തൃപ്പൂണിത്തുറ അത്തച്ചമയം
ഓണാഘോഷത്തിന്റെ വരവറിയിച്ചു നടത്തുന്ന മധ്യകേരളത്തിലെ പ്രധാന ആഘോഷങ്ങളിലൊന്നാണു തൃപ്പൂണിത്തുറ അത്തച്ചമയം. ചരിത്രരേഖകള്‍ പ്രകാരം രാജഭരണകാലത്ത് അത്തപ്പുറപ്പാട് എന്ന പേരില്‍ നടത്തിവന്നിരുന്ന ഒരു ചടങ്ങാണ് ഇന്നത്തെ അത്തച്ചമയമായി മാറിയത്.
കൊച്ചി രാജവംശത്തിന്റെ ചരിത്രവുമായാണ് അത്തച്ചമയം ബന്ധപ്പെട്ടിരിക്കുന്നത്. പണ്ട് തൃക്കാക്കരയിലെ ഓണാഘോഷങ്ങള്‍ 28 ദിവസം നീണ്ടുനില്‍ക്കുന്ന ചടങ്ങായിരുന്നു. അതില്‍ അത്തം നാളിലെ ഉത്സവത്തിന്റെ നടത്തിപ്പവകാശം കൊച്ചി രാജാവില്‍ നിക്ഷിപ്തമായിരുന്നു. അന്നേദിവസം ഉത്സവനടത്തിപ്പിനായി ഉദ്യോഗസ്ഥ-പ്രജാസമേതം രാജാവ് തൃക്കാക്കരയിലേക്കു നടത്തിയ യാത്രയാണ് അത്തച്ചമയമായി അറിയപ്പെടുന്നത്.
ഈ ദിവസം ജാതിഭേദമന്യേ എല്ലാ ജനങ്ങള്‍ക്കും രാജ ദര്‍ശനത്തിന് അവസരം ലഭിച്ചിരുന്നു. മുഴുവന്‍ കൊട്ടാര ഉദ്യോഗസ്ഥരും ഈ ദിനം രാജാവിനൊപ്പമുണ്ടാകും. ഇവരെ കൂടാതെ നെട്ടൂര്‍ മുസ്‌ലിം പള്ളിയുടെ ചുമതലക്കാരന്‍, കരിങ്ങാച്ചിറ ക്രിസ്ത്യന്‍ പള്ളിയിലെ കത്തനാര്, ചെമ്പിലരയന്‍ എന്നിവരുമുണ്ടാകും. ആചാരപ്രകാരം രാജാവിന്റെ ഇടതുഭാഗത്തു ദിവാന്‍, വലതുഭാഗത്തു പാലിയത്തച്ചന്‍, അവര്‍ക്കു പിന്നിലായി ഉദ്യോഗസ്ഥരുടെ സ്ഥാനമനുസരിച്ച് ഓരോരുത്തരും അണിനിരക്കും. അതിനു പിറകിലായി പ്രജകളും. പ്രത്യേകമായി തയാര്‍ചെയ്ത വസ്ത്രങ്ങളാണു രാജവും പരിവാരങ്ങളും അന്നേദിവസം ധരിക്കുക. ആനയും അമ്പാരിയും മുത്തുക്കുടകളും കുതിരപ്പടയും വാദ്യമേളങ്ങളുമുള്‍പ്പെടേ ഘോഷയാത്രയായിട്ടായിരുന്നു രാജാവ് തൃക്കാക്കരയിലേക്കു പുറപ്പെട്ടിരുന്നത്.
കൊച്ചി രാജാവ് തൃപ്പൂണിത്തുറയിലേക്കു തന്റെ ആസ്ഥാനം മാറ്റിയതിനു ശേഷമായിരുന്നു അത്തച്ചമയ ഘോഷയാത്ര ആരംഭിച്ചതെന്നു ചരിത്രരേഖകള്‍ പറയുന്നു. തൃപ്പൂണിത്തുറയിലെ ആസ്ഥാനമന്ദിരം(തൃപ്പൂണിത്തുറ ഹില്‍പാലസ്) പണിയുന്നതിനു മുന്‍പു ശ്രീപൂര്‍ണത്രയീശ ക്ഷേത്രത്തിനു സമീപമായിരുന്നു രാജാവ് താമസിച്ചിരുന്നത്. ഇതിനടുത്തുള്ള കളിക്കോട്ടയില്‍ നിന്നാണ് അത്തച്ചമയ ഘോഷയാത്ര നടത്തിയിരുന്നത്. 1880ല്‍ ഹില്‍പാലസിന്റെ നിര്‍മാണം പൂര്‍ത്തിയായതോടെ രാജാവിന്റെ അത്തപ്പുറപ്പാട് അവിടെ നിന്നായി.
1949ല്‍ പരീക്ഷിത്ത് മഹാരാജാവ് എഴുന്നെള്ളിയ ചടങ്ങായിരുന്നു അവസാനത്തെ രാജകീയ അത്തച്ചമയം. തുടര്‍ന്നു തിരുകൊച്ചി സംയോജനവും 1956ല്‍ കേരളപ്പിറവിയും പിന്നിട്ടു നാലുവര്‍ഷം കഴിഞ്ഞതിനു ശേഷമാണ് 1961ല്‍ ജനകീയ അത്തച്ചമയം ആരംഭിച്ചത്. 1979നു ശേഷം ഇത് തൃപ്പൂണിത്തുറ മുനിസിപ്പാലിറ്റി ഏറ്റെടുത്തു നടത്തിവരുന്നു. ഹില്‍പാലസിനു പകരം തൃപ്പൂണിത്തുറ ബോയ്‌സ് ഹൈസ്‌കൂള്‍ ഗ്രൗണ്ടിലെ അത്തം നഗറില്‍നിന്നു തുടങ്ങി നഗരം ചുറ്റി തിരികെ അത്തം നഗറിലെത്തുന്നതാണ് ഇന്നത്തെ അത്തച്ചമയം. അത്തോഘോഷം ആരംഭിച്ചിരുന്ന പഴയ കളിക്കോട്ട ഇന്നു കല്യാണമണ്ഡപമാണ്.
ഇതുകൂടാതെ മറ്റുചില ഐതിഹ്യങ്ങളും അത്തച്ചമയത്തെ പറ്റിയുണ്ട്. ചോള-കേരള യുദ്ധത്തില്‍ കൊല്ലത്തുനിന്നു ചോളന്മാരെ കേരളീയരെല്ലാം ചേര്‍ന്നു പുറത്താക്കിയതിന്റെ വിജയസ്മാരകമായി നടത്തിവന്നിരുന്ന ആഘോഷമാണ് അത്തച്ചമയമെന്നതാണ് അതിലൊന്ന്. ആധുനിക കൊച്ചിയുടെ അടിത്തറ പാകിയ ശക്തന്‍ തമ്പുരാന്റെ കാലത്ത് തൃശ്ശൂരിലും, സാമൂതിരി രാജാവിന്റെ കാലത്ത് കോഴിക്കോട്ടും അത്തച്ചമയത്തിന്റെ ചരിത്രം പരാമര്‍ശവിഷയമായിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."