മഞ്ഞിൽ പുതഞ്ഞ് ഡൽഹി; വിമാന സർവിസുകൾ താറുമാറായി, വാഹനങ്ങൾ ഇഴയുന്നു
ന്യൂഡൽഹി: കനത്ത മൂടൽമഞ്ഞ് അനുഭവപ്പെടുന്ന സാഹചര്യത്തിൽ ബുധനാഴ്‌ച രാവിലെ 10 മണി വരെ ഡൽഹിയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. മൂടല്‍ മഞ്ഞിനെത്തുടര്‍ന്ന്, കാഴ്ചപരിധി കുത്തനെ കുറഞ്ഞത് റോഡ്-വ്യോമ ഗതാഗതത്തെ സാരമായി ബാധിച്ചു. ഈ സാഹചര്യത്തില്‍, വിമാന സർവിസുകൾ വൈകാൻ സാധ്യതയുണ്ടെന്ന് ഇൻഡിഗോ, സ്പൈസ് ജെറ്റ് തുടങ്ങിയ പ്രമുഖ വിമാനക്കമ്പനികൾ യാത്രക്കാർക്ക് മുന്നറിയിപ്പ് നൽകി. യാത്രക്കാർ വിമാനത്താവളത്തിലേക്ക് പുറപ്പെടും മുൻപ് സമയക്രമം പരിശോധിക്കണമെന്ന് കമ്പനികൾ അറിയിച്ചു.
നിലവിലെ പ്രതികൂല കാലാവസ്ഥ കണക്കിലെടുത്ത് വിമാനങ്ങളുടെ പുറപ്പെടലും എത്തിച്ചേരലും പുനഃക്രമീകരിച്ചു വരികയാണെന്ന് ഇൻഡിഗോ വ്യക്തമാക്കി. എക്സ് (X) പ്ലാറ്റ്‌ഫോമിലൂടെയാണ് കമ്പനി ഇക്കാര്യം അറിയിച്ചത്. യാത്രക്കാർക്ക് ആവശ്യമായ സഹായങ്ങൾ നൽകാൻ വിമാനത്താവളങ്ങളിൽ പ്രത്യേക സംഘം സജ്ജമാണെന്നും കമ്പനി അറിയിച്ചു.
ഡൽഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലും ഹിൻഡൻ വിമാനത്താവളത്തിലും മൂടൽമഞ്ഞ് ശക്തമായി തുടരുന്നതിനാൽ പല വിമാനങ്ങളുടെയും സമയക്രമത്തിൽ മാറ്റം വരുത്തിയിട്ടുണ്ട്. സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് മാത്രമേ സർവിസുകൾ നടത്തുകയുള്ളൂവെന്നും കാലാവസ്ഥ മാറുന്നതിനനുസരിച്ച് പ്രവർത്തനങ്ങളിൽ മാറ്റമുണ്ടാകുമെന്നും ഇൻഡിഗോ അറിയിച്ചു.
മൂടൽ മഞ്ഞിനെ തുടർന്ന്, ബുധനാഴ്ച രാവിലെയുള്ള ചില വിമാനങ്ങൾ മുൻകൂട്ടി റദ്ദാക്കിയതായി എയർ ഇന്ത്യ അറിയിച്ചു. യാത്രക്കാർക്ക് ആവശ്യമായ സഹായങ്ങൾ നൽകുന്നതിനായി വിമാനത്താവളങ്ങളിൽ പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്. റദ്ദാക്കിയ വിമാനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ യാത്രക്കാരെ മുൻകൂട്ടി അറിയിക്കുന്നുണ്ടെന്നും എയർ ഇന്ത്യ അധികൃതർ കൂട്ടിച്ചേർത്തു.
റോഡ് ഗതാഗതം മന്ദഗതിയിൽ
ഡൽഹി എൻസിആറിലെ പ്രധാന സ്ഥലങ്ങളായ അക്ഷർധാം, നോയിഡ ബൊട്ടാണിക്കൽ ഗാർഡൻ മെട്രോ സ്റ്റേഷൻ പരിസരം, ഗാസിയാബാദിലെ ഇന്ദിരാപുരം എന്നിവിടങ്ങളിൽ പുലർച്ചെ മുതൽ കാഴ്ചപരിധി വളരെ കുറവാണ്.
ദൂരക്കാഴ്ച കുറഞ്ഞതോടെ റോഡുകളിൽ വാഹനങ്ങൾ വേഗത കുറച്ചാണ് സഞ്ചരിക്കുന്നത്. ഇത് പലയിടങ്ങളിലും ഗതാഗതക്കുരുക്കിന് കാരണമായി. നോയിഡയിലെ വിവിധ ഭാഗങ്ങളിൽ ജോലിക്ക് പോകുന്നവരും ദീർഘദൂര യാത്രക്കാരും കനത്ത മൂടൽമഞ്ഞിനാൽ വലിയ പ്രയാസമാണ് നേരിടുന്നത്. വരും മണിക്കൂറുകളിലും സമാനമായ സ്ഥിതി തുടരാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
A thick blanket of fog has engulfed Delhi, prompting authorities to issue a red alert till 10 am. The reduced visibility has severely impacted daily life, with flight and train operations disrupted, and air quality slipping into the 'severe' category.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."