യാത്രക്കാരന് വിമാനത്താവളത്തില്‍ മര്‍ദനം; കണ്ടാലറിയാവുന്ന നാല് പേര്‍ക്കെതിരേ കേസെടുത്തു
നെടുമ്പാശ്ശേരി: വിദേശത്തേക്ക് പോകാനെത്തിയ യാത്രക്കാരന് നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥരില്‍ നിന്നും മര്‍ദനമേറ്റ സംഭവത്തില്‍ കണ്ടാലറിയാവുന്ന നാല് പേര്‍ക്കെതിരെ നെടുമ്പാശ്ശേരി പൊലിസ് കേസ് രജിസ്റ്റര്‍ ചെയ്തു.മുവാറ്റുപുഴ സ്വദേശി ഷൈന്‍ ചെറിയാനാണ് വെള്ളിയാഴ്ച്ച വിമാനത്താവളത്തില്‍ വച്ച് മര്‍ദനമേറ്റത്. സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥരുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ഔദ്യോഗിക കൃത്യനിര്‍വഹണത്തിന് തടസം സൃഷ്ടിച്ചതിനും അസഭ്യം പറഞ്ഞതിനും ഷൈന്‍ ചെറിയാനെതിരെയും പൊലിസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. വെള്ളിയാഴ്ച്ച വൈകീട്ട് ഇത്തിഹാദ് വിമാനത്തില്‍ മസ്കറ്റിലേക്ക് പോകാനെത്തിയതായിരുന്നു ഷൈന്‍. സമയം വൈകിയതിനാല്‍ അന്താരാഷ്ട്ര ടെര്മിനലിനകത്തേക്കുള്ള കവാടത്തിലെ യാത്രക്കാരുടെ ക്യൂ തെറ്റിച്ച് സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥനടുത്തെത്തി കാര്യം പറഞ്ഞെങ്കിലും അകത്തേക്ക് കടത്തിവിട്ടില്ല. പിന്നീട് ക്യൂവില്‍ നിന്ന് അകത്ത് കയറിയപ്പോഴേക്കും റിപോര്‍ട്ട് ചെയ്യേണ്ട സമയം കഴിഞ്ഞതായി ചൂണ്ടിക്കാട്ടി വിമാന കമ്പനി ഷൈനിന് യാത്രാനുമതി നിഷേധിക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."