പത്മകുമാറിനെതിരേ നടപടിയില്ല, ന്യായീകരണം മാത്രം: സി.പി.എമ്മില്‍ അതൃപ്തി
തിരുവനന്തപുരം:ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ മുന്‍ എം.എല്‍.എയും സി.പി.എം പത്തനംതിട്ട ജില്ലാ കമ്മിറ്റി അംഗവുമായ എന്‍.പത്മകുമാര്‍ റിമാന്‍ഡിലായി മൂന്നുദിവസം കഴിഞ്ഞിട്ടും നടപടിയെടുക്കാതെ ന്യായീകരിക്കുന്ന പാര്‍ട്ടി നടപടി സി.പി.എമ്മില്‍ അതൃപ്തിക്ക് കാരണമാകുന്നു.
ഈ നിലപാട് സംശയത്തിന് ഇടവരുത്തുമെന്ന ആശങ്കയാണ് അണികളും നേതാക്കളും പങ്കുവയ്ക്കുന്നത്. കഴിഞ്ഞദിവസം ചേര്‍ന്ന സംസ്ഥാന സെക്രട്ടേറിയറ്റ് ഇക്കാര്യങ്ങള്‍ ചര്‍ച്ചചെയ്തിട്ടും നടപടി വൈകുന്നതാണ് വിമര്‍ശനത്തിന് കാരണം. ഉചിതമായ സമയത്ത് നടപടിയെക്കുറിച്ച് സംസ്ഥാന കമ്മിറ്റി ആലോചിക്കുമെന്ന് മാത്രമാണ് നേതാക്കള്‍ വിശദീകരിക്കുന്നത്. രജിസ്റ്ററില്‍ ചെമ്പ് എന്ന് പത്മകുമാര്‍ കൈപ്പടയില്‍ തിരുത്തിയെഴുതി എന്നാണ് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പ്രത്യേക അന്വേഷണസംഘം പരാമര്‍ശിച്ചിരിക്കുന്നത്.
എല്ലാ കാര്യങ്ങളെക്കുറിച്ചും വ്യക്തമായ ധാരണയുണ്ടായിരുന്ന പത്മകുമാര്‍ അങ്ങനെ ചെയ്‌തെങ്കില്‍ തട്ടിപ്പെന്നല്ലാതെ മറ്റൊരു സംശയത്തിന്റെയും ആനുകൂല്യം പോലും നല്‍കാനാവില്ലെന്നാണ് പാര്‍ട്ടിയില്‍ വലിയൊരു വിഭാഗത്തിന്റെയും അഭിപ്രായം. മാത്രമല്ല, പത്മകുമാറിന്റെ വീട്ടില്‍ നിന്നും അന്വേഷണസംഘം ക്രമക്കേട് സംബന്ധിച്ച നിര്‍ണായ രേഖകള്‍ പിടിച്ചെടുക്കുകയും ചെയ്തു. ഇക്കാര്യത്തില്‍ ശക്തമായ നടപടി സ്വീകരിച്ച് പാര്‍ട്ടി നിലപാട് വ്യക്തമാക്കുന്ന ചരിത്രമാണ് പൊതുവില്‍ സി.പി.എമ്മിനുള്ളത്.
ആരോപണവിധേയനെ പുറത്താക്കുകയോ പാര്‍ട്ടിതല പരിശോധനയ്ക്ക് അന്വേഷണകമ്മിഷനെ വയ്ക്കുകയോ ആണ് പതിവ്. എന്നാല്‍ പതിവ് തെറ്റുന്നതോടെ പാര്‍ട്ടി-ഭരണനേതൃത്വങ്ങള്‍ക്ക് തട്ടിപ്പില്‍ പങ്കുണ്ടെന്ന വ്യാഖ്യാനമാണ് ഉയര്‍ന്നിട്ടുള്ളത്. പത്മകുമാറിനെ പലപ്പോഴും വഴിവിട്ട് സംരക്ഷിക്കുന്ന നിലപാടാണ് പാര്‍ട്ടി സ്വീകരിക്കുന്നതെന്ന ആക്ഷേപവുമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."