വിദേശത്തേക്ക് പോകാനെത്തിയ യാത്രക്കാരനെ സുരക്ഷാ ഉദ്യോഗസ്ഥര്‍ മര്‍ദ്ദിച്ചതായി പരാതി
നെടുമ്പാശ്ശേരി: അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും വിദേശത്തേക്ക് പോകാനെത്തിയ യാത്രക്കാരനെ അന്താരാഷ്ട്ര ടെര്‍മിനലില്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ ക്രൂരമായി മര്‍ദ്ദിച്ചതായി പരാതി. മൂവാറ്റുപുഴ കദളിക്കാട് സ്വദേശി ഷൈന്‍ ചെറിയാനാണ് (39) സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥരുടെ മര്‍ദ്ദനമേറ്റത്. ദേഹത്ത് വടികൊണ്ടടിച്ചതിന്റെയും ബൂട്ട് കൊണ്ട് ചവിട്ടിയതിന്റെയും പാടുകളുണ്ടെന്ന് പൊലിസ് പറഞ്ഞു.
ഇന്നലെ വൈകിട്ടായിരുന്നു സംഭവം. ഇത്തിഹാദ് എയര്‍വെയ്‌സ് വിമാനത്തില്‍ അബുദാബി വഴി മസ്‌ക്കറ്റിലേക്ക് പോകാനെത്തിയതായിരുന്നു ഷൈന്‍. ഇയാള്‍ വിമാനത്താവളത്തിലെത്തിയപ്പോള്‍ റിപ്പോര്‍ട്ട് ചെയ്യേണ്ട സമയം വൈകിയിരുന്നു. ഈ സമയത്ത് അന്താരാഷ്ട്ര ടെര്‍മിനലിലെ പുറപ്പെടല്‍ ഭാഗത്തെ ഗെയിറ്റിനു മുന്നില്‍ ടിക്കറ്റ് പരിശോധനക്കായി സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ യാത്രക്കാരുടെ നീണ്ടനിര തന്നെയുണ്ടായിരുന്നു. യാത്ര മുടങ്ങുമെന്നതിനാല്‍ ക്യൂ തെറ്റിച്ച് മുന്‍പിലെത്തി സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥനോട് ഷൈന്‍ വിവരം പറഞ്ഞു.
എന്നാല്‍ ടിക്കറ്റ് പരിശോധകനായ സുരക്ഷ ഉദ്യോഗസ്ഥന്‍ ഷൈനോട് കയര്‍ക്കുകയും പിന്‍നിരയിലേക്ക് പോയി നില്‍ക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു. ഷൈന്‍ പിന്നീട് ടിക്കറ്റ് പരിശോധന പൂര്‍ത്തിയാക്കി വിമാന കമ്പനിയുടെ യാത്രാരേഖകള്‍ പരിശോധിക്കുന്ന കൗണ്ടറിലെത്തിയപ്പോഴേക്കും സമയം വൈകിയതിനാല്‍ വിമാന കമ്പനി ഷൈനിന് യാത്രാനുമതി നിഷേധിച്ചു. ഇയാള്‍ തിരികെ പുറത്തേക്ക് വരുമ്പോള്‍ ഗെയിറ്റിലുണ്ടായിരുന്ന ടിക്കറ്റ് പരിശോധകനുമായി യാത്ര മുടങ്ങിയതു സംബന്ധിച്ച് വാക്കുതര്‍ക്കം നടന്നു.
തന്റെ യാത്ര മുടക്കി ജോലി നഷ്ടപ്പെടുത്തിയതിനെ ഷൈന്‍ ചോദ്യം ചെയ്തു. വാക്കേറ്റം രൂക്ഷമായതോടെ ഷൈനെ കൂടുതല്‍ സി.ഐ.എസ്.എഫുകാരെത്തി ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നുവെന്നാണ് പരാതി. മര്‍ദ്ദനമേറ്റ ഷൈനെ ആദ്യം വിമാനത്താവളത്തിനു മുന്‍പിലെ കൊര്‍ണേഷ് ആശുപത്രിയിലും പിന്നീട് അങ്കമാലി എല്‍.എഫ് ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു. എറണാകുളം റൂറല്‍ എസ്.പിയുടെ നിര്‍ദ്ദേശപ്രകാരം നെടുമ്പാശ്ശേരി പൊലിസെത്തി യാത്രക്കാരന്റെ മൊഴിയെടുത്തു. ഷൈനിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ നെടുമ്പാശ്ശേരി പൊലിസ് അന്വേഷണം ആരംഭിച്ചു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."