മധ്യപ്രദേശില്‍ മുനിസിപ്പല്‍ പൈപ്പില്‍ മലിനജലം; വെള്ളം കുടിച്ച് എട്ട് മരണം, 100 ലേറെ പേര്‍ ആശുപത്രിയില്‍; കലര്‍ന്നത് ശൗചാലയത്തില്‍ നിന്നുള്ള മാലിന്യം
ഇന്‍ഡോര്‍: മധ്യപ്രദേശില്‍ മുനിസിപ്പല്‍ പൈപ്പ് വഴി മലിനജലം. എട്ട്‌പേര്‍ മരിച്ചു. ഇന്‍ഡോര്‍ ഭഗീരഥപുര കോളനിയില്‍ മുനിസിപ്പല്‍ പൈപ്പ് വഴി വിതരണം ചെയ്ത വെള്ളമാണ് വിഷബാധയുണ്ടാക്കിയതെന്നാണ് സൂചന. നര്‍മ്മദ നദീ ജലമാണ് പൈപ്പ് വഴി വിതരണം ചെയ്യുന്നത്. നൂറിലേറെ പേര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.
വെള്ളം കുടിച്ച ശേഷമാണ് തങ്ങള്‍ക്ക് ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. വെള്ളം കുടിച്ചതിന് പിന്നാലെ ഇവര്‍ക്ക് ഛര്‍ദ്ദിയും വയറ് വേദനയും അനുഭവപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
ഡിസംബര്‍ 25 മുതല്‍ 30 വരെ മുനിസിപ്പാലിറ്റിയില്‍ നിന്നും വിതരണം ചെയ്ത കുടിവെള്ളത്തിന് അസാധാരണായ മണവും രുചി വ്യത്യാസവും അനുഭവപ്പെട്ടതായി നാട്ടുകാര്‍ പരാതിപ്പെട്ടിരുന്നു. തുടര്‍ന്ന് മുനിസിപ്പല്‍ അധികൃതര്‍ നടത്തിയ പരിശോധനയില്‍ കുടിവെള്ള പൈപ്പിന് മുകളിലായുള്ള ഒരു ശൗചാലയത്തില്‍ നിന്ന് മലിനജലം ചോര്‍ന്ന് പൈപ്പ് ലൈനിലേക്ക് കലര്‍ന്നതാണ് ദുരന്തത്തിന് കാരണമായതെന്ന് കണ്ടെത്തി. നിലവില്‍ ശൗചാലയത്തിന്റെ അറ്റകുറ്റപ്പണികള്‍ നടന്നുവരികയാണ്.
സംഭവത്തില്‍ അനുശോചനം രേഖപ്പെടുത്തിയ മുഖ്യമന്ത്രി മോഹന്‍ യാദവ് മരണപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് 2 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കുമെന്നും ചികിത്സയിലുള്ളവരുടെ ചെലവുകള്‍ വഹിക്കുമെന്നും പ്രഖ്യാപിച്ചിട്ടുണ്ട്.
സെഭവത്തെ തുടര്‍ന്ന് ആരോഗ്യവകുപ്പ് നടത്തിയ സര്‍വേയില്‍ 2,703 വീടുകളിലെ 12,000 ത്തോളം ആളുകളെ പരിശോധിച്ചു. ഇവരില്‍ നേരിയ ലക്ഷണങ്ങളുള്ള 1,146 രോഗികള്‍ക്ക് വീടുകളില്‍ തന്നെ പ്രാഥമിക ചികിത്സ നല്‍കി. ഗുരുതരാവസ്ഥയിലുള്ള 111 രോഗികളെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ഇവരില്‍ 18 പേരെ പിന്നീട് ഡിസ്ചാര്‍ജ് ചെയ്തു.
പ്രദേശത്തുനിന്ന് ശേഖരിച്ച കുടിവെള്ളത്തിന്റെ സാമ്പിളുകള്‍ പരിശോധനക്കായി അയച്ചിട്ടുണ്ടെന്ന് ചീഫ് മെഡിക്കല്‍ ആന്‍ഡ് ഹെല്‍ത്ത് ഓഫിസര്‍ ഡോ. മാധവ് പ്രസാദ് ഹസാനി പറഞ്ഞു.
സംഭവത്തില്‍ നഗരസഭാ അധികൃതര്‍ക്ക് കടുത്ത വീഴ്ചയുണ്ടായെന്ന് പ്രതിപക്ഷം ആരോപിച്ചു. മേയര്‍ക്കും മുനിസിപ്പല്‍ കമ്മീഷണര്‍ക്കുമെതിരെ മനപൂര്‍വമല്ലാത്ത നരഹത്യക്ക് കേസെടുക്കണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.
eight people died and over 100 were hospitalised after consuming polluted drinking water supplied through municipal pipelines in indore, madhya pradesh. contaminated water reportedly leaked from a toilet into the pipeline. government announces compensation and probe.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."