ശബരിക്ക് കാത്തിരിപ്പ്, വഞ്ചിനാടിന് പിടിച്ചിടൽ; പുതിയ ഷെഡ്യൂൾ പ്രഹസനമെന്ന് ഫ്രണ്ട്‌സ് ഓൺ റെയിൽസ്
തിരുവനന്തപുരം: നാളെ മുതല്‍ പരിഷ്‌കരിക്കുന്ന റെയില്‍വേ സമയക്രമത്തില്‍ യാത്രക്കാർക്ക് നേട്ടമില്ലെന്ന് പരാതി. പുറപ്പെടുന്നതും അവസാനിപ്പിക്കുന്നതുമായ സ്‌റ്റേഷനിലെ സമയത്തില്‍ മാറ്റം ഇല്ലാത്തതിനാല്‍ സമയലാഭം ലഭിക്കുന്നില്ലെന്നതുതന്നെ കാരണം. നിലവില്‍ വേഗത വർധവിന്റെ യാതൊരു നേട്ടവും പുതിയ സമയക്രമത്തില്‍ ഇല്ലെന്നാണ് യാത്രക്കാരുടെ വിലയിരുത്തല്‍.
വഞ്ചിനാട് എക്‌സ്പ്രസിന്റെ (16303)ആദ്യസ്‌റ്റേഷനായ എറണാകുളം ജങ്ഷനിലെയും അവസാന സ്‌റ്റേഷനായ തിരുവനന്തപുരം സെന്‍ട്രലിലെയും സമയത്തില്‍ മാത്രം മാറ്റം വരുത്തിയില്ല. അവസാന സ്‌റ്റേഷനോട് അടുക്കും തോറും അഞ്ചുമിനിറ്റ് വരെ ലാഭം ഉണ്ടായിരുന്നത് ചുരുങ്ങി ഇല്ലാതാവുകയാണ് ചെയ്യുന്നത്. അതുമൂലം നാളെ മുതല്‍ വീടുകളില്‍ നിന്ന് നേരത്തെ പുറപ്പെടേണ്ടി വരികയും എന്നാല്‍ ലക്ഷ്യത്തില്‍ നേരത്തെ എത്താനും കഴിയില്ലെന്ന അവസ്ഥയാണ് ഇടയ്ക്കുള്ള സ്റ്റേഷനുകളിലെ യാത്രക്കാര്‍ക്ക് ഉണ്ടാവുക. ഗുരുവായൂർ - തിരുവനന്തപുരം ഇന്റര്‍സിറ്റി എക്‌സ്പ്രസ് (16341)കടന്നുപോകാന്‍ വഞ്ചിനാട് പിടിച്ചിടുന്നതിലും പുതിയ സമയക്രമത്തില്‍ മാറ്റം വരുന്നില്ല. ഇന്റര്‍സിറ്റി വൈകും തോറും വഞ്ചിനാടിന്റെ സമയദോഷം കൂടിക്കൊണ്ടേയിരിക്കും.
കോട്ടയം വഴിയുള്ള കൊല്ലം - എറണാകുളം മെമുവിന്റെ(66322) സമയത്തിലെ അഞ്ചുമിനിറ്റ് വ്യത്യാസം എറണാകുളം ജങ്ഷനിലെത്തുമ്പോള്‍ ഇല്ലാതാവുകയാണ്. അതിരാവിലെ സകല വീട്ടുജോലികളും പൂര്‍ത്തിയാക്കി ട്രെയിന്‍ പിടിക്കാന്‍ വീടുകളില്‍ നിന്നും ഇറങ്ങിയോടുന്ന നിരവധി സ്ത്രീകളുണ്ട്.
തൃപ്പൂണിത്തുറയില്‍ പോലും അഞ്ചുമിനിറ്റ് നേരത്തെ എത്തിക്കാതെ എന്തിനാണ് ഇങ്ങനെയൊരു മാറ്റം എന്ന ചോദ്യത്തിന് റെയില്‍വേയ്ക്ക് മറുപടിയില്ല. നിലവില്‍ 10 മിനിറ്റിലേറെ ട്രെയിൻ എറണാകുളം ജങ്ഷൻ ഔട്ടറില്‍ പ്ലാറ്റ് ഫോം ലഭ്യതയ്ക്ക് വേണ്ടി കാത്തുകിടക്കുന്നത് നാളെ മുതല്‍ വർധിക്കും.
സമയമാറ്റത്തിലൂടെ യാത്രാദൈര്‍ഘ്യം കുറയ്ക്കാനായിരുന്നു റെയില്‍വേ മുന്‍ഗണന നല്‍കേണ്ടിയിരുന്നതെന്ന് ഫ്രണ്ട്‌സ് ഓണ്‍ റെയില്‍സ് ജനറല്‍ സെക്രട്ടറി ലിയോണ്‍സ്.ജെ പറയുന്നു.
രണ്ടുമണിക്കൂറിലേറെ ഇടവേളയ്ക്ക് ശേഷം കോട്ടയം ഭാഗത്തേയ്ക്ക് സര്‍വിസ് നടത്തുന്ന വേളാങ്കണ്ണി എക്‌സ്പ്രസും (16361) തിരുവനന്തപുരം ശബരി എക്‌സ്പ്രസും (20629)എറണാകുളത്ത് നിന്ന് പുറപ്പെടുന്ന സമയത്തില്‍ വെറും അഞ്ചുമിനിറ്റ് വ്യത്യാസം മാത്രമാണുള്ളത്. എറണാകുളം ടൗണില്‍ നിന്ന് ആദ്യം പുറപ്പെടുന്ന ശബരി എക്‌സ്പ്രസ് ജങ്ഷൻ ഔട്ടറില്‍ 10 മിനിറ്റിലേറെ വേളാങ്കണ്ണി കടന്നുപോകാന്‍ കാത്തു കിടക്കേണ്ടി വരും. വേളാങ്കണ്ണി എക്‌സ്പ്രസ് എറണാകുളം ജങ്ഷനില്‍ നിന്ന് പുറപ്പെട്ട് പത്തുമിനിറ്റിന് ശേഷമായിരുന്നു ശബരിയുടെ സമയം നല്‍കിയിരുന്നതെങ്കില്‍ കൂടുതല്‍ യാത്രക്കാര്‍ക്ക് പ്രയോജനം കിട്ടുന്നതിനൊപ്പം എങ്ങും പിടിച്ചിടാതെ യാത്ര തുടരാനും സാധിച്ചേനെ. ആശാസ്ത്രീയമായ സമയക്രമമാണ് പ്രഖ്യാപിച്ചത് എന്ന ആരോപണത്തിന് അടിവരയിടുകയാണ് ഇവിടെ.
അതുപോലെ സെക്കന്ദ്രബാദിലേയ്ക്കുള്ള ശബരി എക്‌സ്പ്രസ് എറണാകുളം ടൗണില്‍ പുതിയ സമയക്രമം പ്രകാരം അരമണിക്കൂര്‍ നേരത്തെ എത്തിച്ചേരും. എന്നാല്‍ ഒറ്റപ്പാലത്തെ സമയത്തില്‍ മാറ്റം വരുന്നില്ല. ഡെസ്റ്റിനേഷന്‍ പോയിന്റുകളില്‍ മാറ്റം വരുത്താതെ നിരവധി ട്രെയിനുകളുടെ സമയം ഒരുമിനിറ്റ് മുതല്‍ അരമണിക്കൂര്‍ വരെ ആര്‍ക്കും പ്രയോജനമില്ലാത്ത രീതിയില്‍ മാറ്റിയതില്‍ യാത്രക്കാരില്‍ വലിയ തോതിലുള്ള അതൃപ്തി ഉയരുന്നുണ്ട്.
passengers are complaining that the revised railway timetable from tomorrow will not benefit them. the reason is that there is no change in the timings at the departure and arrival stations, so there is no time saving.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."