ലോക ചാമ്പ്യന്മാർ കേരളത്തിലേക്ക്; ഇന്ത്യൻ പെൺപടയുടെ പോരാട്ടം ഒരുങ്ങുന്നു
തിരുവനന്തപുരം: കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിലേക്ക് വീണ്ടും ഇന്റർനാഷണൽ മത്സരങ്ങൾ എത്തുന്നു. ലോക ചാമ്പ്യൻമാരായ ഇന്ത്യയും ശ്രീലങ്കയുമുള്ള ടി-20 പോരാട്ടത്തിനാണ് കാര്യവട്ടം വേദിയാവുന്നത്. ഡിസംബറിൽ നടക്കുന്ന അഞ്ചു ടി-20 മത്സരങ്ങളുടെ പരമ്പരയിലെ മൂന്ന് മത്സരങ്ങളാണ് തിരുവനന്തപുരത്ത് നടക്കുക. പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങൾ വിശാഖപട്ടണത്ത് ആണ് നടക്കുന്നത്. ഡിസംബർ 26, 28, 30 എന്നീ തീയതികളിലാണ് ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ മത്സരങ്ങൾ നടക്കുക.
അതേസമയം ന്യൂസിലാൻഡ് ക്രിക്കറ്റ് ടീമിന്റെ 2026 ലെ ഇന്ത്യൻ പര്യടനത്തിനുള്ള വേദികളുടെ പട്ടികയിലും തിരുവനന്തപുരത്തെ കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയവും ഉൾപ്പെട്ടിട്ടുണ്ട്. ജനുവരിയിൽ നടക്കാനിരിക്കുന്ന ഈ പര്യടനത്തിൽ മൂന്ന് ഏകദിനങ്ങളും അഞ്ച് ടി-20 മത്സരങ്ങളുമാണുള്ളത്. ഇതിൽ ഒരു ടി20 മത്സരമാണ് സ്‌റ്റേഡിയത്തിൽ നടക്കുക. ജയ്പൂർ, മൊഹാലി, ഇൻഡോർ, രാജ്‌കോട്ട്, ഗുവാഹാട്ടി, ഹൈദരാബാദ്, നാഗ്പൂർ എന്നിവിങ്ങളിലാണ് മറ്റ് മത്സരങ്ങൾ നടക്കുക. മത്സരങ്ങളുടെ കൃത്യമായ തീയതികൾ പിന്നീട് പ്രഖ്യാപിക്കും.
അവസാനമായി 2023 നവംബറിലാണ് ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഒരു ഇന്റർനാഷണൽ മത്സരം നടക്കുന്നത്. ഇന്ത്യയും ഓസ്‌ട്രേലിയയും ആയിരുന്നു ആ മത്സരത്തിൽ ഏറ്റുമുട്ടിയിരുന്നത്. മത്സരത്തിൽ ഇന്ത്യ ഓസ്‌ട്രേലിയയെ 44 റൺസിന് പരാജയപ്പെടുത്തിയിരുന്നു. ലോകകപ്പ് ക്രിക്കറ്റിന് മുമ്പുള്ള പരിശീലന മത്സരങ്ങളും ഇവിടെ നടന്നിട്ടുണ്ട്.
ലോകകപ്പ് നേടിയതിന് ശേഷമുള്ള ഇന്ത്യൻ വനിത ടീമിന്റെ ആദ്യ പരമ്പരയാണിത്. ഇന്ത്യൻ പെൺപടയുടെ ചരിത്ര വിജയത്തിന്റെ ആഘോഷങ്ങൾ ഇപ്പോഴും തുടർന്ന് കൊണ്ടിരിക്കുകയാണ്. കലാശപ്പോരാട്ടത്തിൽ സൗത്ത് ആഫ്രിക്കയെ വീഴ്ത്തിയാണ് ഹർമൻപ്രീത് കൗറും സംഘവും ലോകത്തിന്റെ നെറുകയിലെത്തിയത്. ചരിത്രത്തിലെ മൂന്നാം ലോകകപ്പ് ഫൈനലിലെത്തിയ ഇന്ത്യ ഇത്തവണ കിരീടം നേടിയാണ് മടങ്ങിയത്. ഇതിന് മുമ്പ് 2005ലും 2017ലുമാണ് ഇന്ത്യ ഫൈനൽ യോഗ്യത നേടിയിരുന്നത്. എന്നാൽ ഈ രണ്ട് ഫൈനലിലും ഇന്ത്യ പരാജയപ്പെടുകയായിരുന്നു.
International matches are once again coming to the Kariyavattom Greenfield Stadium. Kariyavattom will be the venue for the T-20 clash between world champions India and Sri Lanka. Three matches of the five-match T-20 series to be held in December will be held in Thiruvananthapuram.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."