ആത്മഹത്യയ്ക്ക് ശ്രമിച്ച വിദ്യാര്‍ഥിനി മരിച്ചു; പ്രധാനാധ്യാപികയ്ക്ക് സസ്‌പെന്‍ഷന്‍
ആര്‍പ്പൂക്കര: പ്രധാനാധ്യാപികയുടെ മാനസികപീഡനത്തെ തുടര്‍ന്നു ജീവനൊടുക്കാന്‍ ശ്രമിച്ച വിദ്യാര്‍ഥിനി മരിച്ചു. മൂവാറ്റുപുഴ മണിയംതടം പനവേലില്‍ അനിരുദ്ധന്‍- ലേഖ ദമ്പതികളുടെ മകളും മൂവാറ്റുപുഴ മോഡല്‍ വി.എച്ച്.എസ്.എസിലെ പ്ലസ്ടു വിദ്യാര്‍ഥിനിയുമായ നന്ദന(17) ആണ് മരിച്ചത്.
80 ശതമാനത്തിലേറെ പൊള്ളലേറ്റു കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെ ഇന്നലെ പുലര്‍ച്ചെയായിരുന്നു മരണം. കഴിഞ്ഞ മൂന്നിനായിരുന്നു സംഭവം. പരീക്ഷസമയത്തു സ്‌കൂളില്‍ നടന്ന മൊബൈല്‍ഫോണ്‍ പരിശോധനയ്ക്കിടെ വിദ്യാര്‍ഥിനിയുടെ ബാഗില്‍നിന്നു ഒരു കുറിപ്പ് കണ്ടെത്തിയിരുന്നു. സാഹിത്യാഭിരുചിയുള്ള നന്ദന എഴുതിയ സ്വകാര്യകുറിപ്പിനെ സംബന്ധിച്ചു പ്രധാനാധ്യാപിക പെണ്‍കുട്ടിയെ ശാസിച്ചിരുന്നു.
ഇതില്‍ മനംനൊന്ത് വീട്ടിലെത്തിയ നന്ദന മുറിയില്‍ കയറി മണ്ണെണ്ണ ദേഹത്തൊഴിച്ച് തീകൊളുത്തുകയായിരുന്നു. ബാഗില്‍ നിന്നു ലഭിച്ച എഴുത്തിന്റെ പേരില്‍ അധ്യാപിക അപമാനിച്ചുവെന്നും ഇതില്‍ മനംനൊന്താണ് ജീവനൊടുക്കാന്‍ ശ്രമിച്ചതെന്നും പെണ്‍കുട്ടി കോട്ടയം മെഡിക്കല്‍ കോളജില്‍ വച്ച് മജിസ്‌ട്രേറ്റിനു മൊഴി നല്‍കിയിരുന്നു.
പ്രധാനാധ്യാപിക മാനസികമായി പീഡിപ്പിച്ചതാണ് നന്ദന ആത്മഹത്യയ്ക്കു മുതിരാന്‍ കാരണമെന്ന് ആരോപിച്ച് പിതാവ് നല്‍കിയ പരാതിയില്‍ വാഴക്കുളം പൊലിസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. അധ്യാപികയെ വി.എച്ച്.എസ്.ഇ ഡയറക്ടര്‍ അന്വേഷണവിധേയമായി സസ്‌പെന്‍ഡ് ചെയ്തു. അതേസമയം കുട്ടിയോട് മോശമായി ഒന്നും സംസാരിച്ചിട്ടില്ലെന്നും ബാഗില്‍ നിന്നു ലഭിച്ച കത്തിനെക്കുറിച്ച് ചോദിക്കുക മാത്രമാണ് ചെയ്തതെന്നുമാണ് അധ്യാപികയുടെ വിശദീകരണം. മൃതദേഹം കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ക്കു വിട്ടുകൊടുത്തു. സഹോദരി: നയന.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."