വിദ്യാലയങ്ങളില്‍ വേര്‍തിരിവിന്റെ വിഷവിത്തുകള്‍ പാകാന്‍ അനുവദിക്കില്ല; ക്രിസ്മസ് ആഘോഷങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയതിനെതിരെ മന്ത്രി ശിവന്‍കുട്ടി
തിരുവനന്തപുരം: സ്വകാര്യ സ്‌കൂള്‍ മാനേജ്‌മെന്റുകള്‍ ക്രിസ്മസ് ആഘോഷങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയ സംഭവത്തില്‍ പ്രതികരിച്ച് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി. മതത്തിന്റെയും വിശ്വാസത്തിന്റേയും പേരില്‍ മനുഷ്യനെ വിഭജിക്കുന്ന സങ്കുചിത മോഡലുകള്‍ കേരളത്തിലെ വിദ്യാലയങ്ങളില്‍ നടപ്പാക്കാന്‍ ആരെയും അനുവദിക്കില്ലെന്ന് മന്ത്രി പറഞ്ഞു. വിദ്യാലയങ്ങളില്‍ വേര്‍തിരിവിന്റെ വിഷവിത്തുകള്‍ പാകാന്‍ ശ്രമിക്കുന്നത് ഒരു കാരണവശാലും അംഗീകരിക്കാനാവില്ലെന്നും മന്ത്രി ഫെയ്‌സ്ബുക്കില്‍ പങ്കുവച്ച കുറിപ്പില്‍ പറഞ്ഞു. വിഷയത്തില്‍ അടിയന്തരമായി പരിശോധന നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് മന്ത്രി നിര്‍ദേശം നല്‍കി.
''ജാതി-മത ചിന്തകള്‍ക്കപ്പുറം കുട്ടികള്‍ ഒന്നിച്ചിരുന്നു പഠിക്കുകയും ഒന്നിച്ചു വളരുകയും ചെയ്യുന്ന ഇടങ്ങളാണു നമ്മുടെ വിദ്യാലയങ്ങള്‍. അവിടെ വേര്‍തിരിവിന്റെ വിഷവിത്തുകള്‍ പാകാന്‍ ശ്രമിക്കുന്നത് ഒരു കാരണവശാലും അംഗീകരിക്കാനാവില്ല. ഓണവും ക്രിസ്മസും പെരുന്നാളുമെല്ലാം കേരളത്തിലെ വിദ്യാലയങ്ങളില്‍ ഒരുപോലെ ആഘോഷിക്കപ്പെടുന്നവയാണ്. പരസ്പരം സ്നേഹിക്കാനും ബഹുമാനിക്കാനും കുട്ടികള്‍ പഠിക്കുന്നത് ഇത്തരം ഒത്തുചേരലുകളിലൂടെയാണ്. ഇന്ത്യയുടെ ഭരണഘടന വിഭാവനം ചെയ്യുന്ന മതനിരപേക്ഷത ഉയര്‍ത്തിപ്പിടിക്കാന്‍ എല്ലാ വിദ്യാലയങ്ങള്‍ക്കും ബാധ്യതയുണ്ട്.
വിദ്യാലയങ്ങള്‍ എയ്ഡഡ് ആയാലും അണ്‍ എയ്ഡഡ് ആയാലും പ്രവര്‍ത്തിക്കുന്നത് ഈ രാജ്യത്തെ നിയമങ്ങള്‍ക്കും വിദ്യാഭ്യാസ ചട്ടങ്ങള്‍ക്കും അനുസൃതമായാണ്. സങ്കുചിതമായ രാഷ്ട്രീയ - വര്‍ഗീയ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കാനുള്ള ഇടമായി വിദ്യാലയങ്ങളെ മാറ്റാന്‍ ശ്രമിച്ചാല്‍ കര്‍ശന നടപടിയുണ്ടാകും
പാഠപുസ്തകങ്ങളിലെ അറിവിനപ്പുറം, സഹജീവി സ്നേഹവും ബഹുസ്വരതയും പഠിപ്പിക്കേണ്ട വിദ്യാലയങ്ങളില്‍ ഏതെങ്കിലും ഒരു വിഭാഗത്തിന്റെ ആഘോഷങ്ങള്‍ക്ക് മാത്രം വിലക്കേര്‍പ്പെടുത്തുന്നത് വിവേചനമാണെന്നും മന്ത്രി വിശദീകരിച്ചു. കുട്ടികളെ കുട്ടികളായി കാണുക. അവരെ വര്‍ഗീയതയുടെ കള്ളികളില്‍ ഒതുക്കാതിരിക്കുക. കേരളത്തിന്റെ പൊതുവിദ്യാഭ്യാസ മേഖലയുടെ അന്തസ്സിനും പാരമ്പര്യത്തിനും കോട്ടം തട്ടുന്ന ഒരു നീക്കവും സര്‍ക്കാരിന്റെ ഭാഗത്തുനിന്നും അനുവദിച്ചു നല്‍കില്ല''- ശിവന്‍കുട്ടി പറഞ്ഞു.
Kerala Education Minister V. Sivankutty has strongly opposed the decision by certain private school managements to restrict Christmas celebrations, stating that attempts to sow seeds of division in schools will not be tolerated. He said educational institutions must not become spaces that divide children on the basis of religion or belief.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."