HOME
DETAILS

ഫ്രഷ് കട്ട്: ദുരിതത്തിന് അറുതിയില്ലാതെ നാട്; ജീവിക്കാനായി സമര പന്തലില്‍

  
എം.അപര്‍ണ
November 23, 2025 | 6:02 AM

kozhikode-fresh-cut-protest-families-live-in-fear-after-arrests

കോഴിക്കോട്:  'വാപ്പ എപ്പഴാ ഉമ്മ വരാ'... എന്ന കുഞ്ഞുമക്കളുടെ ചോദ്യത്തിന് മുന്നില്‍ ഉത്തരമില്ലാതെ നില്‍ക്കുകയാണ് ആ പാവം ഉമ്മ. എന്നും വൈകിട്ട് പലഹാരവും മിഠായിപൊതിയുമായി എത്തുന്ന പൊന്നുപ്പയെ ഈ കുഞ്ഞുമക്കള്‍ കണ്ടിട്ട് ഒരുമാസം കഴിഞ്ഞു. ഉപ്പയെ കെട്ടിപുണരാനും ആ ശബ്ദം ഒന്ന് കേള്‍ക്കാനും കാത്തിരിക്കുകയാണ് മക്കള്‍. ഫ്രഷ്‌ക്കട്ട് മാലിന്യ സംസ്‌കരണ പ്ലാന്റിന് തീയിട്ടതിന്റെ പേരില്‍ പൊലിസ് അറസ്റ്റ് ചെയ്ത പൂവോട്ടില്‍ സി.കെ സുഹൈബിന്റെ മക്കളാണ് ഉപ്പയുടെ വരവും കാത്ത് ഇടവഴിയിലേക്ക് നോക്കിയിരിക്കുന്നത്. വാതിലിനു മറവില്‍ നിന്നാണ് ആ കുഞ്ഞിക്കണ്ണുകള്‍ ഉപ്പയെ കാത്തിരിക്കുന്നത്. വാതില്‍ തള്ളി തുറന്ന് അകത്തു കടക്കുന്ന പൊലിസിനെ അവര്‍ക്ക് പേടിയാണ്. തങ്ങളേയും പിടിച്ചുകൊണ്ടുപോയി തല്ലുമെന്ന പേടി. ഉമ്മറത്ത് ആരുവന്നാലും ഉമ്മ സുഹറാബിക്കും വല്യമ്മ ഫാത്തിമയ്ക്കും പിന്നില്‍ ഒളിക്കുകയാണ് ഈ നാലുപൈതങ്ങളും. അത്രത്തോളം ഭീതിയാണ് പൊലിസ് ജനങ്ങളില്‍ വരുത്തിവെച്ചിരിക്കുന്നത്. രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെ വീടുകള്‍ കയറി ഇറങ്ങി പുരുഷന്മാരെ പിടിച്ചുകൊണ്ടുപോകുന്നത് പതിവായതോടെ കണ്ണടയ്ക്കാന്‍ പോലും പേടിക്കുകയാണ് ഇവിടുത്തെ സ്ത്രീകളും കുഞ്ഞുങ്ങളും. ശുദ്ധമായ ജലത്തിനും ശുദ്ധമായ വായുവിനുമായി പോരടിക്കുന്ന ഒരു പറ്റം നിസ്സഹായരായ മനുഷ്യരുടെ അവസ്ഥയാണിത്.

ദുരിതം പേറുന്നത് മൂന്ന് പഞ്ചായത്തിലെ ജനങ്ങള്‍

കട്ടിപ്പാറ പഞ്ചായത്തിലെ അമ്പായത്തോടില്‍ അഞ്ച് വര്‍ഷം മുന്‍പ് തുറന്ന ഫ്രെഷ്‌കട്ട് എന്ന അറവുമാലിന്യ സംസ്‌കരണ ഫാക്ടറിയാണ് ഈ പ്രദേശത്തെ ജനങ്ങളുടെ ജീവിതം സമരത്തിലേക്കും ദുരിതത്തിലേക്കും ഭീതിയിലേക്കും മാറ്റിയത്. കട്ടിപ്പാറ പഞ്ചായത്തിലാണ് ഫാക്ടറി പ്രവര്‍ത്തിക്കുന്നതെങ്കിലും അതിര്‍ത്തി പ്രദേശത്തെ പ്ലാന്റേഷന്‍ ഭൂമിയായതിനാല്‍ ഈ പഞ്ചായത്തുകാര്‍ക്ക് മാലിന്യപ്രശ്നവും ദുര്‍ഗന്ധവും കാര്യമായി ഇല്ല. ഇരുതുള്ളി പുഴയുടെ അരികിലായാണ് ഫാക്ടറി സ്ഥിതിചെയ്യുന്നത്. ഇതിനോട് ചേര്‍ന്നാണ് താമരശ്ശേരി, കോടഞ്ചേരി, ഓമശ്ശേരി പഞ്ചായത്തുകള്‍ ഉള്ളത്. അതിനാല്‍ തന്നെ ദുരിതം ഈ പ്രദേശത്തെ പാവങ്ങള്‍ക്കാണ്.  

ഫ്രെഷ്‌കട്ടിന് തൊട്ടടുത്തുള്ള കോടഞ്ചേരി പഞ്ചായത്തിലെ കരിമ്പാലക്കുന്ന്, വെള്ളമുണ്ട, താമരശേരി പഞ്ചായത്തിലെ അമ്പലമുക്ക്, കുടുക്കിലുമ്മാരം, കരിങ്ങമണ്ണ, ഓമശേരി പഞ്ചായത്തിലെ കൂടത്തായി, പൂവോട് എന്നീ പ്രദേശങ്ങളിലാണ് കൂടുതല്‍ ദുരിതം. ദുര്‍ഗന്ധം കൊണ്ട് ഒരിറ്റ് വെള്ളം കുടിക്കാനോ ഒരുരുള ഭക്ഷണമിറക്കാനോ ഈ പാവങ്ങള്‍ക്ക് കഴിയുന്നില്ല. വായു മലിനമായതോടെ ജനിച്ച് വീഴുന്ന പിഞ്ചുപൈതങ്ങള്‍ വരെ നിത്യരോഗികളാകുന്നു. അലര്‍ജിയും ചര്‍മ്മ രോഗങ്ങളും കൊണ്ട് തീര ദുരിതം പേറുകയാണ് ഒരു പറ്റം പാവം മനുഷ്യര്‍.

WhatsApp Image 2025-11-23 at 11.18.49 AM.jpeg

ശുദ്ധജലത്തിനും വായുവിനുമായുള്ള പോരാട്ടം:

2019ല്‍ ഫ്രഷ്‌കട്ട് പ്ലാന്റ് ആരംഭിച്ചത് മുതല്‍ ജനങ്ങള്‍ ദുരിതത്തിലായിരുന്നു. ഫ്രഷ്‌കട്ട് എന്നത് എന്താണെന്നുപോലും ഈ പാവങ്ങള്‍ക്ക് അറിയില്ലായിരുന്നു. അന്നന്ന് ജോലിക്ക് പോയി നിത്യവൃത്തി കഴിച്ചിരുന്ന ജനങ്ങള്‍ക്ക് ഒരുനാള്‍ പരിചയമില്ലാത്ത മണം ലഭിച്ചു തുടങ്ങി. വൈകാതെ തെളിനീര്‍ ഉറവയായ ഇരുതുള്ളി പുഴയില്‍ പതനിറയാന്‍ തുടങ്ങി. വെള്ളത്തിന് ദുര്‍ഗന്ധവും പ്രദേശത്ത് പകര്‍ച്ചവ്യാധികളും ചര്‍മ്മരോഗങ്ങളും വന്നതോടെയാണ് യഥാര്‍ഥ വില്ലനെ ജനം തിരിച്ചറിഞ്ഞത്.

പിന്നീട് ശുദ്ധജലത്തിനും വായുവിനുമായുള്ള പോരാട്ടമായിരുന്നു. ചര്‍ച്ചകളിലൂടെയും ജനപ്രതിനിധികള്‍ വഴിയും ഉദ്യോഗസ്ഥ തലത്തിലും നിവേദനങ്ങള്‍ നല്‍കിയും സമാധാനപരമായ സമരങ്ങളിലൂടെയും നിയമപരമായ വഴികള്‍ തേടിയും അഞ്ച് വര്‍ഷമായി ജനകീയ സമര സമിതി സമരത്തിലായിരുന്നു. എന്നാല്‍ ഒക്ടോബര്‍ 21-ന് സമരം  അക്രമത്തിലേക്ക് വഴിമാറി. സമരക്കാര്‍ക്കെതിരെ പൊലിസ് ടിയര്‍ഗ്യാസ് പ്രയോഗിച്ചു. ഇതിനുപിന്നാലെ സ്ത്രീകളും കുട്ടികളുമടക്കം പുരുഷന്മാരുമടക്കം ചിതറിയോടി. സമരക്കാര്‍ക്കു നേരെ പൊലിസ് ലാത്തിച്ചാര്‍ജും ഉണ്ടായി. പ്രകോപിതരായ സമരക്കാര്‍ പൊലീസിനു നേരെയും കല്ലെറിഞ്ഞു. ഇതിനിടെ ഫ്രെഷ്‌കട്ട് ഫാക്ടറിയുടെ വാഹനങ്ങളും മറ്റും തീയിട്ടു. കഴിഞ്ഞ അഞ്ചു വര്‍ഷത്തെ സമരത്തിനിടയില്‍ ആദ്യമായിട്ടായിരുന്നു ഇത്തരം ഒരു സംഘര്‍ഷാവസ്ഥ ഉടലെടുക്കുന്നത്. സംഭവത്തില്‍ നൂറുകണക്കിന് ആളുകള്‍ക്കെതിരെ പൊലിസ് കേസെടുക്കുകയും ആളുകളെ അറസ്റ്റുചെയ്തു. നിരവധി പേര്‍ ഒളിവില്‍ പോയി. ഇപ്പോഴും പ്രദേശത്തെ വീടുകളിലൊന്നും പുരുഷന്മാര്‍ ഇല്ലെന്നതാണ് യാഥാര്‍ഥ്യം. അന്നുമുതല്‍ രാവും പകലും വീടുകളില്‍ പൊലിസ് റെയ്ഡാണ്. അടച്ചിട്ട വീടുകളിലെ വാതിലുകള്‍ ചവിട്ടിതുറന്ന് പൊലിസ് റെയ്ഡ് തുടരുകയാണ്. ഇതോടെ ഭയത്തിലും കടുത്ത മാനസിക സംഘര്‍ഷത്തിലുമായി ഇവിടുത്തെ ജനങ്ങള്‍. കുട്ടികള്‍ സ്‌കൂളില്‍ പോകാതായി. വീടുകളിലേക്ക് തിരിച്ചെത്താനാവാതെ ജനപ്രതിനിധികളടക്കം മാറിനില്‍ക്കുകയാണിപ്പോഴും. പലവീടുക്കാരും ബന്ധുവീട്ടിലേക്ക് മാറി. മഫ്തിയില്‍ പൊലിസുക്കാര്‍ എത്തുന്നതിനാല്‍ കല്യാണം, മരണം പോലുള്ള ചടങ്ങില്‍ പോലും ആര്‍ക്കും പങ്കെടുക്കാന്‍ കഴിയാത്ത സ്ഥിതിയാണെന്ന് പ്രദേശവാസികള്‍ പറയുന്നു. സ്‌കൂളില്‍ പോകുന്ന കുഞ്ഞുങ്ങളെ പോലും തടഞ്ഞു നിര്‍ത്തി പൊലിസ് ആളുകളെ അന്വേഷിക്കുകയാണ്. ഇതോടെ കടുത്ത ഭീതിയിലാണ് കുഞ്ഞുങ്ങള്‍. കേസില്‍ പെട്ട് കുടുംബനാഥന്മാര്‍ ജയിലിലും ഒളിവിലും പോയതോടെ ഓരോ കുടുംബവും പട്ടിണിയിലാണ്. ബന്ധുക്കളുടെ സഹായം കൊണ്ട് മാത്രമാണ് പലരും മുന്നോട്ട് പോകുന്നത്. ലോണ്‍ തിരിച്ചടവുകളുമെല്ലാം മുടങ്ങി വലിയ സാമ്പത്തിക ബാധ്യതയിലാണ് പ്രദേശവാസികള്‍. ഇതിനിടയിലാണ് വീണ്ടും ഫാക്ടറി പ്രവര്‍ത്തിക്കുന്നതും ദുര്‍ഗന്ധവും മലിന ജലവും പുറന്തള്ളുന്നതും. 

ഇപ്പോഴും വലിയ ദുര്‍ഗന്ധം

വൈകിട്ട് ആറ്മുതല്‍ 12 വരെ പ്രവര്‍ത്തിക്കരുതെന്ന ഉത്തരവ് നിലനില്‍ക്കുമ്പോഴും പ്ലാന്റ് പ്രവര്‍ത്തനം തുടരുകയാണ്. ഇപ്പോഴും വലിയ ദുര്‍ഗന്ധം തന്നെയാണ് പ്രദേശത്ത് ഉളളത്. ദുര്‍ഗന്ധം കൂടുമ്പോള്‍ കുഞ്ഞുങ്ങളിലും പ്രായമായവരിലും ശ്വാസം മുട്ടും കഠിനമായ ചുമയും ഉണ്ടാകും. അതിനാല്‍ തന്നെ ആഴ്ച്ചയില്‍ ഡോക്ടറെ കണ്ട് മരുന്ന് വാങ്ങണം. പ്രദേശത്തെ ബഹുഭൂരിപക്ഷം പേരും ഇന്‍ഹീലര്‍ സ്ഥിരമായി ഉപയോഗിക്കുന്നവരാണ്. ഫ്രഷ്‌കട്ട് അടച്ചുപൂട്ടാതെ ഇനി സമരത്തില്‍ നിന്നും പിന്നോട്ടില്ലെന്ന് ജനകീയ സമരസമിതി രക്ഷാധിക്കാരി തമ്പി പറക്കണ്ടത്തില്‍ പറയുന്നു. നിലവില്‍ സമരസമിതിയുടെ നേതൃത്വത്തില്‍ അമ്പലമുക്കില്‍ സമരം തുടരുന്നുണ്ട്. വൈകിട്ട് നാലുമുതല്‍ ആറുവരെയാണ് സമരം നടക്കുന്നത്. പുരുഷന്മാര്‍ ഇല്ലാത്തതിനാല്‍ സ്ത്രീകളാണ് സമരപ്പന്തലില്‍ ഇപ്പോള്‍ ഉള്ളത്.

WhatsApp Image 2025-11-23 at 11.19.00 AM.jpeg

ഫ്രഷ്‌ക്കട്ട് അടച്ചുപൂട്ടിയാല്‍ മാത്രമേ പ്രദേശത്തെ ജനങ്ങളുടെ തീരാദുരിതം മാറുകയുള്ളൂ. കൃത്യമായ അളവിലും ശാസ്ത്രീയമായും മാലിന്യ സംസ്‌കരണം നടത്തിയാല്‍ പ്രശ്നങ്ങളൊന്നുമില്ലാതെ പ്ലാന്റ് നടത്താന്‍ കഴിയും. എന്നാല്‍ അമിത ലാഭം പ്രതീക്ഷിച്ച് ഒരുപറ്റം പാവം ജനങ്ങളെ തീരദുരിതത്തിലേക്ക് തള്ളിവിടുന്നത് അനുവദിക്കാന്‍ പറ്റില്ല.  ജനങ്ങളുടെ സമാധാനപരമായ സമരത്തെ അക്രമത്തിലൂടെ അടിച്ചമര്‍ത്തുകയാണ് പൊലിസ്. പൊലീസ് ഭീകരതയുടെ ഇരകളാവുകയാണ് പ്രദേശത്തെ ജനങ്ങള്‍. ഏതു സമയവും തങ്ങളും പ്രതികളാവുമെന്ന ഭയപ്പാടിലാണ് ഓരോ ദിനവും തള്ളിനീക്കുന്നത്.  പൊലിസ് പിടികൂടിയവര്‍ക്ക് മേല്‍ വീണ്ടും വീണ്ടും കേസുകള്‍ ചുമത്തുകയാണ്. രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക്‌പോലും നിസഹായാവസ്ഥയോടെ നില്‍ക്കാനേ സാധിക്കുന്നുള്ളൂ. പ്രശ്‌നത്തില്‍ ഇനിയും മാനുഷികമായ ഇടപെടല്‍ ഉണ്ടായില്ലെങ്കില്‍ ഒരു ജനത നരകിച്ച് ഇല്ലാതെയാകുന്നത് നാം കാണേണ്ടിവരും. ജനിച്ച ഭൂമിയില്‍ എല്ലാ അവകാശങ്ങളോടെയും ജീവിക്കേണ്ട ഒരു ജനത നിലനില്‍പ്പിനായി സമരമിരിക്കുന്നത് കാണാതെ ഇനിയും പോകരുത്. ഇക്കാര്യത്തില്‍ അടിയന്തരമായ ഇടപെടല്‍ ആവശ്യമാണ്.

ഫ്രഷ്‌കട്ടിന്റെ തുടക്കം

2019ല്‍ ജില്ലാ പഞ്ചായത്തിന്റേയും കോഴിക്കോട് കോര്‍പ്പറേഷന്റേയും സഹകരണത്തോടെയായിരുന്നു സ്ഥാപനം പ്രവര്‍ത്തനം തുടങ്ങിയത്. ജില്ലയിലെല്ലായിടത്തുനിന്നും ശേഖരിക്കുന്ന മാലിന്യം വേവിച്ച് പ്രോസസ് ചെയ്ത് വളര്‍ത്തുമൃഗങ്ങള്‍ക്കുള്ള ഭക്ഷണം ഉണ്ടാക്കാന്‍ ഉപയോഗിക്കുന്ന പ്രോട്ടീന്‍ പൗഡര്‍ ഉണ്ടാക്കി ആനിമല്‍ ഫുഡ് പ്രൊഡക്ട് കമ്പനികള്‍ക്കു വിതരണം ചെയ്യുന്നതാണ് ഫ്രഷ്‌കട്ടിന്റെ ബിസിനസ്. ഫ്രീസറുള്ള വാഹനത്തില്‍ അറവുമാലിന്യം എത്തിക്കണമെന്നും ദുര്‍ഗന്ധം ഒഴിവാക്കാനുള്ള വഴി തേടണമെന്നും പലവട്ടം നടത്തിയ ചര്‍ച്ചകളില്‍ തീരുമാനമായതാണ്. ഇതു പാലിക്കാതെയുള്ള പ്രവര്‍ത്തനമാണ് ജനജീവിതം ദുസ്സഹമാക്കിയത്. മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ റെഡ് കാറ്റഗറി ലിസ്റ്റില്‍ ഉള്‍പ്പെട്ടതാണ് സംസ്‌കരണ യൂനിറ്റ്. വെള്ളം, വായു മലിനീകരണത്തിന് ഉയര്‍ന്ന സാധ്യതയുള്ള കമ്പനികളാണ് റെഡ് ലിസ്റ്റില്‍ ഉള്‍പ്പെടുന്നത്. മലിനീകരണ തോത് അറുപതിനു മുകളിലുള്ളവയാണിത്.

 

English summary: In Kozhikode, the families of those arrested in connection with the arson attack on the Fresh Cut waste treatment plant continue to suffer. The community, already struggling for clean air and clean water, is now forced to live under constant fear and uncertainty.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ലോകോത്തര താരം, മെസിക്കും റൊണാൾഡോക്കുമൊപ്പം അവന്റെ പേരുമുണ്ടാകും: മുൻ ഇംഗ്ലണ്ട് താരം

Football
  •  16 minutes ago
No Image

പാലക്കാട് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസില്‍ സി.പി.എം പ്രവര്‍ത്തകന്‍ ജീവനൊടുക്കിയ നിലയില്‍

Kerala
  •  an hour ago
No Image

ഗിൽ പുറത്ത്, ഏകദിനത്തിൽ ഇന്ത്യക്ക് പുതിയ ക്യാപ്റ്റൻ; വമ്പൻ അപ്‌ഡേറ്റ് എത്തി

Cricket
  •  2 hours ago
No Image

നൈജീരിയയില്‍ തോക്കുധാരികള്‍ സ്‌കൂള്‍ അക്രമിച്ച് 303 വിദ്യാര്‍ഥികള്‍ ഉള്‍പെടെ 315 പേരെ തട്ടിക്കൊണ്ട് പോയി 

International
  •  2 hours ago
No Image

'പ്രതി ഹിന്ദു ആയതു കൊണ്ടാണ് മുസ്‌ലിം ലീഗും എസ്.ഡി.പി.ഐയും ഇടപെട്ടത്' പാലത്തായി കേസില്‍ വര്‍ഗീയ പരാമര്‍ശവുമായി സി.പി.എം ജില്ലാ സെക്രട്ടറിയേറ്റ് അംഗം

Kerala
  •  2 hours ago
No Image

പത്മകുമാറിനെതിരേ നടപടിയില്ല, ന്യായീകരണം മാത്രം: സി.പി.എമ്മില്‍ അതൃപ്തി

Kerala
  •  3 hours ago
No Image

തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ്; കൈപ്പത്തിയുടെ നാട്ടിൽ കോൺഗ്രസ് സംപൂജ്യർ

Kerala
  •  4 hours ago
No Image

എസ്.ഐ.ആർ; 1,29,836 വോട്ടർമാർ പുറത്തേക്ക്; ഇവർ നേരത്തെ പട്ടികയിൽ ഉൾപ്പെട്ടവർ, എണ്ണം ഇനിയും ഉയരും

Kerala
  •  4 hours ago
No Image

ഒടുവിൽ കളംമാറ്റി; മംദാനിക്ക് കീഴില്‍ ന്യൂയോര്‍ക്കില്‍ താമസിക്കാന്‍ സംതൃപ്തനെന്ന് ട്രംപ്; വാനോളം പുകഴ്ത്തല്‍

International
  •  4 hours ago
No Image

പാലക്കാട് സ്വദേശിയായ യുവാവ് ബഹ്‌റൈനില്‍ കുഴഞ്ഞുവീണ് മരിച്ചു

obituary
  •  4 hours ago