അഴിമതി വിരുദ്ധ നടപടികൾ ശക്തമാക്കി സഊദി; 116 സർക്കാർ ഉദ്യോഗസ്ഥർ അറസ്റ്റിൽ
റിയാദ്: സഊദിയിൽ അഴിമതി വിരുദ്ധ നടപടികളുടെ ഭാഗമായി വിവിധ മന്ത്രാലയങ്ങളിലെ 116 ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്തു. കൈക്കൂലി, ഔദ്യോഗിക പദവി ദുരുപയോഗം ചെയ്യൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് നടപടി. ഓവർസൈറ്റ് ആൻഡ് ആന്റി കറപ്ഷൻ അതോറിറ്റി (നസാഹ) നടത്തിയ അന്വേഷണത്തിന് പിന്നാലെയാണ് അറസ്റ്റ്.
2025 ഡിസംബറിൽ രാജ്യവ്യാപകമായി നടത്തിയ പരിശോധനകളുടെ തുടർച്ചയായാണ് ഈ നീക്കം. ആകെ 1,440 പരിശോധനകൾ നടത്തിയ അതോറിറ്റി വിവിധ വകുപ്പുകളിലെ 466 പേരെ ചോദ്യം ചെയ്തിരുന്നു. ആഭ്യന്തര മന്ത്രാലയം, മുനിസിപ്പാലിറ്റികൾ, ഹൗസിംഗ്, വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയ മന്ത്രാലയങ്ങളിലെ ജീവനക്കാരാണ് അന്വേഷണ പരിധിയിലുള്ളത്.
കസ്റ്റഡിയിലെടുത്ത 116 പേരിൽ ചിലരെ ക്രിമിനൽ നടപടിക്രമങ്ങൾ പൂർത്തിയാക്കി ജാമ്യത്തിൽ വിട്ടയച്ചിട്ടുണ്ട്. മറ്റുള്ളവരെ കൂടുതൽ നിയമനടപടികൾക്കായി ജുഡീഷ്യറിക്ക് കൈമാറും.
പൊതുമുതൽ സംരക്ഷിക്കുന്നതിനും ഭരണരംഗത്ത് സുതാര്യത ഉറപ്പാക്കുന്നതിനും വിട്ടുവീഴ്ചയില്ലാത്ത നടപടികളാണ് സഊദി സർക്കാർ സ്വീകരിക്കുന്നത്. എല്ലാ രൂപത്തിലുള്ള അഴിമതിയെയും തുടച്ചുനീക്കുക എന്ന ലക്ഷ്യത്തോടെയാണ് 'നസഹ' പ്രവർത്തിക്കുന്നത്. സാമ്പത്തികമോ ഭരണപരമോ ആയ അഴിമതി ശ്രദ്ധയിൽപ്പെട്ടാൽ 980 എന്ന ടോൾ ഫ്രീ നമ്പറിലൂടെയോ വെബ്‌സൈറ്റ് വഴിയോ അധികൃതരെ അറിയിക്കണമെന്ന് പൊതുജനങ്ങളോട് അധികൃതർ അഭ്യർത്ഥിച്ചു.
സഊദിയിലെ വിഷൻ 2030 പദ്ധതിയുടെ ഭാഗമായി സദ്ഭരണം പ്രോത്സാഹിപ്പിക്കുന്നതിൽ ഇത്തരം നടപടികൾ വലിയ പങ്കുവഹിക്കുന്നുണ്ടെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി.
saudi arabia has intensified anti corruption measures leading to the arrest of 116 government officials. authorities said investigations targeted misuse of power bribery and financial violations as part of broader governance reforms aimed at transparency accountability and public trust nationwide
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."