വിഴിഞ്ഞം രണ്ടാം ഘട്ട നിർമാണ പ്രവർത്തനങ്ങൾക്ക് ഇന്ന് തുടക്കം; ചരിത്ര കുതിപ്പിന്റെ ഉദ്‌ഘാനം മുഖ്യമന്ത്രി നിർവഹിക്കും
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിന്റെ രണ്ടാംഘട്ട നിർമാണ പ്രവർത്തനങ്ങൾ മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് ഉദ്‌ഘാടനം ചെയ്യും. വൈകിട്ട് നാല് മണിക്ക് നടക്കുന്ന ചടങ്ങിലാണ് പദ്ധതിക്ക് ഔദ്യോഗിക തുടക്കമാവുക. മുഖ്യാതിഥിയായി കേന്ദ്ര ഷിപ്പിംഗ് മന്ത്രി സർബാനന്ദ സോനോവാൾ ചടങ്ങിൽ പങ്കെടുക്കും. തുറമുഖത്തിന്റെ സമ്പൂർണ വികസനമാണ് രണ്ടാം ഘട്ടത്തിൽ പൂർത്തിയാകുക. 2028 ൽ നിർമാണം പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
വിഴിഞ്ഞം പദ്ധതി പൂർണ സജ്ജമാക്കുന്നത് ആയിരിക്കും രണ്ടാം ഘട്ടം. ഇതോടെ നിലവിലെ ശേഷി 2028 ൽ അഞ്ചിരട്ടിയാക്കി വർധിക്കുമെന്നാണ് കണക്കുകൂട്ടൽ. 10,000 കോടി രൂപയുടെ നിർമാണപ്രവർത്തനങ്ങളാണ് രണ്ടാം ഘട്ടത്തിൽ നടക്കുക. മൾട്ടി പർപ്പസ് ബെർത്ത്, റെയിൽവേ യാർഡ്, ലിക്വിഡ് ടെർമിനൽ, ടാങ്ക് ഫാം തുടങ്ങിയവയും രണ്ടാം ഘട്ടത്തിൽ ഉൾപ്പെടുന്നുണ്ട്. ഉദ്‌ഘാടനത്തിന് ശേഷം 710 കപ്പലുകളിൽ നിന്നായി ഇതിനകം 15.19 ലക്ഷം കണ്ടെയ്നറുകളാണ് വിഴിഞ്ഞം തുറമുഖം കൈകാര്യം ചെയ്തിട്ടുള്ളത്.
ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയായിരുന്ന സമയത്ത്, 2015 ഡിസംബർ 5നാണ് വിഴിഞ്ഞം തുറമുഖ നിർമാണം ആദ്യഘട്ടം ആരംഭിക്കുന്നത്. ഒന്നാം ഘട്ടം പൂർത്തീകരിച്ച് 2025 ലാണ് വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം ഔദ്യോഗികമായി കമ്മീഷൻ ചെയ്തത്. 2023 ഒക്ടോബർ 15 നാണ് വിഴിഞ്ഞം തുറമുഖത്ത് ആദ്യമായി ഒരു കപ്പൽ എത്തി ചരിത്രത്തിന്റെ ഭാഗമായത്. ചൈനീസ് ചരക്കുകപ്പലായ 'ഷെൻ ഹുവ 15എ' ആണ് അന്ന് കേരളത്തിന്റെ സ്വപ്ന പദ്ധതിയുടെ തീരമണഞ്ഞത്.
2024 ജൂലൈ 12ന് ട്രയൽ റൺ ആരംഭിച്ച തുറമുഖം 2024 ഡിസംബർ 3ന് വാണിജ്യാടിസ്ഥാനത്തിൽ ഔദ്യോഗികമായി പ്രവർത്തനം തുടങ്ങി. 2025 മെയ് 2ന് അന്താരാഷ്ട്ര തുറമുഖം ഔദ്യോഗികമായി കമ്മീഷൻ ചെയ്തതിന് പിന്നാലെ ജൂൺ 9ന് ലോകത്തിലെ ഏറ്റവും വലിയ കണ്ടെയ്നർ കപ്പലായ എം.എസ്.സി ഐറിന' വിഴിഞ്ഞത്ത് എത്തി. സെപ്റ്റംബർ 23 ആയപ്പോഴേക്കും വിഴിഞ്ഞത്ത് എത്തുന്ന കപ്പലുകളുടെ എണ്ണം 500-എന്ന നാഴികക്കല്ല് കുറിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."