പൊന്നാനിയിൽ സി.പി.എമ്മിൽ വീണ്ടും വിഭാഗീയത; ഓഫീസുകൾ അടിച്ചുതകർത്തതിന് പിന്നാലെ പ്രവർത്തകന് നേരെ ആക്രമണം
മലപ്പുറം: പൊന്നാനിയിൽ സി.പി.എമ്മിനുള്ളിൽ നിലനിൽക്കുന്ന വിഭാഗീയത വീണ്ടും മറനീക്കി പുറത്ത്. വെളിയങ്കോട്ടെയും എരമംഗലത്തെയും പാർട്ടി പ്രവർത്തകർ തമ്മിലുണ്ടായ സംഘർഷത്തിൽ ഒരാൾക്ക് ഗുരുതരമായി പരുക്കേറ്റു. എരമംഗലം ലോക്കൽ കമ്മിറ്റി ഓഫീസിനോട് ചേർന്നുള്ള ഡി.വൈ.എഫ്.ഐ ഓഫീസാണ് ആക്രമണത്തിൽ തകർത്തത്.
എരമംഗലം സ്വദേശിയായ സി.പി.എം പ്രവർത്തകൻ ഷബീറിനാണ് (34) ആക്രമണത്തിൽ പരുക്കേറ്റത്. വെളിയങ്കോട് നിന്നുള്ള ഒരു സംഘം പ്രവർത്തകർ തന്നെ മർദ്ദിക്കുകയായിരുന്നുവെന്ന് ഷബീർ ആരോപിച്ചു. ആക്രമണത്തിൽ ഷബീറിന്റെ തലയ്ക്കും നട്ടെല്ലിനും സാരമായ പരുക്കേറ്റിട്ടുണ്ട്. ഇദ്ദേഹത്തെ നിലവിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
കഴിഞ്ഞദിവസം രാത്രിയോടെയാണ് സംഭവങ്ങളുടെ തുടക്കം. എരമംഗലം ഡി.വൈ.എഫ്.ഐ ഓഫീസിനുള്ളിൽ വെച്ച് പ്രവർത്തകർ രണ്ട് ചേരികളായി തിരിഞ്ഞ് ഏറ്റുമുട്ടുകയായിരുന്നു. സംഘർഷം രൂക്ഷമായതോടെ ഓഫീസിനുള്ളിലുണ്ടായിരുന്ന ഫർണിച്ചറുകളും ഇലക്ട്രോണിക് ഉപകരണങ്ങളും അക്രമിസംഘം അടിച്ചുതകർത്തു.
ഓഫീസിലുണ്ടായിരുന്ന മൊബൈൽ ഫ്രീസർ, ടെലിവിഷൻ, ബൾബുകൾ, കസേരകൾ എന്നിവയെല്ലാം തകർക്കപ്പെട്ട നിലയിലാണ്. വൻ നാശനഷ്ടങ്ങളാണ് പാർട്ടി ഓഫീസിനുണ്ടായിരിക്കുന്നത്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലിസ് സംഘമാണ് സ്ഥിതിഗതികൾ ശാന്തമാക്കിയത്.
2021-ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ സ്ഥാനാർഥി നിർണ്ണയവുമായി ബന്ധപ്പെട്ട് പൊന്നാനിയിൽ ഉടലെടുത്ത വിഭാഗീയതയുടെ തുടർച്ചയാണ് ഇപ്പോഴത്തെ സംഘർഷമെന്നാണ് പ്രാഥമിക വിവരം. അന്ന് പി. നന്ദകുമാറിനെ സ്ഥാനാർഥിയാക്കിയതിനെതിരെ പ്രാദേശിക തലത്തിൽ വലിയ പ്രതിഷേധങ്ങൾ ഉയർന്നിരുന്നു.
സ്ഥാനാർഥി നിർണ്ണയ വേളയിൽ തുടങ്ങിയ ഈ ചേരിതിരിവ് പ്രദേശത്തെ പാർട്ടി ഘടകങ്ങളിൽ ഇപ്പോഴും ശക്തമായി തുടരുകയാണ്. വെളിയങ്കോട്, എരമംഗലം മേഖലകളിലെ പ്രവർത്തകർ തമ്മിൽ നേരത്തെയും ചെറിയ തോതിലുള്ള അസ്വാരസ്യങ്ങൾ നിലനിന്നിരുന്നതായി സൂചനയുണ്ട്.
അതേസമയം, പാർട്ടിയിലെ വിഭാഗീയതയല്ല സംഘർഷത്തിന് പിന്നിലെന്നാണ് സി.പി.എം ഔദ്യോഗിക നേതൃത്വത്തിന്റെ വിശദീകരണം. എരമംഗലം മൂക്കുതല ഉത്സവത്തിനിടെയുണ്ടായ ചില തർക്കങ്ങളാണ് സംഘർഷത്തിൽ കലാശിച്ചതെന്നും ഇതിന് രാഷ്ട്രീയ പശ്ചാത്തലമില്ലെന്നും നേതൃത്വം അവകാശപ്പെടുന്നു.
സംഘർഷമുണ്ടാക്കിയത് വെളിയങ്കോട് നിന്നുള്ള പ്രവർത്തകരാണെന്ന എരമംഗലത്തെ പ്രവർത്തകരുടെ ആരോപണം വെളിയങ്കോട് സി.പി.എം നേതൃത്വം നിഷേധിച്ചു. തങ്ങളുടെ ഭാഗത്തുനിന്നുള്ള ഒരൊറ്റ പാർട്ടി അംഗം പോലും പ്രശ്നത്തിൽ ഇടപെട്ടിട്ടില്ലെന്നാണ് അവരുടെ നിലപാട്.
പാർട്ടി ഓഫീസിനുള്ളിൽ നടന്ന ഈ അക്രമം സി.പി.എം നേതൃത്വത്തിന് വലിയ തലവേദനയാണ് സൃഷ്ടിച്ചിരിക്കുന്നത്. വിഭാഗീയതയില്ലെന്ന് നേതൃത്വം ആവർത്തിക്കുമ്പോഴും, പാർട്ടി ഓഫീസിനുള്ളിൽ തന്നെ പ്രവർത്തകർ ചേരിതിരിഞ്ഞ് ഏറ്റുമുട്ടിയത് അണികൾക്കിടയിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിട്ടുണ്ട്.
സംഭവത്തിൽ പൊലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. വരും ദിവസങ്ങളിൽ പാർട്ടി തലത്തിലും സംഭവത്തെക്കുറിച്ച് അന്വേഷണമുണ്ടാകുമെന്നാണ് കരുതപ്പെടുന്നത്.
In-fighting within the CPM in Ponnani has escalated into violence, resulting in the vandalism of a DYFI office and a brutal attack on a party worker. The victim, Shabeer from Eramangalam, sustained serious injuries to his head and spine. While local workers link the clash to long-standing political factions since the 2021 elections, party leadership claims the incident was triggered by a private dispute during a local festival.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."