റബര്‍ വില വീണ്ടും കുറഞ്ഞു; കര്‍ഷകര്‍ പ്രതിസന്ധിയില്‍
തൊടുപുഴ: കേന്ദ്ര സര്‍ക്കാര്‍ കുത്തക ടയര്‍ കമ്പനികള്‍ക്ക് അനുകൂലമായ നിലപാട് എടുത്തതോടെ റബര്‍ കര്‍ഷകര്‍ വീണ്ടും പ്രതിസന്ധിയില്‍. അടിയന്തിര ധനസഹായം അനുവദിക്കാത്തതിന് പിന്നാലെ ഇറക്കുമതി സെസ് വര്‍ധിപ്പിക്കാന്‍ കേന്ദ്ര വാണിജ്യ മന്ത്രാലയം തയ്യാറാകാത്തതും കര്‍ഷകര്‍ക്ക് തിരിച്ചടിയാകുകയാണ്.
മെയ്, ജൂണ്‍ മാസത്തില്‍ വില 145 രൂപ വരെ എത്തിയതോടെ കര്‍ഷകര്‍ മഴക്കാല ടാപ്പിംഗിനായി റെയിന്‍ ഗാര്‍ഡിങ് നടത്തിയിരുന്നു. കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ ആദ്യമായിട്ടാണ് റബര്‍ വില 140ന് മേല്‍ എത്തുന്നത്.
റിക്കോര്‍ഡ് വിലയിടിവിനെ തുടര്‍ന്ന് ടാപ്പിംഗ് നിര്‍ത്തി വച്ചിരുന്ന ചെറുകിട കര്‍ഷകരാണ് പലിശക്ക് പണം വാങ്ങിയും സ്വര്‍ണം പണയം വച്ചുമാണു റെയിന്‍ഗാര്‍ഡിങ് നടത്തി ടാപ്പിങ് തുടങ്ങിയത്. കാലവര്‍ഷത്തിന് കുറവ് വന്നതോടെ റെയിന്‍ഗാര്‍ഡിംഗ് നടത്തിയ തോട്ടങ്ങളില്‍ ടാപ്പിംഗ് ദിനങ്ങള്‍ കൂടുകയും ചെയ്തു.
വിപണിയില്‍ റബ്ബറിന്റെ വരവ് കൂടിയതോടെ ടയര്‍ ലോബിയും വന്‍കിട റബ്ബര്‍ തോട്ടം ഉടമകളും വിലയിടിക്കുന്ന സമീപനം സ്വീകരിക്കുകയായിരുന്നു. രണ്ടാഴ്ച കൊണ്ട് കിലോഗ്രാമിന് 15 രൂപയുടെ വിലയിടിവാണ് ഉണ്ടായിരിക്കുന്നത്. ഇതു മൂലം ലക്ഷങ്ങളുടെ നഷ്ടമാണ് ചെറുകിട റബ്ബര്‍ കര്‍ഷകര്‍ക്ക് ഉണ്ടായിരിക്കുന്നത്.
ഒരു മരത്തിന് 40 രൂപയോളം ചെലവിട്ടാണ് കര്‍ഷകര്‍ റെയിന്‍ ഗാര്‍ഡിങ് നടത്തിയത്. മഴ കുറയുന്ന സെപ്തംബര്‍ മാസത്തില്‍ പരമാവധി ടാപ്പിംഗ് നടത്തി റെയിന്‍ ഗാര്‍ഡിംഗിനായി മുടക്കിയ പണം തിരിച്ചു പിടിക്കാമെന്ന പ്രതീക്ഷക്കാണ് മങ്ങലേറ്റിരിക്കുന്നത്.
റബര്‍ വിലയിടിവിന്റെ ചുവടുപിടിച്ച് ഒട്ടുപാലിന്റെ വിലയിലും ഇടിവു സംഭവിച്ചിട്ടുണ്ട്. 90 രൂപ വരെ കിലോക്ക് ലഭിച്ചിരുന്ന ഒട്ടുപാലിന്റെ വില 60 രൂപയിലേക്കാണ് താഴ്ന്നിരിക്കുന്നത്. ലാറ്റക്‌സിന്റെ വിലയിലും കുത്തനെ ഇടിവുണ്ടായതും കര്‍ഷകര്‍ക്ക് തിരിച്ചടിയായിരിക്കുകയാണ്.
ഉല്‍പാദന ചെലവ് കുറയ്ക്കാനായി സംസ്ഥാനത്തെ ഭൂരിഭാഗം വരുന്ന ചെറുകിട കര്‍ഷകരും ലാറ്റക്‌സാണ് കഴിഞ്ഞ കുറെ വര്‍ഷങ്ങളായി വില്‍ക്കുന്നത്.
എന്നാല്‍ 112 രൂപ മാത്രമാണ് ഇപ്പോള്‍ ലാറ്റക്‌സിന് ശരാശരി വിലയായി ലഭിക്കുന്നുള്ളു. ഇതിനിടെ മാസങ്ങളോളം ടാപ്പിംഗ് നടത്താത്ത തോട്ടങ്ങളിലെ മരങ്ങള്‍ക്ക് വ്യാപകമായ തോതില്‍ ചീക്ക് രോഗം ഉള്‍പ്പടെ പടര്‍ന്ന് പിടിക്കുന്നതും കര്‍ഷകരെ ആശങ്കയിലാക്കിയിട്ടുണ്ട്.
തൊടുപുഴ മേഖലയിലെ പല തോട്ടങ്ങളിലും പൂപ്പല്‍ രോഗവും കണ്ടെത്തിയിട്ടുണ്ട്. ടാപ്പിങ് നിര്‍ത്തിയതോടെ പരിചരണം കുറഞ്ഞതാണ് രോഗങ്ങള്‍ പടര്‍ന്ന് പിടിക്കാന്‍ കാരണമെന്നാണ് റബ്ബര്‍ ബോര്‍ഡിലെ വിദഗ്ധര്‍ പറയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."