വിനോദ പരിപാടികളുടെ പേരിൽ വ്യാജ ടിക്കറ്റ് തട്ടിപ്പ്; ജാഗ്രതാനിർദ്ദേശവുമായി ദുബൈ പോലീസ്
ദുബൈ: നഗരത്തിലെ പ്രധാന വിനോദ പരിപാടികൾക്ക് മുന്നോടിയായി ടിക്കറ്റ് തട്ടിപ്പുകാർ സജീവമാകുന്നതായി ദുബൈ പൊലിസിന്റെ മുന്നറിയിപ്പ്. 'വഞ്ചനയെക്കുറിച്ച് സൂക്ഷിക്കുക' (Beware of Fraud) എന്ന പ്രചാരണത്തിന്റെ ഭാഗമായാണ് ജനറൽ ഡിപ്പാർട്ട്‌മെന്റ് ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻസിന് കീഴിലുള്ള ആന്റി-ഫ്രോഡ് സെന്റർ ജാഗ്രതാനിർദ്ദേശം പുറപ്പെടുവിച്ചിരിക്കുന്നത്.
പ്രമുഖ ടിക്കറ്റിംഗ് വെബ്‌സൈറ്റുകളുടെയും സംഘാടകരുടെയും പേരും ലോഗോയും അനുകരിച്ച് വ്യാജ വെബ്‌സൈറ്റുകൾ നിർമ്മിച്ചാണ് തട്ടിപ്പ് നടത്തുന്നത്. ടിക്കറ്റ് തട്ടിപ്പുകാർ പ്രധാനമായും മൂന്ന് രീതികളിലൂടെയാണ് ആളുകളെ വലയിലാക്കുന്നത്. ഔദ്യോഗിക സൈറ്റുകളുടേതിന് സമാനമായ വ്യാജ ലിങ്കുകൾ സോഷ്യൽ മീഡിയ പേജുകൾ വഴി പ്രചരിപ്പിക്കുകയാണ് ഇതിൽ ആദ്യത്തേത്.
ടിക്കറ്റുകൾക്ക് 50 മുതൽ 70 ശതമാനം വരെ വൻ കിഴിവുകൾ വാഗ്ദാനം ചെയ്ത് ഉപഭോക്താക്കളെ ആകർഷിക്കുന്ന ഇവർ, പണം നൽകാനായി ബാങ്ക് കാർഡ് വിവരങ്ങൾ ആവശ്യപ്പെടും. ബാങ്ക് വിവരങ്ങൾ നൽകുന്നതോടെ ഉപഭോക്താവ് അറിയാതെ തന്നെ അക്കൗണ്ടിൽ നിന്ന് വലിയ തുകകൾ നഷ്ടപ്പെടും. ചെറിയ തുകയുടെ പണമിടപാടിനുള്ള ഒടിപി (OTP) ആണെന്ന് വിശ്വസിപ്പിച്ച് ഉപഭോക്താക്കളിൽ നിന്ന് വലിയ തുക പിൻവലിക്കാനുള്ള അനുമതി നേടിയെടുക്കുന്ന രീതിയും തട്ടിപ്പുകാർ വ്യാപകമായി ഉപയോഗിക്കുന്നുണ്ട്.
ടിക്കറ്റ് വാങ്ങുമ്പോൾ ശ്രദ്ധിക്കാൻ
അംഗീകൃത പ്ലാറ്റ്‌ഫോമുകൾ വഴി മാത്രം ടിക്കറ്റുകൾ ബുക്ക് ചെയ്യണമെന്ന് പൊലിസ് നിർദ്ദേശിച്ചു.
- വെബ്‌സൈറ്റ് പരിശോധിക്കുക: ലിങ്കിലെ അക്ഷരത്തെറ്റുകളോ അസാധാരണമായ ഡൊമെയ്ൻ എൻഡിംഗുകളോ ഉണ്ടോ എന്ന് ശ്രദ്ധിക്കുക.
- വിലക്കുറവ്: സാധാരണ നിരക്കിനേക്കാൾ വളരെ കുറഞ്ഞ വിലയ്ക്ക് ടിക്കറ്റ് വാഗ്ദാനം ചെയ്യുന്നത് തട്ടിപ്പിന്റെ ലക്ഷണമാകാം.
- വിറ്റുതീർന്ന ടിക്കറ്റുകൾ: മറ്റ് സൈറ്റുകളിൽ വിറ്റുതീർന്ന ടിക്കറ്റുകൾ ലഭ്യമാണെന്ന് അവകാശപ്പെടുന്ന വെബ്‌സൈറ്റുകളെ വിശ്വസിക്കരുത്.
സംഗീത പരിപാടികൾക്കോ യാത്രകൾക്കോ ആയി ടിക്കറ്റ് എടുക്കുമ്പോൾ സംശയകരമായ ലിങ്കുകളോ തട്ടിപ്പ് ശ്രമങ്ങളോ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ റിപ്പോർട്ട് ചെയ്യണം. ദുബൈ പൊലിസ് സ്മാർട്ട് ആപ്പ് വഴിയോ e-Crime പ്ലാറ്റ്‌ഫോം വഴിയോ വിവരം കൈമാറാം.
തട്ടിപ്പുകളിൽ ഭൂരിഭാഗവും യുഎഇക്ക് പുറത്തുനിന്നാണ് നിയന്ത്രിക്കപ്പെടുന്നതെന്നും ഇത്തരം വ്യാജ ഡൊമെയ്‌നുകൾ പെട്ടെന്ന് നീക്കം ചെയ്യപ്പെടുന്നതിനാൽ റിപ്പോർട്ടിംഗ് വേഗത്തിലാക്കണമെന്നും സൈബർ സുരക്ഷാ വിദഗ്ധർ വ്യക്തമാക്കി.
dubai police issued an alert warning residents about fake ticket scams urging public to verify websites before purchases. authorities say fraudsters use cloned platforms fake discounts and payment traps advising vigilance reporting suspicious links and protecting personal financial information online
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."