തലസ്ഥാനത്ത് വീണ്ടും ഹൈടെക് ബാങ്കിങ് തട്ടിപ്പ്
തിരുവനന്തപുരം: ഇടവേളയ്ക്കു ശേഷം തലസ്ഥാനത്ത് വീണ്ടും ഹൈടെക് ബാങ്കിങ് തട്ടിപ്പ്. പട്ടം സ്വദേശിയായ കോളജ് അധ്യാപികയാണ് അക്കൗണ്ടില്‍നിന്നു 56,000 രൂപ നഷ്ടമായെന്ന് പൊലിസിനും ബാങ്കിനും പരാതി നല്‍കിയത്. ചൈനയില്‍ നിന്നാണ് പണം പിന്‍വലിച്ചിരിക്കുന്നതെന്നാണ് സൂചന.
പട്ടം എസ്.ബി.ടി ശാഖയിലായിരുന്നു അധ്യാപികയുടെ അക്കൗണ്ട്. ഈ മാസം അഞ്ച്, ആറ് തീയതികളിലാണ് എ.ടി.എം കാര്‍ഡിലെ വിവരങ്ങള്‍ ചോര്‍ത്തി പണം പിന്‍വലിച്ചത്. നെറ്റ് ബാങ്കിങ് വഴിയാണ് പണം നഷ്ടപ്പെട്ടത്. നഷ്ടപ്പെട്ട പണം തിരികെ നല്‍കുമെന്ന് ബാങ്ക് അധികൃതര്‍ അറിയിച്ചു.
മൂന്നും നാലും തവണയായാണ് പണം പിന്‍വലിച്ചതെന്നാണ് സൂചന. വ്യാപാരസ്ഥാപനങ്ങളിലും ഹോട്ടലുകളിലും എ.ടി.എം കാര്‍ഡ് നല്കുമ്പോള് പണം പിന്‍വലിക്കാന്‍ ഉപയോഗിക്കുന്ന പി.ഒ.എസ് മെഷീന് ഉപയോഗിച്ചാണ് പണം പിന്‍വലിച്ചിരിക്കുന്നത്.
എസ്.ബി.ടിയും സ്വന്തം നിലയ്ക്ക് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ബാങ്കിന്റെ സോഫ്റ്റ്വെയര് സംബന്ധമായ തകരാറാണോ പ്രശ്നകാരണമെന്നും പരിശോധിക്കുന്നുണ്ട്. മുന്‍പ് നടന്ന ഹൈടെക് എ.ടി.എം കവര്‍ച്ചാകേസ് അന്വേഷിക്കുന്ന കന്റോണ്‍മെന്റ് പൊലിസിന് വിവരങ്ങള്‍ കൈമാറിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."