സംസ്ഥാനത്തെ വിദ്യാഭ്യാസ മേഖല അത്യാധുനികമാക്കും: മന്ത്രി രവീന്ദ്രനാഥ് കണ്ണൂര്‍ സര്‍വകലാശാലയുടെ സമഗ്ര വികസനത്തിനു 24 കോടി നീക്കി വച്ചു
കാസര്‍കോട്: അഞ്ചു വര്‍ഷത്തിനുള്ളില്‍ സംസ്ഥാനത്തെ വിദ്യാഭ്യാസ മേഖല അത്യാധുനികമാക്കുമെന്നും ഒന്നാം ക്ലാസ് മുതല്‍ പി.എച്ച്.ഡി വരെയുളള വിദ്യാഭ്യാസ മേഖല അത്യാധുനികവല്‍ക്കരിക്കാനുളള ശ്രമത്തിലാണ് സംസ്ഥാന സര്‍ക്കാരെന്നും വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ് പറഞ്ഞു. കണ്ണൂര്‍ സര്‍വകലാശാല കാസര്‍കോട് ചാല കാംപസില്‍ വനിതാ ഹോസ്റ്റല്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
സംസ്ഥാനത്തെ എല്ലാ സര്‍വകലാശാലകളും മികവിന്റെ കേന്ദ്രങ്ങളായി മാറണം. ഇതിന്റെ ഭാഗമായി ലബോറട്ടറികളും വായനശാലകളും മാറേണ്ടതുണ്ട്. വിദ്യാഭ്യാസ മേഖല ശക്തിപ്പെടുത്താനായി 2000 കോടി രൂപയാണു ബജറ്റില്‍ നീക്കിവച്ചിട്ടുളളത്.
സര്‍വകലാശാലകള്‍ ആധുനികവല്‍ക്കരിക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്തെ യൂനിവേഴ്‌സിറ്റികളില്‍ നിന്നു അന്താരാഷ്ട്രതലത്തിലുളള ഒരു ജേര്‍ണല്‍ തയാറാക്കാനുളള ശ്രമം നടക്കുകയാണ്. കൂടാതെ അഞ്ചു കോളജുകള്‍ ഡിജിറ്റല്‍ ആകുകയാണ്. ഇതിനായി 30 കോടി രൂപ ബജറ്റില്‍ നീക്കിവച്ചിവെച്ചിട്ടുണ്ട്. മൂന്നു വര്‍ഷത്തിനുളളില്‍ രാജ്യത്തെ ഏറ്റവും നല്ല കോളജുകളായി ഇവ മാറും.
അഞ്ചു വര്‍ഷത്തിനുളളില്‍ കണ്ണൂര്‍ സര്‍വകലാശാലയിലെ സമസ്തമേഖലയിലും മാറ്റമുണ്ടാകും. ഇതിനായി 24 കോടി രൂപ വകയിരുത്തിയിട്ടുണ്ട്.
സാമ്പത്തിക സ്ഥിതി നോക്കി ചാല കാംപസില്‍ അടുത്ത വര്‍ഷം മുതല്‍ സ്വാശ്രയ കോഴ്‌സില്‍ നിന്നു എയ്ഡഡ് കോഴ്‌സുകളിലേക്ക് ഓരോന്നായി മാറ്റുമെന്നും ജില്ലയിലെ കോളജുകളിലേക്ക് പുതിയ കോഴ്‌സുകള്‍ അനുവദിക്കാന്‍ സര്‍ക്കാര്‍ തയാറാണെന്നും മന്ത്രി പറഞ്ഞു.
എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ അധ്യക്ഷനായി. കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. കെ.എം അബ്ദുള്‍ ഖാദര്‍ മുഖ്യപ്രഭാഷണം നടത്തി.
വാര്‍ഡ് കൗണ്‍സലര്‍ മുംതാസ് അബൂബക്കര്‍, രജിസ്ട്രാര്‍ ഡോ. ബാലചന്ദ്രന്‍ കീഴോത്ത്, സിന്‍ഡിക്കേറ്റ് അംഗങ്ങളായ ഡോ. വി.പി.പി മുസ്തഫ, എം.സി രാജു, മുന്‍ എം.എല്‍.എ സി.എച്ച് കുഞ്ഞമ്പു, കെ.ആര്‍ ജയചന്ദ്രന്‍, ടി അഖില്‍ രാജ്, പ്രൊ. വൈസ് ചാന്‍സലര്‍ ഡോ. ടി അശോകന്‍, കാംപസ് ഡയറക്ടര്‍ ശ്രീലത കെ നായര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."