മദ്യരഹിത ഓണാഘോഷ സന്ദേശവുമായി കവലയൂര്‍ സ്കൂള്‍ വിദ്യാര്‍ഥികള്‍
തിരുവനന്തപുരം: 'ഓണാഘോഷത്തിന് മദ്യം വേണ്ടേ ,വേണ്ട' എന്ന സ്റ്റിക്കറുമായി ഈ വര്‍ഷത്തെ ഓണം മദ്യ രഹിതമായി ആഘോഷിക്കണം എന്നഭ്യര്‍ഥിച്ച് സ്കൂള്‍ കുട്ടികള്‍ വീടുകള്‍ക്ക് മുന്നില്‍ എത്തിയപ്പോള്‍ ആദ്യം വീട്ടുകാര്‍ക്ക് കൗതുകമായിരുന്നു.
പിന്നീട് അമ്മമാര്‍ കുട്ടികളെ തലയില്‍ കൈ വച്ച് അനുഗ്രഹിച്ചു. കുട്ടികള്‍ക്കും വീട്ടുകാര്‍ക്കും പുതിയ അനുഭവമായി ഈ വ്യത്യസ്ത തരത്തിലുള്ള മദ്യ വിരുദ്ധ സന്ദേശ പ്രചാരണ പരിപാടി.
കവലയൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ നടന്ന ഓണാഘോഷത്തിന്റെ ഭാഗമായാണ് ലഹരി വിരുദ്ധ ക്ലബിന്റെയും ജൂനിയര്‍ റെഡ് ക്രോസിന്റെയും ആഭിമുഖ്യത്തില്‍ വിദ്യാര്‍ഥികള്‍ സ്കൂള്‍ പരിസരത്തെ വീടുകളില്‍ മദ്യ രഹിത ഓണാഘോഷ സന്ദേശ സ്റ്റിക്കര്‍ പതിക്കാന്‍ എത്തിയത്. 'കുട്ടികളാണ് കുടുംബത്തിന്റെ ലഹരി 'എന്ന സന്ദേശവും സ്റ്റിക്കറില്‍ ഉണ്ടായിരുന്നു.
കവലയൂര്‍ സ്കൂള്‍ ഹെഡ്മിസ്ട്രസ് എ. ലതാകുമാരി, പി.ടി.എ പ്രസിഡന്റ് ജി.ഭാവനന്‍, ജെ.ആര്.സി.കണ്‍വീനര്‍ സി.ഐ.രാജന്, ലഹരി വിരുദ്ധ ക്ലബ് കണ്‍വീനര്‍ ജെ.എം.റഹിം എന്നിവരുടെ നേതൃത്വത്തില്‍ ആണ് കുട്ടികള്‍ സ്കൂള്‍ പരിസരത്തെ വീടുകളില്‍ എത്തിയത്. കുട്ടികള്‍ പല ഗ്രൂപ്പുകളായി തിരിഞ്ഞു സ്കൂള്‍ പരിസരത്തെയും സമീപ പ്രദേശങ്ങളിലെയും അഞ്ഞൂറിലധികം വീടുകളിലും കടകളിലും സന്ദേശ സ്റ്റിക്കര്‍ പതിപ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."