അജ്മീര്‍ ദര്‍ഗയും വിവാദത്തിലേക്ക് വലിച്ചിഴച്ച് രാജസ്ഥാന്‍ കോടതി; ശിവക്ഷേത്രമുണ്ടെന്ന ഹിന്ദുത്വവാദികളുടെ ഹരജി ഫയലില്‍ സ്വീകരിച്ചു; നടപടി ആരാധനാലയനിയമം നിലനില്‍ക്കെ
ജയ്പൂര്‍: ദക്ഷിണേഷ്യയിലെ പ്രമുഖ സൂഫി നേതാവ് ഖാജാ മുഈനുദ്ദീന്‍ ചിശ്തിയുടെ ഭൗതികദേഹം അടക്കംചെയ്ത അജ്മീരിലെ ദര്‍ഗാ ശരീഫിന് മേലും തീവ്ര ഹിന്ദുത്വവാദികളുടെ അവകാശവാദം. ദര്‍ഗാ ശരീഫ് സ്ഥിതിചെയ്യുന്ന കെട്ടി സമുച്ചയത്തിനുള്ളില്‍ ശിവക്ഷേത്രമുണ്ടെന്ന് അവകാശപ്പെട്ടുള്ള തീവ്ര ഹിന്ദുത്വവാദികളുടെ ഹരജി രാജസ്ഥാന്‍ കോടതി ഫയലില്‍ സ്വീകരിച്ചു. ഹിന്ദുത്വ സംഘടനയായ മഹാറാണാ പ്രതാപ് സേന നല്‍കിയ ഹരജിയിലാണ് അജ്മീര്‍ സിവില്‍ കോടതി നടപടി സ്വീകരിച്ചത്. കേസ് അടുത്തമാസം 21ന് വാദം കേള്‍ക്കാനും കോടതി തീരുമാനിച്ചു. ദര്‍ഗയ്ക്കുള്ളില്‍ 'മഹാദേവന്റെ ശിവലിംഗം' ഉണ്ടെന്നും പുരാതന കാലത്ത് അവിടെ ആരാധന നടന്നിരുന്നുവെന്നും അവകാശപ്പെട്ട് സുപ്രിംകോടതി അഭിഭാഷകന്‍ ഡോ. എ.പി സിങ് മുഖേന മഹാറാണാ പ്രതാപ് സേന ദേശീയ അധ്യക്ഷന്‍ രാജ്‌വര്‍ധന്‍ സിംഗ് പര്‍മറാണ് ഹര്‍ജി സമര്‍പ്പിച്ചത്. ക്ഷേത്രത്തിന് തെളിവ് എന്ന് അവകാശപ്പെട്ട് ഭൂപടങ്ങള്‍, സര്‍വ്വേ രേഖകള്‍, ഫോട്ടോഗ്രാഫുകള്‍ എന്നിവയും കോടതിയില്‍ ഹാജരാക്കിയിട്ടുണ്ട്. ഏകദേശം 1.25 ലക്ഷം ആളുകളുടെ സത്യവാങ്മൂലവും ഹര്‍ജിക്കൊപ്പം സമര്‍പ്പിച്ചിട്ടുണ്ടെന്ന് പര്‍മര്‍ അവകാശപ്പെട്ടു.
വിഷയത്തില്‍ കോടതി രാജസ്ഥാന്‍ സര്‍ക്കാര്‍, പുരാവസ്തു വകുപ്പ്, ദര്‍ഗ കമ്മിറ്റി എന്നിവര്‍ക്ക് നോട്ടീസ് അയച്ചു.
ദര്‍ഗക്ക് മേല്‍ അവകാശപ്പെട്ടുള്ള രണ്ടാമത്തെ ഹരജിയാണിത്. സമുച്ചയത്തിനുള്ളില്‍ 'സങ്കട് മോചന്‍ മഹാദേവ്' ക്ഷേത്രമുണ്ടെന്ന് അവകാശപ്പെട്ട് കഴിഞ്ഞ നവംബറില്‍ ഹിന്ദു സേന ദേശീയ അധ്യക്ഷന്‍ വിഷ്ണു ഗുപ്തയും സമാനമായ ഹര്‍ജി നല്‍കിയിരുന്നു.
13 ാം നൂറ്റാണ്ടില്‍ മരിച്ച ഖാജാ മുഈനുദ്ദീന്‍ ചിശ്തിയുടെ പേരിലുള്ള ദര്‍ഗയില്‍ സര്‍വേ നടത്തണമെന്നും അതിനുള്ളില്‍ പൂജ നടത്താന്‍ അനുമതി നല്‍കണമെന്നും ആവശ്യപ്പെട്ടാണ് ഹിന്ദുസേനക്ക് വേണ്ടി പ്രസിഡന്റ് വിഷ്ണുഗുപ്ത ഹരജി നല്‍കിയത്. കാശിയിലെയും മഥുരയിലെയും പള്ളിയെപ്പോലെ അജ്മീര്‍ ദര്‍ഗയും ക്ഷേത്രം തകര്‍ത്താണ് സ്ഥാപിച്ചതെന്നാണ് ഹരജിക്കാരുടെ ആരോപണം. അജ്മീര്‍ ദര്‍ഗാശരീഫിന്റെ പേര് ഭഗവാന്‍ ശ്രീ സങ്കത് മോചന മഹാദേവ വിരാജ്മാന്‍ ക്ഷേത്രം എന്നാക്കി മാറ്റണമെന്നും ഹരജിക്കാര്‍ ആവശ്യപ്പെട്ടു. 2015ല്‍ ബീഫ് വിളമ്പുന്നുവെന്നാരോപിച്ച് ഡല്‍ഹിയിലെ കേരളാ ഹൗസില്‍ അതിക്രമം കാട്ടിയതുള്‍പ്പെടെയുള്ള വിവിധ കേസുകളില്‍ പ്രതിയാണ് വിഷ്ണുഗുപ്ത.
രണ്ട് ഹര്‍ജികളും ഒരുമിച്ചാകും കോടതി പരിഗണിക്കുക. ദര്‍ഗ കമ്മിറ്റി നല്‍കിയ പ്രത്യേക അപേക്ഷയും അന്ന് തന്നെ കോടതി കേള്‍ക്കും. ബാബരി മസ്ജിദ് ഒഴികെയുള്ള ഒരു ആരാധനാലയത്തിന് മേലും അവകാശവാദം ഉന്നയിക്കാനാകില്ലെന്ന ആരാധനാലയനിയമം നിലനില്‍ക്കെയാണ് കോടതിയുടെ നടപടികള്‍.
Summary: A Rajasthan court on Monday, January 19, admitted a plea by the Maharana Pratap Sena claiming that a Shiva temple exists within the Ajmer Dargah complex, a conspiracy theory often floated by right-wing groups, with the court scheduling a hearing on February 21.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."