'പ്രതി ഹിന്ദു ആയതു കൊണ്ടാണ് മുസ്‌ലിം ലീഗും എസ്.ഡി.പി.ഐയും ഇടപെട്ടത്' പാലത്തായി കേസില്‍ വര്‍ഗീയ പരാമര്‍ശവുമായി സി.പി.എം ജില്ലാ സെക്രട്ടറിയേറ്റ് അംഗം
കണ്ണൂര്‍: പാലത്തായി പീഡനക്കേസില്‍ വര്‍ഗീയ പരാമര്‍ശവുമായി സി.പി.എം നേതാവ്. സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടേറിയറ്റംഗം പി.ഹരീന്ദ്രനാണ് അങ്ങേഅറ്റം വര്‍ഗീയമായ പരാമര്‍ശവുമായി രംഗത്തെത്തിയത്. പ്രതി ഹിന്ദു ആയത് കൊണ്ടാണ് മുസ്‌ലിം ലീഗും എസ്.ഡിപി.ഐയും പ്രശ്‌നത്തില്‍ ഇടപെട്ടതെന്നാണ് ഹരീന്ദ്രന്റെ പരാമര്‍ശം. ഉസ്താദുമാര്‍ കുട്ടികളെ പീഡിപ്പിക്കുന്ന സംഭവങ്ങളില്‍ ലീഗോ എസ്.ഡി.പി.ഐയോ ഇടപെടാറുണ്ടോ എന്നും ഹരീന്ദ്രന്‍ ചോദിച്ചു.ആര്‍.എസ്.എസ് നേതാവ് കെ. പത്മരാജന്‍ ശിക്ഷിക്കപ്പെട്ട കേസിലായിരുന്നു സി.പി.എം നേതാവിന്റെ വിദ്വേഷ പരാമര്‍ശം.
'ഇക്കാലമത്രയും സി.പി.എം ആണ് കേസ് നടത്തിപ്പുമായി നടന്നത്. കേസിന്റെ നടത്തിപ്പിനോ സാക്ഷി വിസ്താരത്തിനോ ആരുമുണ്ടായിരുന്നില്ല. പാലത്തായി പെണ്‍കുട്ടിക്ക് എന്തെങ്കിലും സഹായം നല്‍കുക എന്നതിനുപരിയായി ഈ കേസിനെ സി.പി.എമ്മിന് എതിരെ തിരിച്ചുവിടുക എന്നതാണ് അന്നും ഇന്നും അവരുടെ ലക്ഷ്യം. പീഡിപ്പിക്കപ്പെട്ട പെണ്‍കുട്ടിയോടുള്ള സഹതാപമായിരുന്നു അവര്‍ക്കെങ്കില്‍ ഈ കേരളത്തില്‍ ഉസ്താദുമാര്‍ പീഡിപ്പിച്ച പെണ്‍കുട്ടികളുടെയും ആണ്‍കുട്ടികളുടെയും വാര്‍ത്ത നമ്മള്‍ കണ്ടിട്ടുണ്ട്. ഏത് ഉസ്താദുമാര്‍ പീഡിപ്പിച്ച കേസാണ് ഇത്രയും വിവാദമായിട്ടുള്ളത്. ആ കേസിന് എന്ത് സംഭവിച്ചു എന്ന് പോലും ആരും നോക്കാറില്ല. അതിന്റെ പേരില്‍ ഒരു ആക്ഷന്‍ കമ്മിറ്റിയും രൂപീകരിച്ചിട്ടില്ല. നിങ്ങളുടെ പ്രശ്നം പീഡിപ്പിക്കപ്പെട്ടു എന്നതല്ല. പീഡിപ്പിച്ചത് ഹിന്ദുവാണ്. പീഡിപ്പിക്കപ്പെട്ടത് മുസ്‌ലിമാണ് എന്നതാണ് എസ്.ഡി.പി.ഐയുടെ ഒറ്റ ചിന്ത. ഇത് വര്‍ഗീയതാണ്'- ഹരീന്ദ്രന്‍ പറഞ്ഞു.
പാലത്തായി പീഡനക്കേസിലെ പ്രതി അധ്യാപകനായ ആര്‍.എസ്.എസ് നേതാവും ബി.ജെ.പി തൃപ്രങ്ങോട്ടൂര്‍ പഞ്ചായത്ത് പ്രസിഡന്റുമായിരുന്ന കടവത്തൂര്‍ മുണ്ടത്തോട് കുറുങ്ങാട്ട് ഹൗസില്‍ കെ.പത്മരാജന് മരണംവരെ ജീവപര്യന്ത്യം ശിക്ഷയാണ് വിധിച്ചിരിക്കുന്നത്. ഈ മാസം 15നായിരുന്നു വിധി. പോക്‌സോ വകുപ്പ് പ്രകാരം 20 വര്‍ഷം കഠിന തടവ് ഉള്‍പ്പെടെ 40 വര്‍ഷം തടവും രണ്ട് ലക്ഷം രൂപ പിഴയുമാണ് തലശ്ശേരി ജില്ലാ പോക്‌സോ കോടതി ശിക്ഷ വിധിച്ചത്. സംഘപരിവാര്‍ അധ്യാപക സംഘടനാ ജില്ലാ നേതാവാണ് പ്രതി പത്മരാജന്‍. മൂന്ന് വകുപ്പുകളിലായാണ് ശിക്ഷ വിധിച്ചത്. 376AB IPC പ്രകാരം 12 വയസ്സിന് താഴെയുള്ള കുട്ടികളോടുള്ള ലൈംഗികാതിക്രമവും, ജീവപര്യന്തവും 1 ലക്ഷം രൂപ പിഴയും പോക്‌സോ സെക്ഷന്‍ 5(f) പ്രകാരം 20 വര്‍ഷം കഠിനതടവും 50,000 രൂപ പിഴയും പോക്‌സോ സെക്ഷന്‍ 5(l) പ്രകാരം 20 വര്‍ഷം തടവും 50,000 രൂപ പിഴയും വിധിച്ചിരുന്നു.
ശിക്ഷാവിധി വന്നതിന് പിന്നാലെ പത്മരാജനെ ന്യായീകരിച്ചും പിന്തുണച്ചും നേരത്തെ ബി.ജെ.പി- സംഘ്പരിവാര്‍ പ്രൊഫൈലുകള്‍ രംഗത്തെത്തിയിരുന്നു. 'ഒരു സ്‌കൂളില്‍ മഴ പെയ്യുമ്പോള്‍ കയറിനിന്നാലെങ്കിലും മതി ആ കേസ് വ്യാജമാണെന്നറിയാന്‍' എന്നായിരുന്നു ബി.ജെ.പി നേതാവ് ശശികലയുടെ പ്രതികരണം. പത്മരാജന്റെ ഭാര്യ ഒറ്റക്കല്ല, ഞങ്ങളുണ്ട് കൂടെയെന്നും നിരപരാധിയായ പത്മരാജന്‍ ശിക്ഷിക്കപ്പെടുന്നില്ലെന്ന് ഉന്നത നീതിപീഠം ഉറപ്പുവരുത്തുമെന്നും ശശികല ഫേസ്ബുക്കില്‍ കുറിച്ചിരുന്നു. സ്വയം സേവകനായത് കൊണ്ട് മാത്രമാണ് പത്മരാജന്‍ മാഷിനെ കള്ളക്കേസില്‍ കുടുക്കി ശിക്ഷിച്ചതെന്നും ഒരു ദിവസം പോലും തടവറയില്‍ കഴിയേണ്ട ആളല്ലെന്നും ന്യായീകരിച്ച് ജനം ടിവി കോര്‍ഡിനേറ്റിങ് എഡിറ്റര്‍ അനില്‍ നമ്പ്യാരും രംഗത്തെത്തി.
cpm district secretariat member faces criticism after stating that muslim league and sdpi intervened in the palathayi case because the accused was hindu. the comment has triggered political debate and public reactions.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."