ഒമാനിൽ പൊതുഗതാഗത രംഗത്ത് വൻ വിപ്ലവം; 2025-ൽ മുവാസലാത്ത് ബസുകളിൽ സഞ്ചരിച്ചത് 50 ലക്ഷത്തിലധികം യാത്രക്കാർ
മസ്കത്ത്: ഒമാനിലെ പൊതുഗതാഗത സംവിധാനമായ മുവാസലാത്തിന് (Mwasalat) റെക്കോർഡ് നേട്ടം. 2025-ൽ മാത്രം അഞ്ച് ദശലക്ഷത്തിലധികം യാത്രക്കാർ മുവാസലാത്ത് ബസുകളെ ആശ്രയിച്ചതായി ഗതാഗത, വാർത്താവിനിമയ, വിവര സാങ്കേതിക മന്ത്രാലയം അറിയിച്ചു. സ്വദേശികളും പ്രവാസികളും ഒരുപോലെ പൊതുഗതാഗത സംവിധാനത്തിലേക്ക് മാറുന്നതിന്റെ ശുഭസൂചനയാണിതെന്നാണ് മന്ത്രാലയത്തിന്റെ വിലയിരുത്തൽ.
നിലവിൽ മസ്കത്തിൽ 12 റൂട്ടുകളിലും സലാലയിൽ രണ്ട് റൂട്ടുകളിലുമാണ് മുവാസലാത്ത് സർവീസ് നടത്തുന്നത്. വരും മാസങ്ങളിൽ നിസ്വയിലും സർവീസ് ആരംഭിക്കാൻ അധികൃതർ ലക്ഷ്യമിടുന്നുണ്ട്.
യാത്രക്കാരുടെ അനുഭവം കൂടുതൽ ആധുനികമാക്കുന്നതിന്റെ ഭാഗമായി വിപുലമായ ഡിജിറ്റൽ സംവിധാനങ്ങളാണ് മന്ത്രാലയം നടപ്പിലാക്കുന്നത്. ടിക്കറ്റുകൾ എളുപ്പത്തിൽ ബുക്ക് ചെയ്യാനും പണമടയ്ക്കാനുമുള്ള ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകൾക്ക് പുറമെ, ബസുകളുടെ സഞ്ചാരം തത്സമയം നിരീക്ഷിക്കാനുള്ള ഐ.വി.എം.എസ് ട്രാക്കിംഗ് സംവിധാനവും ഇതിൽ ഉൾപ്പെടുന്നു. പണരഹിത യാത്ര സുഗമമാക്കുന്ന സ്മാർട്ട് പേയ്‌മെന്റ് രീതികളും, യാത്രക്കാർക്ക് വിവരങ്ങൾ ലഭ്യമാക്കുന്നതിനായി ആധുനിക വെബ് പ്ലാറ്റ്‌ഫോമും മൊബൈൽ ആപ്പും (Maas App) ഉടൻ തന്നെ നിലവിൽ വരും.
പൊതുഗതാഗത ശൃംഖല വിപുലീകരിക്കുന്നതിന്റെ ഭാഗമായി സിറ്റി, ഇന്റർസിറ്റി സർവീസുകൾക്കായി പുതിയ ബസുകൾ വാങ്ങുന്നതിനുള്ള നടപടികൾ കമ്പനി ആരംഭിച്ചിട്ടുണ്ട്. കൂടാതെ, ഫെറി സർവീസുകൾ ഉൾപ്പെടെയുള്ള എല്ലാ ഗതാഗത മാർഗങ്ങളെയും ഡിജിറ്റൽ ശൃംഖലയുമായി ബന്ധിപ്പിക്കാൻ ഇന്റലിജന്റ് ട്രാൻസ്‌പോർട്ട് സിസ്റ്റം (ITS) നടപ്പിലാക്കാനും മുവാസലാത്ത് ആലോചിക്കുന്നുണ്ട്.
മസ്കത്ത് ഏരിയ ട്രാഫിക് സ്റ്റഡി-2025 പ്രകാരം, മസ്കറ്റിലെ ദൈനംദിന യാത്രകളിൽ 97 ശതമാനവും സ്വകാര്യ വാഹനങ്ങളെയാണ് ആശ്രയിക്കുന്നത്. ഇതിൽ തന്നെ 71.9 ശതമാനം പേരും വാഹനത്തിൽ ഒറ്റയ്ക്ക് യാത്ര ചെയ്യുന്നവരാണ്. ഇത് നഗരത്തിലെ ഗതാഗതക്കുരുക്ക് വർധിപ്പിക്കുന്നതായും, അതിനാൽ പൊതുഗതാഗതത്തിലേക്ക് കൂടുതൽ ആളുകൾ മാറേണ്ടത് അനിവാര്യമാണെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
oman’s public transport sector has witnessed a major transformation, with more than five million passengers traveling on muwasalat buses, reflecting growing public trust, improved services, and expanded connectivity across the country.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."