കൃത്രിമപ്പാല്‍ ഒഴുകുന്നു; പരിശോധന പേരിനുമാത്രം
പാലക്കാട്: ഓണക്കാലത്തു മായം കലര്‍ന്ന പാല്‍ പരിശോധിക്കാന്‍ ക്ഷീര വകുപ്പ് വാളയാറിലും മീനാക്ഷിപുരത്തും താല്‍ക്കാലിക ലാബ് സംവിധാനം ഏര്‍പ്പെടുത്തിയതോടെ പാല്‍ ലോബി മറ്റു ചെക്കുപോസ്റ്റുകളിലൂടെ കടത്തു സജീവമാക്കി.
സാധാരണ തമിഴ്‌നാട്, കര്‍ണാടക, ആന്ധ്രാ സംസ്ഥാനങ്ങളില്‍ നിന്നു 15 ലക്ഷം ലിറ്റര്‍ പാലാണ് കേരളത്തിലേക്ക് എത്തുന്നത്. ഓണക്കാലത്ത് ഇരട്ടിയാക്കാനാണ് സ്വകാര്യ ഡയറികളുടെ തീരുമാനം. മില്‍മ പാലിന്റെ അളവ് 20 ശതമാനം കുറഞ്ഞിട്ടുണ്ട് . ഇതു മുതലെടുക്കാനാണ് നീക്കം നടത്തുന്നത്.
കോയമ്പത്തൂര്‍, പൊള്ളാച്ചി, ഈറോഡ് സേലം എന്നിവടങ്ങളിലായി മുപ്പതിലധികം സ്വകാര്യ ഡയറികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഈ പ്രദേശങ്ങളില്‍ അഞ്ചു ലക്ഷത്തോളം ലിറ്റര്‍ പാലാണ് ഉല്‍പാദിപ്പിക്കുന്നതെന്ന് ക്ഷീര വികസന വകുപ്പ് അധികൃതര്‍ പറയുന്നു. എന്നാല്‍, കേരളത്തിലേക്ക് മാത്രം ഒരു ദിവസം15 ലക്ഷം ലിറ്റര്‍ പാല്‍ കടത്തുന്നുണ്ട്. ഇത്രയധികം പാല്‍ എവിടെ നിന്നു കൊണ്ടുവരുന്നുവെന്ന് വ്യക്തമാക്കാന്‍ സ്വകാര്യ ഡയറികള്‍ തയാറാവുന്നില്ല.
കേരളത്തിലേക്ക് രാത്രി പത്തിനു ശേഷമാണ് പാല്‍ കടത്തുന്നത്. വാളയാറിലും, മീനാക്ഷിപുരത്തും മാത്രമാണ് പരിശോധന. മറ്റിടങ്ങളില്‍ പരിശോധിക്കാന്‍ സംവിധാനമില്ലാത്തതിനാല്‍, ഇപ്പോള്‍ അതുവഴിയാണ് പാല്‍ ട്രക്കുകള്‍ കടന്നുപോകുന്നത്. അതുകൊണ്ട് വ്യാജപാല്‍ കണ്ടുപിടിക്കാനും കഴിയുന്നില്ല.
പാലക്കാട് ,തൃശൂര്‍, എറണാകുളം, മലപ്പുറം, കോഴിക്കോട് ജില്ലകളിലേക്കാണ് കൂടുതല്‍ പാല്‍ കൊണ്ടുപോകുന്നത്. കാലാവസ്ഥാ വ്യതിയാനം മൂലം കേരളത്തില്‍ പാല്‍ ഉല്‍പാദനം കുറയുമ്പോള്‍ മില്‍മ തമിഴ്‌നാട്ടില്‍ നിന്നും കൂടുതല്‍ പാല്‍ സംഭരിക്കുമെന്ന് പറഞ്ഞിട്ടുണ്ടെങ്കിലും നടപടി തുടങ്ങിയിട്ടില്ല. മില്‍മയേക്കാള്‍ കൂടുതല്‍ തുക സ്വകാര്യ കമ്പനികള്‍ കമ്മിഷന്‍ നല്‍കുന്നുണ്ട്. അര ലിറ്ററിന്റെ ഒരു പാക്കറ്റ് പാല്‍ വിറ്റാല്‍ ആറുരൂപവരെ കമ്മിഷന്‍ നല്‍കുന്നതിനാല്‍ കച്ചവടക്കാര്‍ക്ക് അന്യസംസ്ഥാന പാല്‍ വില്‍ക്കാനാണ് താല്‍പര്യം. ഒരു ലിറ്റര്‍ വിറ്റാല്‍ 12 രൂപ കമ്മിഷന്‍ ലഭിക്കും.
എന്നാല്‍, മില്‍മയുടെ അരലിറ്ററിന് കിട്ടുന്നത് 60 മുതല്‍ 73 പൈസവരെയാണ്. സ്വകാര്യകമ്പനികള്‍ പാല്‍ കേടുകൂടാതെ സൂക്ഷിക്കാന്‍ ശീതികരണികളും നല്‍കുന്നുണ്ട്. കൂടുതല്‍ പാല്‍ വിറ്റാല്‍ ഇരുചക്ര വാഹനങ്ങളടക്കമുള്ള ഓഫറുകളും ഏജന്റുമാരെ പ്രലോഭിപ്പിക്കുന്നു. ഒരാഴ്ചക്കാലം ശക്തമായ പരിശോധന നടത്തിയില്ലെങ്കില്‍ ഓണക്കാലത്ത് വ്യാജപാല്‍ ഒഴുക്കു തുടരാനാണ് സാധ്യത.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."