മുഖ്യമന്ത്രിയുടെ നിര്‍ദേശം ശിരസാവഹിച്ചു; കൊച്ചി താലൂക്ക് ഓഫിസില്‍ അവധി ദിനത്തില്‍ ഓണാഘോഷം
മട്ടാഞ്ചേരി: പൊതു ജനത്തെ ബുദ്ധിമുട്ടിക്കാതെ സര്‍ക്കാര്‍ ജീവനക്കാര്‍ അവധി ദിനത്തിലും ഒഴിവു വേളയിലും ഓണം ആഘോഷിക്കണമെന്ന മുഖ്യമന്ത്രിയുടെ നിര്‍ദേശം നടപ്പാക്കി കൊച്ചി താലൂക്ക് ഓഫീസിലേയും ഫോര്‍ട്ട്‌കൊച്ചി ആര്‍.ഡി.ഒ ഓഫീസിലേയും ജീവനക്കാര്‍ മാതൃകയായി.
അവധി ദിനമായ ശനിയാഴ്ചയായിരുന്നു ഇവിടത്തെ ഓണാഘോഷം. ആഘോഷത്തിന്റെ പൊലിമയ്ക്ക് കോട്ടം തട്ടാതെ സര്‍ക്കാര്‍ നിര്‍ദേശം പാലിച്ച് കൊണ്ട് തന്നെ ഓണം ആഘോഷിക്കണമെന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് ആഘോഷത്തിനായി അവധി ദിനം തന്നെ തെരഞ്ഞെടുത്തത്.
രാവിലെ തന്നെ കുടുംബ സമേതം ഓഫീസിലെത്തിയ ജീവനക്കാര്‍ മനോഹരമായ അത്ത പൂക്കളം തയ്യാറാക്കി. സമയം ഒട്ടും തെറ്റിക്കാതെ ഉദ്ഘാടകയായ അസി. കലക്ടര്‍ രേണുരാജ് കേരള തനിമയില്‍ വസ്ത്രമണിഞ്ഞ് കുടുംബ സമേതം എത്തിയതോടെ ജീവനക്കാരും ഉഷാറായി.
തഹസില്‍ദാര്‍ ജോസ് മാത്യൂ, അഡീഷണല്‍ തഹസില്‍ദാര്‍ അബ്ദുല്‍ നാസര്‍ തുടങ്ങിയവരും ഓണ സന്ദേശം നല്‍കി. തുടര്‍ന്ന് ജീവനക്കാരുടെ കലാപരിപാടികളും അരങ്ങേറി. ഓണസദ്യയും കഴിഞ്ഞാണ് ജീവനക്കാര്‍ മടങ്ങിയത്.
ഫോര്‍ട്ട്‌കൊച്ചി ആര്‍.ഡി ഓഫീസിലെ സീനിയര്‍ സൂപ്രണ്ട് ബീഗം താഹിറയാണ് ഇത്തരം ഒരു നിര്‍ദേശം നടപ്പാക്കാന്‍ മുന്‍കൈയെടുത്തത്. സി.എ തമ്പി പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."