ലോകോത്തര താരം, മെസിക്കും റൊണാൾഡോക്കുമൊപ്പം അവന്റെ പേരുമുണ്ടാകും: മുൻ ഇംഗ്ലണ്ട് താരം
റയൽ മാഡ്രിഡിന്റെ ഇതിഹാസ താരം ഗാരെത് ബെയ്‌ലിനെ പ്രശംസിച്ച് മുൻ ടോട്ടൻഹാം ഹോട്സ്പർ താരം മൈക്കൽ ഡോസൺ. ക്രിസ്റ്റ്യാനോ റൊണാൾഡോയെയും ലയണൽ മെസിയെയും പോലെ ബെയ്‌ലും ലോകോത്തര താരമാണെന്നാണ് മുൻ ഇംഗ്ലണ്ട് താരം പറഞ്ഞത്. ബെയ്ലിന് തന്റെ സഹതാരങ്ങളെ മികച്ചതാക്കാൻ സാധിക്കുമെന്നും മൈക്കൽ ഡോസൺ വ്യക്തമാക്കി. ബെറ്റ്എംജിഎമ്മിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു മുൻ സ്പർസ് താരം.
''അദ്ദേഹം ഒരു ലോകോത്തര ഫുട്ബോളർ ആയിരുന്നു. എനിക്ക് അദ്ദേഹം മെസി, റൊണാൾഡോ എന്നീ പേരുകൾക്കൊപ്പം തന്നെ നിലനിൽക്കും. എന്നാൽ അദ്ദേഹത്തിന്റെ കരിയർ രണ്ട് പേരുടെയും പോലെ അധികകാലം നീണ്ടു നിന്നില്ല. മത്സരങ്ങളിൽ ടീമിനെ വിജയിപ്പിക്കാൻ കഴിയുന്ന ഒരു സൂപ്പർ സ്റ്റാറായിരുന്നു ഗാരെത്ത്. അസാധാരണമായ കഴിവുള്ള താരങ്ങൾ പലപ്പോഴും ഫുട്ബോളിൽ വരാറില്ല. അവർ ആ നിലവാരത്തിലാണ് ഉള്ളതെങ്കിൽ അവർ തങ്ങളുടെ സഹതാരങ്ങളെ മികച്ച രീതിയിൽ മുന്നോട്ട് കൊണ്ടുപോവുമെന്ന് ഞാൻ എപ്പോഴും വിശ്വസിച്ചിരുന്നു. അദ്ദേഹം അത് ഒരുപാട് തവണ ചെയ്തു'' മൈക്കൽ ഡോസൺ പറഞ്ഞു.
ഇംഗ്ലീഷ് ക്ലബായ സതാംപ്ടണിന് വേണ്ടി 2005ലാണ് ബെയ്ൽ അരങ്ങേറ്റം കുറിച്ചത്. രണ്ട് വർഷങ്ങൾക്ക് ശേഷം താരം ടോട്ടൻഹാമിലേക്ക് കൂടുമാറി. ടോട്ടൻഹാമിൽ 2007 മുതൽ 2013 വരെ ബെയ്ൽ സ്പർസിൽ പന്തുതട്ടി. പിന്നീടാണ് താരം റയൽ മാഡ്രിഡിലേക്ക് ചേക്കേറിയത്. റയലിൽ ഐതിഹാസികമായ ഒരു കരിയറാണ് താരം പടുത്തുയർത്തിയത്. 2022ൽ താരം എംഎൽഎസ് ക്ലബായ ലോസ് എയ്‌ഞ്ചൽസിലേക്കും ചേക്കേറി. 2023ലാണ് ബെയ്ൽ ഫുട്ബോളിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ചത്. വ്യത്യസ്ത ക്ലബ്ബുകൾക്കായി 554 മത്സരങ്ങളിൽ ബൂട്ട് കെട്ടിയ ബെയ്ൽ 185 ഗോളുകളും 133 അസിസ്റ്റുകളും ആണ് നേടിയിട്ടുള്ളത്.
Former Tottenham Hotspur player Michael Dawson has praised Real Madrid legend Gareth Bale. The former England player said that Bale is a world-class player, just like Cristiano Ronaldo and Lionel Messi.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."