കഴക്കൂട്ടത്തെ നാലു വയസുകാരന്റെ കൊലപാതകം; കുറ്റം സമ്മതിച്ച് അമ്മയുടെ സുഹൃത്ത്; അമ്മയ്ക്ക് പങ്കില്ലെന്ന് പ്രാഥമിക റിപ്പോർട്ട്
തിരുവനന്തപുരം: കഴക്കൂട്ടത്ത് ഇതര സംസ്ഥാന തൊഴിലാളികളുടെ മകൻ കൊല്ലപ്പെട്ട സംഭവത്തിൽ കുറ്റം സമ്മതിച്ച് അമ്മയുടെ സുഹൃത്ത്. നാലുവയസുകാരനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതാണെന്ന് പ്രതി തൻബീർ ആലം മൊഴി നൽകി. ഞായറാഴ്ച്ചയാണ് ബംഗാൾ സ്വദേശിയായ മുന്നി ബീഗത്തിന്റെ മകൻ ഗിൽദാറിനെ മരിച്ച നിലയിൽ കണ്ടെത്തിയത്.
കുട്ടിയുടെ കഴുത്തിൽ പാടുകൾ കണ്ടെത്തിയതിന് പിന്നാലെ അമ്മയെയും, സുഹൃത്തിനെയും പൊലിസ് കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്തിരുന്നു. രണ്ട് ദിവസം നീണ്ട ചോദ്യം ചെയ്യലുകൾക്കൊടുവിലാണ് തൻബീർ ആലം കുറ്റസമ്മതം നടത്തിയത്. മുന്നി ബീഗവുമായി ഉണ്ടായ തർക്കത്തിൽ പ്രകോപിതനായാണ് കുഞ്ഞിനെ ആക്രമിച്ചതെന്നാണ് തൻബീറിന്റെ മൊഴി. കഴുത്തിൽ ടവൽ മുറുക്കിയാണ് കൊല നടത്തിയതെന്നും തൻബീർ പറഞ്ഞു. തൻബീറിന്റെ അറസ്റ്റ് നാളെ രേഖപ്പെടുത്തും.
അതേസമയം ചോദ്യം ചെയ്തെങ്കിലും കൃത്യത്തിൽ മുന്നി ബീഗത്തിന് പങ്കില്ലെന്നാണ് പൊലീസിൻറെ പ്രാഥമിക നിഗമനം. ഞായറാഴ്ച്ച വൈകീട്ട് ആറ് മണിയോടാണ് ബംഗാൾ സ്വദേശിയായ മുന്നി ബീഗത്തിന്റെ മകൻ നാല് വയസ്സുകാരൻ ഗിൽദാറെ കഴക്കൂട്ടത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിക്കുന്നത്. മുന്നി ബീഗവും, മുന്നി ബീഗത്തിന്റെ സുഹൃത്ത് തൻബീർ ആലവും ചേർന്നാണ് കുഞ്ഞിനെ ആശുപത്രിയിലെത്തിക്കുന്നത്. ആശുപത്രിയിലെത്തുമ്പോൾ കുഞ്ഞിന് ജീവനുണ്ടായിരുന്നില്ല. തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ നടത്തിയ പോസ്റ്റ്മോർട്ടത്തിൽ മരണകാരണം കഴുത്തിനേറ്റ പരിക്കെന്ന് വ്യക്തമായിരുന്നു. ഒരാഴ്ച മുമ്പാണ് കഴക്കൂട്ടത്തെ ലോഡ്ജിൽ മുന്നി ബീഗവും തൻവീർ ആലവും താമസിക്കാനെത്തിയത്. ഇവർക്കൊപ്പം മുന്നിബീഗത്തിന്റെ നാലും ഒന്നും വയസ്സുള്ള മക്കളുമുണ്ടായിരുന്നു. ഭാര്യ ഭർത്താക്കന്മാർ എന്നായിരുന്നു ഇവർ ലോഡ്ജിൽ പറഞ്ഞിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."