ബസിടിച്ച് സ്കൂട്ടര്‍ യാത്രക്കാരി മരിച്ചു
കൊച്ചി: കലൂര്‍ സിഗ്നല്‍ ജങ്ഷനില്‍ സ്കൂട്ടറിനു പിന്നില്‍ ബസിടിച്ച് സ്കൂട്ടര്‍ യാത്രക്കാരിയായ സ്ത്രീ മരിച്ചു. വാഹനമോടിച്ചിരുന്ന മകളെ ഗുരുതര പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
രവിപുരം കുരിശുപള്ളി റോഡില്‍ അത്താണിയ്ക്കല്‍ ബാബുവിന്റെ ഭാര്യ സാറാമ്മ (63) ആണ് മരിച്ചത്. സ്കൂട്ടറോടിച്ചിരുന്ന മകള്‍ ആശ കലൂര്‍ പി.വി.എസ് ആശുപത്രിയിലാണ്. സാറാമ്മയുടെ മൃതദേഹം എറണാകുളം ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍.
ഇന്നലെ രാത്രി ഏഴിനാണ് അപകടം. പാലാരിവട്ടം ഭാഗത്തുനിന്ന് എറണാകുളത്തേക്ക് പോകുകയായിരുന്ന 'സന' എന്ന ബസാണ് സ്കൂട്ടറില്‍ ഇടിച്ചത്. കലൂര്‍ സിഗ്നല്‍ ജങ്ഷനില്‍ എറണാകുളം ഭാഗത്തേക്കുള്ള സിഗ്നല്‍ ഓണായതോടെ വാഹനങ്ങള്‍ നീങ്ങുമ്പോള്‍ സമീപത്തുകൂടി പോയ സ്കൂട്ടറില്‍ ബസിന്റെ മുന്‍ഭാഗം ഇടിയ്ക്കുകയായിരുന്നു.
പിന്‍സീറ്റിലിരിക്കുകയായിരുന്ന സാറാമ്മ തെറിച്ച് റോഡില്‍ വീണു. ഇവരുടെ തലയിലൂടെ ബസിന്റെ ചക്രം കയറിയിറങ്ങി. മകള്‍ സ്കൂട്ടറിനൊപ്പം എതിര് ദിശയിലേക്കാണ് വീണത്. ഓടിക്കൂടിയ നാട്ടുകാരും ട്രാഫിക് പൊലിസും ചേര്‍ന്നാണ് ഇരുവരെയും ആശുപത്രിയിലെത്തിച്ചത്.
ബസ് ഡ്രൈവര്‍ക്കെതിരേ ഇടപ്പള്ളി ട്രാഫിക് പൊലിസ് കേസെടുത്തിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."