മുസ്‌ലിം ലീഗിന് കൂടുതൽ സീറ്റുകൾ ആവശ്യപ്പെടാൻ അർഹതയുണ്ട്: പി.കെ. കുഞ്ഞാലിക്കുട്ടി
കോഴിക്കോട്: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ മുസ്‌ലിം ലീഗിന് കൂടുതൽ സീറ്റുകൾക്ക് അർഹതയുണ്ടെന്നും ഇക്കാര്യം യുഡിഎഫ് മുന്നണി യോഗത്തിൽ ഔദ്യോഗികമായി അറിയിക്കുമെന്നും പി.കെ. കുഞ്ഞാലിക്കുട്ടി. കോഴിക്കോട് ലീഗ് ഹൗസിൽ ചേരുന്ന സംസ്ഥാന ഭാരവാഹി യോഗത്തിന് മുന്നോടിയായി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മുന്നണിയിൽ സൗഹാർദപരമായ അന്തരീക്ഷത്തിൽ തന്നെ സീറ്റ് ചർച്ചകൾ പൂർത്തിയാക്കാൻ കഴിയുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.
തദ്ദേശ തിരഞ്ഞെടുപ്പിലെ മികച്ച പ്രകടനം കൂടി കണക്കിലെടുത്ത് ഇത്തവണ കൂടുതൽ സീറ്റുകൾ ആവശ്യപ്പെടണമെന്ന ഉറച്ച നിലപാടിലാണ് ലീഗ് നേതൃത്വം. എങ്കിലും, മുന്നണിയുടെ കെട്ടുറപ്പിനെ ബാധിക്കുന്ന തരത്തിലുള്ള പരസ്യമായ സമ്മർദ്ദ തന്ത്രങ്ങളിലേക്ക് പാർട്ടി കടക്കില്ലെന്നാണ് സൂചന.
മലബാറിന് പുറമെ മധ്യ-തെക്കൻ കേരളത്തിൽ വിജയസാധ്യതയുള്ള കൂടുതൽ സീറ്റുകളിൽ മത്സരിക്കാൻ ലീഗ് താല്പര്യം പ്രകടിപ്പിക്കുന്നുണ്ട്. നിലവിലുള്ള ചില സീറ്റുകൾ വച്ചുമാറുന്ന കാര്യവും യോഗം ചർച്ച ചെയ്യും. ഇതിനൊപ്പം തന്നെ സ്ഥാനാർത്ഥി നിർണ്ണയത്തിൽ യുവാക്കൾക്ക് അർഹമായ പരിഗണന നൽകുന്നതിനെക്കുറിച്ചും ഗൗരവമായ ചർച്ചകൾ നടക്കും. തുടർച്ചയായി മത്സരിക്കുന്നവർക്ക് നിയന്ത്രണം ഏർപ്പെടുത്തുന്ന 'ടേം വ്യവസ്ഥ' കർശനമാക്കണോ അതോ തദ്ദേശ തിരഞ്ഞെടുപ്പിലെന്നപോലെ വിജയസാധ്യത കണക്കിലെടുത്ത് ഇളവുകൾ നൽകണോ എന്ന കാര്യത്തിലും യോഗം തീരുമാനമെടുക്കും.
കോൺഗ്രസ് തിരഞ്ഞെടുപ്പ് ഒരുക്കങ്ങൾ സജീവമാക്കിയതിന് പിന്നാലെയാണ് ലീഗും തന്ത്രങ്ങൾ മെനയാൻ നേതൃയോഗം വിളിച്ചുചേർത്തത്. സ്ഥാനാർത്ഥി നിർണ്ണയത്തിനുള്ള പ്രാഥമിക മാനദണ്ഡങ്ങൾക്കും യോഗത്തിൽ വെച്ച് രൂപം നൽകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."