സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രതിരോധ വാക്‌സിനില്ല
കായംകുളം : നഗരഗ്രാമ പ്രദേശങ്ങളില്‍ തെരുവ്‌നായ ആക്രമണം രൂക്ഷമായതോടെ ജനം ഭീതിയില്‍ തെരുവ്‌നായയുടെ ആക്രമണത്തില്‍ പരുക്കേറ്റ് ചികിത്സതേടുന്നവര്‍ക്ക് നല്‍കാന്‍ പ്രതിരോധ വാക്‌സിനില്ലാതെ സര്‍ക്കാര്‍ ആശുപത്രികള്‍.
കായംകുളം അടക്കം ജില്ലയിലെ നഗര ഗ്രാമപ്രദേശങ്ങളിലും തെരുവ് നായ ആക്രമണം രൂക്ഷമായിരിക്കയാണ്. പേയിളകിയ നായ്കളുടെ എണ്ണം വര്‍ധിച്ചതോടെ ഭയപ്പാടോടെയാണ് ജനം പുറത്തിറങ്ങുന്നത്. വളര്‍ത്തുമൃഗങ്ങളും തെരുവ് നായയുടെ ആക്രമണത്തിന് ഇരയാകുന്നുണ്ട്.
കഴിഞ്ഞ ദിവസം പുല്ലുകുളങ്ങരയില്‍ പേയിളകിയ നായയുടെ കടിയേറ്റ് പോത്ത് ചത്തതോടെ പ്രദേശവാസികള്‍ ഭയപ്പാടിലാണ്. നായയുടെ കടിയേറ്റ് കായംകുളം താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടിയെത്തുന്നവര്‍ക്ക് ടി.ടി.യും റാബിക് വാകസിനും മാത്രമാണ് നല്‍കുന്നത്.
കൂടുതല്‍ പ്രതിരോധത്തിനുള്ള ഇമ്യുണോഗ്ലോബുലിന്‍ എന്ന വാക്‌സിന്‍ ഇവിടെ ലഭ്യമല്ല. ഇതിനായി മാവേലിക്കര ജില്ലാ ആശുപത്രിയെയോ ആലപ്പുഴ മെഡിക്കല്‍ കോളജിനെയോ ആശ്രയിക്കേണ്ട ഗതികേടിലാണ് രോഗികള്‍. തെരുവ് നായയുടെ ആക്രമണത്തില്‍ ഇന്നലെ മാത്രം 11 പേര്‍ക്കാണ് പരുക്കേറ്റത്.
കഴിഞ്ഞ ദിവസം നഗരത്തിലെ വിവിധ ഭാഗങ്ങളിലായി കുട്ടികളടക്കം 17 പേര്‍ക്ക് തെരുവ് നായയുടെ കടിയേറ്റിരുന്നു. തെരുവ്‌നായ്ക്കളുടെ ആക്രമണം പ്രതിരോധിക്കാന്‍ വഴികാണാതെ അധികൃതരും കുഴങ്ങുകയാണ്. ഇതിനിടെയാണ് ചികിത്സയ്ക്കുള്ള സംവിധാനത്തിന്റെ അഭാവം.
പ്രതിരോധ കുത്തിവെയ്പ്പ് നല്‍കാനുള്ള ഇമ്യുണോഗ്ലോബുലിന്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിക്കാനുള്ള ഒരു നടപടിയും ആരോഗ്യവകുപ്പിന്റെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."