ഥാപിക്കുന്നതിനാല്‍ ഉത്സവത്തിന് ചന്തപോലുള്ള അന്തരീക്ഷമാണ്. വിവിധ സമുദായങ്ങള്‍ക്കിടയില്‍ നിലനില്‍ക്കുന്ന മതസൗഹാര്‍ദത്തിന്റെ പ്രകടനമാണ് ഈ ആചാരം. ഉത്സവത്തില്‍ പങ്കെടുക്കുന്ന എല്ലാ മതസ്ഥരും അടുത്തുള്ള പള്ളികളിലും പ്രാര്‍ഥന നടത്തുന്നത് പതിവാണ്. 'കപ്പോലിക്കല്' അല്ലെങ്കില്‍ 'കവ്വ് പൊലിക്കല്‍' എന്ന പരമ്പരാഗത ആചാരത്തോടെയാണ് ഉത്സവം ആരംഭിക്കുന്നത്. തുടര്‍ന്ന് ഭക്തര്‍ ദേവിയുടെ കോലം വഹിച്ചുകൊണ്ട് പ്രദേശത്തെ വീടുകള്‍ സന്ദര്‍ശിച്ച് ദേവിയെ സ്തുതിക്കും. പ്രദക്ഷിണത്തിനുശേഷം, ആചാരത്തിന്റെ ഭാഗമായി ക്ഷേത്രപരിസരത്തുവച്ച് കോലങ്ങള്‍ നശിപ്പിക്കും. കാലക്രമേണ പ്രതിമകളുടെ വലുപ്പത്തിലും ആകൃതിയിലും വലിയ മാറ്റങ്ങള്‍ സംഭവിച്ചു. ചെറുതും എളിമയുള്ളതുമായ മിനിയേച്ചര്‍ മോഡലുകള്‍ വലിയതും ഗംഭീരവുമായവയ്ക്ക് വഴിയൊരുക്കി. പകല്‍സമയത്തു നടക്കുന്ന പകല്‍ കളിയാട്ടത്തില്‍ ഹിന്ദു കുടുംബങ്ങള്‍ മാത്രമല്ല, മതപരമായ അതിര്‍വരമ്പുകള്‍ക്കപ്പുറമുള്ള ആളുകളും പങ്കെടുക്കുന്നുണ്ടെന്ന് പ്രദേശവാസികള്‍ പറയുന്നു.
മമ്പുറം തങ്ങള്‍ക്കും കളിയാട്ടം കാവിലമ്മയ്ക്കും ഇടയില്‍ പരസ്പര സഹകരണത്തിന്റെയും ബഹുമാനത്തിന്റെയും നീണ്ട ചരിത്രമായാണ് ഈ ഉത്സവത്തെ പറയപ്പെടുന്നത്. മുസ്്ലിംകളല്ലാത്തവര് മമ്പുറം മഖാം സന്ദര്‍ശിക്കുകയും അഹിന്ദുക്കളും കളിയാട്ടം ഉത്സവത്തില്‍ പങ്കെടുക്കുകയും ചെയ്യുന്നു. സഹവര്‍ത്തിത്വത്തിന്റെ വക്താവായും അടിച്ചമര്‍ത്തപ്പെട്ടവരുടെ സംരക്ഷകനായും അറിയപ്പെട്ടിരുന്ന തങ്ങളെ ഹൈന്ദവ വിശ്വാസികള്‍ ചേര്‍ത്തുപിടിച്ചതിന്റെ കഥ കൂടിയാണ് കളിയാട്ടുത്സവം.
തവനൂര്‍ പള്ളിയിലെ ചാന്തോമന് ആശാരിയുടെ മിമ്പര്‍
പള്ളിയില്‍ എത്തുന്നവര്‍ക്കു സമ്മാനമായി മിമ്പര്‍ നല്കിയ ആശാരി കുടുംബമുണ്ട് മലപ്പുറത്ത്. സൗഹാര്‍ദത്തിന്റെ മഹോന്നത കഥയുടെ ജീവിക്കുന്ന തെളിവാണ് നൂറ്റാണ്ടുകളുടെ പാരമ്പര്യമുള്ള കിഴിശേരി തവനൂര്‍ വലിയ ജുമുഅത്ത് പള്ളിയിലെ മിമ്പര്‍. പ്രദേശത്തെവിടെയും പള്ളിയില്ലാത്ത കാലം. ജുമുഅ നിസ്കരിക്കണമെങ്കില്‍ നേരം പുലരുമ്പോഴേക്കും ചൂട്ടുകത്തിച്ച് അനേകം കിലോമീറ്ററുകള്‍ താണ്ടി തിരൂരങ്ങാടി പള്ളിയെ ലക്ഷ്യമാക്കി കാല്‍നടയായി സഞ്ചരിക്കണം. സമയത്തിന് എത്തുകയാണെങ്കില്‍ ജുമുഅ നിസ്കാരത്തില്‍ പങ്കെടുക്കാം അല്ലെങ്കില്‍ ളുഹര്‍ നിസ്കരിച്ച് നാടിനെ ലക്ഷ്യമാക്കിയുള്ള തിരിഞ്ഞുനടത്തവും. മുസ്്ലിം ജനസംഖ്യ കുറവുള്ള പ്രദേശമായിരുന്നു തവനൂര്‍. ഇന്നത്തെ മുതുപറമ്പ്, മുണ്ടക്കല്‍, പീടികകണ്ടി, ചുള്ളിക്കോട്, മുണ്ടംപറമ്പ്, കുഴിമണ്ണ, കുഴിഞ്ഞൊളം, ഒന്നാംമൈല്‍ എന്നീ നാടുകളെല്ലാം ഉള്‍പ്പെട്ടതായിരുന്നു തവനൂര്‍ പ്രദേശം. കൊണ്ടോട്ടിയിലും തവനൂരിലും പള്ളികളൊന്നുമില്ല. എന്നാല്‍, ഓലകള്‍ മറച്ചുണ്ടാക്കിയ ചെറിയ സ്രാമ്പ്യകളുണ്ടായിരുന്നു. പതിവുപോലെ ഒരു വെള്ളിയാഴ്ചയില്‍ ജുമുഅ നിസ്കരിക്കാനായി തവനൂര്‍ പ്രദേശത്തുകാരെല്ലാം പുലര്‍ച്ചെ തന്നെ തിരൂരങ്ങാടിയിലെ പഴയപള്ളിയെ ലക്ഷ്യമാക്കി തിരിച്ചെങ്കിലും പള്ളിയിലെത്തിയപ്പോയേക്കും നിസ്കാരം കഴിഞ്ഞ് ആളുകള്‍ പുറത്തിറങ്ങാന്‍ തുടങ്ങിയിരുന്നു. നിങ്ങള്‍ക്കു തവനൂരില്‍ പള്ളിയുണ്ടാക്കിയാലെന്താ.. എന്നും ഇങ്ങോട്ടു കയറിവരണോ.. എന്നിങ്ങനെ പരിഹാസവാക്കുകള്‍ കേള്‍ക്കേണ്ടി വന്നതോടെ തവനൂര്‍ പ്രദേശത്തുകാര്‍ നാട്ടിലൊരു പള്ളി സ്ഥാപിക്കണമെന്ന തീരുമാനത്തിലെത്തി. അങ്ങനെയാണ് കൊണ്ടോട്ടി പഴയപള്ളി സ്ഥാപിതമായത്. അതിനു ശേഷം എ.ഡി 1740 - 1760 കാലഘട്ടത്തില്‍ അന്നത്തെ ജന്മിയായിരുന്ന തലയൂര് മൂസദിന്റെ സമ്മതത്തോടെ തവനൂരിലും പള്ളി നിര്‍മിച്ചു. ഈ പള്ളി പിന്നീട് തവനൂര്‍ വലിയ ജുമുഅത്ത് പള്ളിയായും തറവാട് പള്ളിയായും അറിയപ്പെട്ടു.
നാലുകാലില്‍ കെട്ടിയ ഓലമേഞ്ഞ ചെറിയ കുടില്‍ പോലെയായിരുന്നു പള്ളി. അന്ന് ചില ഭാഗങ്ങളില്‍ നിന്ന് ഇളക്കിവിട്ട വര്‍ഗീയതയെ തുടര്‍ന്ന് തവനൂര്‍ പള്ളി തകര്‍ക്കപ്പെട്ടു. പിന്നീടുവന്ന തലമുറയാണ് വീണ്ടും പള്ളി സ്ഥാപിച്ചത്. നാലുകാലിനു പകരമായി ചുമരുവച്ചായിരുന്നു പള്ളി. പിന്നീട് ഒരു നൂറ്റാണ്ടിനു ശേഷം 1850 കാലഘട്ടങ്ങളില്‍ തവനൂരിലെ പൗരപ്രമുഖരും പ്രമാണിമാരും ചേര്‍ന്ന് അക്കാലത്തെ പരിഷ്കരിച്ച മാതൃകയില്‍ പള്ളി പുതുക്കിപ്പണിയുകയായിരുന്നു. 1850ല്‍ പള്ളി പുതുക്കിപ്പണിതതോടെ മനോഹരമായ മിമ്പര്‍ നിര്മിച്ചുനല്കാന് ദേവര്‍തൊടി മരക്കാര്‍കുട്ടി ഹാജി തയാറായി. ചാന്തോമന് ആശാരിക്കായിരുന്നു നിര്‍മാണച്ചുമതല. മിമ്പര്‍ സമ്മാനമായി നല്‍കാമെന്നു ചാന്തോമന് ആശാരി അറിയിച്ചു. മകന് കുണ്ടയും അച്ഛനൊപ്പം നിര്മാണപ്രവര്ത്തനത്തിലേര്പ്പെട്ടു. ഏറെ പഴക്കമുള്ള ഈ മിമ്പര്‍ പഠനവിധേയമാക്കാന്‍ ചരിത്ര പഠിതാക്കള്‍ ഇപ്പോഴും പള്ളിയിലെത്തുന്നുണ്ട്. പെയിന്റിങ് ഇല്ലാതിരുന്ന അക്കാലത്ത് നിറംനല്‍കാന്‍ ഉപയോഗിച്ചിരുന്നത് മരങ്ങളുടെ ഇലകളും മറ്റു ചാറുകളുമാണ്. ഇളനീര് ചകിരി പുഴുങ്ങി കറുപ്പുനിറവും ചാപ്പങ്ങ മരത്തിന്റെ കാതല്‍ പുഴുങ്ങി ചുവപ്പുനിറവും മഞ്ഞള്‍ പുഴുങ്ങി ഉണ്ടാക്കിയ മഞ്ഞനിറവും ഉപയോഗിച്ചാണ് മിമ്പറിന് മാറ്റുകൂട്ടിയത്. പള്ളി പല ഘട്ടങ്ങളിലായി പുനര്‍നിര്‍മിക്കപ്പെട്ടെങ്കിലും മിമ്പര്‍ ഒരു മാറ്റവുമില്ലാതെ ഇന്നും തിളങ്ങിനില്‍ക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."