ഇറാനെ ആക്രമിക്കരുതെന്ന് ട്രംപിനോട് അറബ് രാജ്യങ്ങള്‍; യുദ്ധഭീതി ഒഴിയാതെ ഗള്‍ഫ് മേഖലയും; യു.എസ് വ്യോമതാവളങ്ങളാല്‍ ചുറ്റപ്പെട്ട് ഇറാന്‍
വാഷിംഗ്ടണ്‍: ഇറാനില്‍ ഭരണകൂട വിരുദ്ധ പ്രക്ഷോഭം ശക്തമാകുന്നതിനിടെ, അതിന്റെ മറവില്‍ ആക്രമണം നടത്താനുള്ള നീക്കത്തില്‍ നിന്ന് പിന്മാറണമെന്ന് യു.എസിലെ ട്രംപ് ഭരണകൂടത്തോട് ആവശ്യപ്പെട്ട് സൗദി അറേബ്യ ഉള്‍പ്പെടെയുള്ള ഗള്‍ഫ് രാജ്യങ്ങള്‍. ആക്രമണത്തിന് തയ്യാറെടുക്കാന്‍ അമേരിക്ക മുന്നറിയിപ്പ് നല്‍കിയിട്ടുണ്ടെങ്കിലും, മേഖലയിലെ സമാധാനവും എണ്ണ വിപണിയും കണക്കിലെടുത്ത് അറബ്, ഗള്‍ഫ് രാജ്യങ്ങള്‍ ട്രംപിനെ ആശങ്ക അറിയിച്ചതായി 'വാള്‍ സ്ട്രീറ്റ് ജേണല്‍' റിപ്പോര്‍ട്ട് ചെയ്തു.
ഇറാനില്‍ ഭരണമാറ്റം ലക്ഷ്യമിട്ടുള്ള ആക്രമണം നടന്നാല്‍ അത് ആഗോള എണ്ണ വിപണിയെ സാരമായി ബാധിക്കുമെന്നും അമേരിക്കന്‍ സമ്പദ്‌വ്യവസ്ഥയെപ്പോലും പിന്നോട്ടടിക്കുമെന്നും യു.എസ് സഖ്യകക്ഷികളായ സൗദി അറേബ്യ, ഒമാന്‍, ഖത്തര്‍ എന്നീ രാജ്യങ്ങള്‍ വൈറ്റ് ഹൗസിനെ അറിയിച്ചു.
രണ്ട് തലത്തിലെ ആശങ്കകള്‍
മേഖലയിലെ സുരക്ഷയ്ക്കും എണ്ണ ഇടപാടിനും ആക്രമണം ഒരുപോലെ ഭീഷണിയാകുമെന്ന് അറബ് രാജ്യങ്ങള്‍ യു.എസിനെ ധരിപ്പിച്ചു. ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട എണ്ണക്കടത്തു പാതയായ ഹോര്‍മുസ് കടലിടുക്കിലെ ഗതാഗതം തടസ്സപ്പെടുമെന്നത് ഗള്‍ഫ് രാജ്യങ്ങളെ ഭയപ്പെടുത്തുന്നു. ലോകത്തെ എണ്ണക്കയറ്റുമതിയുടെ അഞ്ചിലൊന്നും നടക്കുന്നത് ഈ പാതയിലൂടെയാണ്. ടൂറിസത്തിനും സാമ്പത്തിക വികസനത്തിനും ഊന്നല്‍ നല്‍കുന്ന ഗള്‍ഫ് രാഷ്ട്രങ്ങളുടെ 'വിഷന്‍ 2030' പദ്ധതികളെ മേഖലയിലെ അസ്ഥിരത ബാധിക്കുമെന്നും ഇവര്‍ ഭയപ്പെടുന്നു. കൂടാതെ, ഇറാനെ ആക്രമിച്ചാല്‍ ഖത്തറിലേതടക്കമുള്ള മേഖലയിലെ യു.എസ് താവളങ്ങള്‍ക്ക് നേരെ പ്രത്യാക്രമണം ഉറപ്പാണ്. അങ്ങിനെ സംഭവിച്ചാല്‍ അത് ഗള്‍ഫ് മേഖലയെയാകെ പ്രതിസന്ധിയിലാക്കും.
ഇറാനെതിരെ സമ്മര്‍ദ്ദം ചെലുത്തുന്നതില്‍ അമേരിക്കയ്‌ക്കൊപ്പമാണെങ്കിലും, നേരിട്ടുള്ള സൈനിക നീക്കത്തില്‍ നിന്ന് സൗദി അറേബ്യ വിട്ടുനില്‍ക്കുകയാണ്. ഇറാനെതിരായ ആക്രമണത്തിന് സൗദി വ്യോമപാത ഉപയോഗിക്കാന്‍ അനുവദിക്കില്ലെന്ന് റിയാദ് ടെഹ്‌റാനെ അറിയിച്ചതായാണ് വിവരം. മേഖലയിലുണ്ടാകുന്ന പ്രതിഷേധങ്ങള്‍ സ്വന്തം രാജ്യത്തെ ബാധിക്കുമോ എന്ന ആശങ്കയും സൗദി നേതൃത്വത്തിനുണ്ട്.
ഇറാന് ചുറ്റും യു.എസ് താവളങ്ങള്‍
ഇറാനു ചുറ്റം അമേരിക്കക്ക് നിരവധി സൈനിക താവളങ്ങളുണ്ട്. ഇറാഖ്, കുവൈത്ത്, ഖത്തര്‍, യു.എ.ഇ, ഒമാന്‍, സിറിയ, തുര്‍ക്കി, ജോര്‍ദാന്‍, സഊദി അറേബ്യ രാജ്യങ്ങളില്‍ യു.എസിന് സൈനിക താവളങ്ങളുണ്ട്. ഈ താവളങ്ങളില്‍ നിന്ന് യു.എസ് ആക്രമിച്ചാല്‍, ആക്രമിക്കാന്‍ സഹായിക്കുന്ന ഗള്‍ഫ് രാജ്യങ്ങളെ തിരിച്ചാക്രമിക്കുമെന്ന് ഇറാനും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇറാനെതിരേ സൈനിക പടയൊരുക്കം ശക്തമെന്ന സൂചന നല്‍കി ഖത്തറിലെ അല്‍ ഉദൈദ് വ്യോമതാവളത്തില്‍നിന്ന് സൈന്യത്തോട് ഒഴിയാന്‍ യു.എസ് നിര്‍ദേശം നല്‍കി. കഴിഞ്ഞ തവണ ഇറാനില്‍ യു.എസ് ആക്രമണം നടത്തിയപ്പോള്‍ ഇറാന്‍ തിരിച്ചടിച്ച് ഈ സൈനിക താവളത്തിലേക്കായിരുന്നു. പശ്ചിമേഷ്യയിലെ ഏറ്റവും വലിയ യു.എസിന്റെ സൈനിക താവളമാണ് അല്‍ ഉദൈദ്.
സൈനികരെ മറ്റൊരു പോസ്റ്റിലേക്ക് മാറ്റുന്ന സാധാരണ നടപടിക്രമമാണെന്നും ഒഴിപ്പിക്കല്‍ അല്ലെന്നും യു.എസ് നയതന്ത്ര പ്രതിനിധി പറഞ്ഞു. ഇറാനില്‍ യു.എസ് കഴിഞ്ഞ ജൂണില്‍ ആക്രമണം നടത്തുന്നതിന് ഒരാഴ്ച മുന്‍പും അല്‍ ഉദൈദ് താവളത്തില്‍നിന്ന് സൈനികരെയും കുടുംബങ്ങളെയും യു.എസ് ഒഴിപ്പിച്ചിരുന്നു.
ഭീഷണി തുടര്‍ന്ന് അമേരിക്ക
ഇറാനെതിരെ വ്യോമാക്രമണം ഉള്‍പ്പെടെയുള്ള എല്ലാ സാധ്യതകളും പരിഗണനയിലുണ്ടെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കാരോലിന്‍ ലീവിറ്റ് പറഞ്ഞു. നയതന്ത്ര ചര്‍ച്ചകള്‍ക്കാണ് മുന്‍ഗണനയെങ്കിലും സൈനിക നീക്കം തള്ളിക്കളയാനാവില്ലെന്നാണ് അമേരിക്കന്‍ നിലപാട്. ഇറാന്‍ സര്‍ക്കാരുമായുള്ള ചര്‍ച്ചകള്‍ റദ്ദാക്കിയതായും പ്രക്ഷോഭകാരികളോട് 'സഹായം ഉടന്‍ എത്തും' എന്നും ട്രംപ് തന്റെ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ 'ട്രൂത്ത് സോഷ്യല്‍' വഴി പറഞ്ഞു.
മേഖലയില്‍ സംഘര്‍ഷം പുകയുന്നതിനിടെ, ഇറാനെതിരായ നീക്കം അനിവാര്യമാണെന്ന നിലപാടിലാണ് അമേരിക്കന്‍ ഉദ്യോഗസ്ഥര്‍.
Arab countries, led by Saudi Arabia, across the Persian Gulf, have asked the Trump administration to hold off their plans to attack Tehran amid the protests in Iran, even as the US has warned them to be prepared for such a strike, the Wall Street Journal (WSJ) reported on Tuesday, January 13.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."