സപ്ലൈകോ ഓണവിപണി: പ്രത്യേക ചന്തകളിലെ വിറ്റുവരവ് 10 കോടി കവിഞ്ഞു
കൊച്ചി: ഓണം-ബക്രീദ് ആഘോഷം പ്രമാണിച്ച് സപ്ലൈകോ വിപണിയിടപെടലിനായി ആരംഭിച്ച 176 പ്രത്യേക ചന്തകളിലെ വിറ്റുവരവ് 10 കോടി കവിഞ്ഞു. പ്രത്യേക ഓണച്ചന്തകള്‍ക്കു പുറമെ സപ്ലൈകോയുടെ എല്ലാ വില്‍പനശാലകള്‍ വഴിയും അവശ്യസാധനങ്ങള്‍ വിതരണം ചെയ്തുവരുന്നുണ്ട്. 1465 ഓണം-ബക്രീദ് ഫെയറുകളാണ് സപ്ലൈകോ സംസ്ഥാനത്തൊട്ടാകെ സംഘടിപ്പിക്കുന്നത്.
എല്ലാ ഇനം അരിയും പയറുവര്‍ഗങ്ങളും സബ്‌സിഡി നിരക്കിലും നോണ്‍ സബ്‌സിഡി നിരക്കിലും ലഭിക്കും. ഓണം പ്രമാണിച്ച് ഒരു റേഷന്‍ കാര്‍ഡിന് നല്‍കുന്ന 10 കിലോ അരി ഒന്നിച്ച് എല്ലാ വില്‍പനശാലകളില്‍ നിന്നും വാങ്ങാനുള്ള സൗകര്യവും ഉണ്ടായിരിക്കും
. ബി.പി.എല്‍ കാര്‍ഡുടമകള്‍ക്ക് 15 ലക്ഷത്തോളം ഓണക്കിറ്റുകള്‍ കിറ്റുകള്‍ വിതരണം ചെയ്തു. ഇതിനുപുറമെ പട്ടികവര്‍ഗ കുടുംബങ്ങള്‍ക്ക് നല്‍കുന്ന ട്രൈബല്‍ കിറ്റുകളുടെ വിതരണവും പൂര്‍ത്തിയായി വരുന്നു. സ്‌കൂള്‍ കുട്ടികള്‍ക്ക് നല്‍കുന്ന അഞ്ചു കിലോ സൗജന്യ അരിയുടെ വിതരണവും നടന്നുവരുന്നു.
സപ്ലൈകോയുടെ പ്രത്യേക ഓണസമ്മാനപദ്ധതിക്കും ഉപഭോക്താക്കളില്‍ നിന്ന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. 300 രൂപയുടെ ശബരി ഉല്‍പന്നങ്ങളടക്കം 2000 രൂപയുടെ സാധനങ്ങള്‍ വാങ്ങുന്നയാള്‍ക്ക് പദ്ധതി പ്രകാരം ഒരു ഗിഫ്റ്റ് കൂപ്പണ്‍ ലഭിക്കും.
രണ്ടായിരം രൂപയ്ക്ക് മുകളിലുള്ള ഓരോ ആയിരം രൂപയുടെ പര്‍ച്ചേസിനും ഓരോ കൂപ്പണ്‍ വീതം അധികമായി ലഭിക്കും. ഓണത്തിനുശേഷം കൂപ്പണുകള്‍ നറുക്കെടുത്ത് വിജയിക്ക് അഞ്ചു പവന്‍ സ്വര്‍ണം നല്‍കും. ഓരോ ജില്ലാതല വിജയിക്കും ഓരോ പവന്‍ വീതം സ്വര്‍ണവും നല്‍കുന്നതാണ് സപ്ലൈകോയുടെ സമ്മാനപദ്ധതി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."