ജീവനക്കാരില്ല; ജില്ലാ ആശുപത്രി ഫാര്‍മസിയുടെ പ്രവര്‍ത്തനം താളം തെറ്റി
കണ്ണൂര്‍: ആവശ്യത്തിനു ജീവനക്കാരില്ലാത്തതിനാല്‍ ജില്ലാ ആശുപത്രിയിലെ ഫാര്‍മസിയുടെ സമയം വെട്ടിക്കുറച്ചു. 24 മണിക്കൂറും പ്രവര്‍ത്തിച്ചിരുന്ന ഫാര്‍മസി ഇനിമുതല്‍ രാവിലെ എട്ട് മുതല്‍ രാത്രി എട്ട് വരെ മാത്രമാണ് പ്രവര്‍ത്തിക്കുക. പത്തോളം ഫാര്‍മസിസ്റ്റ് തസ്തിക ജില്ലാ ആശുപത്രിയിലുണ്ട്. എന്നാല്‍ നിലവില്‍ ഒന്‍പത് ഫാര്‍മസിസ്റ്റ് മാത്രമാണുള്ളത്. രണ്ടുപേര്‍ ആര്‍.എസ്.ബി.വൈ സ്‌കീം പ്രകാരമാണ് ജോലി ചെയ്യുന്നത്. ഒരാളെ ഇവിടെ നിന്ന് സ്ഥലംമാറ്റുകയും ചെയ്തതോടെയാണ് ജീവനക്കാരുടെ ക്ഷാമം രൂക്ഷമായത്.
ആര്‍.എസ്.ബി.വൈ സ്‌കീമില്‍ ജോലി ചെയ്യുന്നവരെ ഉപയോഗിച്ചാണ് ഫാര്‍മസി രാത്രി പ്രവര്‍ത്തിച്ചിരുന്നത്. ഇവര്‍ തുച്ഛമായ വേതനത്തില്‍ ജോലിചെയ്യാന്‍ മടിച്ചതോടെ ഫാര്‍മസിയുടെ പ്രവര്‍ത്തനം താളംതെറ്റുകയായിരുന്നു. സ്വകാര്യ പ്രാക്ടീസ് നടത്തുന്ന ഫാര്‍മസിസ്റ്റുകള്‍ക്ക് ലഭിക്കുന്നതിനെക്കാള്‍ തുച്ഛമായ തുകയും രാത്രി ഡ്യൂട്ടിയുമായതിനാലാണ് ഇവര്‍ ജോലിയില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ ശ്രമിക്കുന്നത്. ജില്ലാ ആശുപത്രിയില്‍ ഒരുദിവസം ശരാശരി 4000ത്തോളം രോഗികള്‍ എത്തുന്നുണ്ട്. ഫാര്‍മസിയുടെ സമയം വെട്ടിച്ചുരുക്കിയതിനാല്‍ രാത്രി അടിയന്തര ചികിത്സ തേടുന്ന രോഗികള്‍ മരുന്ന് ലഭിക്കാതെ നെട്ടോട്ടം ഓടുകയാണ്. ഇതിനാല്‍ അടിയന്തര ചികിത്സ തേടുന്ന രോഗികള്‍ മറ്റ് സ്വകാര്യ ആശുപത്രിയെയും മറ്റും ആശ്രയിക്കേണ്ട സ്ഥിതിയായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."