അവൻ ലോകത്തിലെ ഒന്നാം നമ്പർ ടി-20 ബാറ്ററാണ്: രവി ശാസ്ത്രി
ഇന്ത്യൻ ഓപ്പണർ അഭിഷേക് ശർമയെ പ്രശംസിച്ച് മുൻ ഇന്ത്യൻ താരം രവി ശാസ്ത്രി. അഭിഷേക് ശർമ്മ ടി-20യിലെ ഒന്നാം നമ്പർ ബാറ്റർ ആണെന്നാണ് ശാസ്ത്രി പറഞ്ഞത്. ലോകകപ്പ് നടക്കുമ്പോൾ ഇന്ത്യൻ ആരാധകരുടെ വലിയ പിന്തുണ അഭിഷേക് ശർമയ്ക്ക് ഉണ്ടാവുമെന്നും മുൻ ഇന്ത്യൻ താരം വ്യക്തമാക്കി. ഐസിസിക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ശാസ്ത്രി.
''അഭിഷേക് ലോകത്തിലെ ഒന്നാം നമ്പർ ടി-20 ബാറ്ററാണ്. അതിൽ ഒരു സംശയമില്ല. അവൻ ഇപ്പോഴും മികച്ച ഫോമിലാണ്. ന്യൂസിലാൻഡിനെതിരെ മത്സരം വിജയിപ്പിച്ചു. അവന്റെ ആത്മവിശ്വാസം വളരെ ഉയർന്നതാണ്. അതിനാൽ അവനെ നിങ്ങൾ ശ്രദ്ധിക്കണം. ഹോം കാണികളുടെ പിന്തുണ അവനുണ്ടാകും'' രവി ശാസ്ത്രി പറഞ്ഞു.
റായ്പൂരിൽ നടന്ന ന്യൂസിലാൻഡിനെതിരെയുള്ള ആദ്യ ടി-20യിൽ 35 പന്തിൽ 84 റൺസ് നേടിയാണ് അഭിഷേക് തിളങ്ങിയത്. അഞ്ചു ഫോറുകളും എട്ട് സിക്സുകളും അടങ്ങുന്നതാണ് താരത്തിന്റെ വെടിക്കെട്ട് ഇന്നിംഗ്സ്. മത്സരത്തിലെ ഈ വെടിക്കെട്ട് ഇന്നിങ്സിന് പിന്നാലെ ടി-20യിൽ 5000 റൺസ് പൂർത്തിയാക്കാനും അഭിഷേക് ശർമയ്ക്ക് സാധിച്ചു.
കുട്ടിക്രിക്കറ്റിൽ ഏറ്റവും മികച്ച സ്ട്രൈക്ക് റേറ്റിൽ 5000 റൺസ് നേടുന്ന താരമായും അഭിഷേക് ശർമ്മ മാറി. 172.48 പ്രഹരശേഷിയിലാണ് താരം ഈ നേട്ടം കൈവരിച്ചത്. 167.61 സ്ട്രൈക്ക് റേറ്റിൽ 5000 റൺസ് നേടിയ വെസ്റ്റ് ഇൻഡീസ് ഇതിഹാസം ആന്ദ്രേ റസലിനെ മറികടന്നാണ് അഭിഷേക് ശർമ്മയുടെ ഈ നേട്ടം.
ഇതിന് പുറമെ മറ്റൊരു റെക്കോർഡും അഭിഷേക് കൈവരിച്ചു. ടി-20യിൽ ഏറ്റവും കൂടുതൽ ഇന്നിങ്‌സുകളിൽ എട്ടോ അതിലധികമോ സിക്സുകൾ നേടിയ ഇന്ത്യൻ താരങ്ങളുടെ പട്ടികയിൽ ഒന്നാം സ്ഥാനത്തെത്താനും അഭിഷേകിന് സാധിച്ചു. ഇത് നാലാം തവണയാണ് അഭിഷേക് ഒരു ഇന്നിങ്സിൽ ഇത്രയധികം സിക്സുകൾ നേടുന്നത്. മൂന്ന് ഇന്നിങ്‌സുകളിൽ നിന്നും എട്ടിലധികം സിക്സുകൾ സ്വന്തമാക്കിയ രോഹിത് ശർമ്മ, സഞ്ജു സാംസൺ എന്നിവരെ മറികടന്നാണ് അഭിഷേക് ഒന്നാം സ്ഥാനത്തേക്ക് കുതിച്ചത്.
Former Indian player Ravi Shastri praised Indian opener Abhishek Sharma. Shastri said that Abhishek Sharma is the number one batsman in T20. The former Indian player also stated that Abhishek Sharma will have a lot of support from Indian fans when the World Cup takes place.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."