ബീച്ചിലെ അശ്ലീല പെരുമാറ്റം: പരാതിയുമായി യുവതി, മിന്നൽ നടപടിയുമായി ദുബൈ പൊലിസ്; പൊതുസ്ഥലത്തെ വസ്ത്രധാരണത്തിൽ കർശന നിർദ്ദേശം
ദുബൈ: ദുബൈയിലെ ഒരു പ്രമുഖ ബീച്ചിന് സമീപമുള്ള പാർക്കിംഗ് ഏരിയയിൽ വെച്ച് മര്യാദയില്ലാതെയും അശ്ലീലമായും പെരുമാറിയ വ്യക്തിക്കെതിരെ നടപടിയുമായി ദുബൈ പൊലിസ്. കുടുംബസമേതം ആളുകൾ എത്തുന്ന പൊതുസ്ഥലത്ത് വെച്ചുണ്ടായ ദുരനുഭവം 'അമ്‌ന' എന്ന യുവതി സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്.
പരാതി ശ്രദ്ധയിൽപ്പെട്ട ഉടൻ തന്നെ ദുബൈ പൊലിസ് വിഷയത്തിൽ ഇടപെടുകയും ആവശ്യമായ നിയമനടപടികൾ സ്വീകരിക്കുകയും ചെയ്തു. പൊലിസിന്റെ കൃത്യസമയത്തുള്ള ഇടപെടലിന് യുവതി നന്ദി അറിയിച്ചു.
യുഎഇയുടെ സാംസ്കാരിക മൂല്യങ്ങൾക്കും പൊതു മര്യാദകൾക്കും വിരുദ്ധമായ പെരുമാറ്റങ്ങൾ ഒരുതരത്തിലും അംഗീകരിക്കില്ലെന്ന് ദുബൈ പൊലിസ് വ്യക്തമാക്കി. പൊതുസ്ഥലങ്ങളിലെ അശ്ലീല പ്രദർശനവും നഗ്നതയും യുഎഇ നിയമപ്രകാരം ഗുരുതരമായ ലംഘനങ്ങളാണ്. ബീച്ചുകളിലും സ്വിമ്മിംഗ് പൂളുകളിലും മാത്രമേ സ്വിംവെയറുകൾ (Swimwear) അനുവദനീയമായിട്ടുള്ളൂ. ബീച്ചിന് പുറത്തുള്ള നടപ്പാതകൾ, പാർക്കിംഗ് മേഖലകൾ, കഫേകൾ, ഷോപ്പിംഗ് സെന്ററുകൾ എന്നിവിടങ്ങളിൽ മാന്യമായ വസ്ത്രധാരണം നിർബന്ധമാണെന്ന് അധികൃതർ വീണ്ടും ഓർമ്മിപ്പിച്ചു.
പൊതുസ്ഥലങ്ങളിൽ ഇത്തരം നിയമലംഘനങ്ങളോ മോശം പെരുമാറ്റമോ ശ്രദ്ധയിൽപ്പെട്ടാൽ ഒട്ടും വൈകാതെ ദുബൈ പൊലിസ് ആപ്പിലെ 'പൊലിസ് ഐ' (Police Eye) എന്ന ഫീച്ചർ വഴി വിവരം അറിയിക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചു. ജനങ്ങളുടെ സുരക്ഷയും സ്വകാര്യതയും ഉറപ്പാക്കാൻ വിട്ടുവീഴ്ചയില്ലാത്ത നടപടികൾ തുടരുമെന്നും പൊലിസ് വക്താവ് അറിയിച്ചു.
Dubai Police have taken action against a man who behaved in a rude and obscene manner in a parking area near a prominent beach in Dubai. The incident came to light after a young woman named 'Amna' shared her ordeal on social media at a public place frequented by people with their families.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."