ആരോഗ്യവകുപ്പിന് നാണക്കേട്: ആശുപത്രി അടച്ചുപൂട്ടി ഡോക്ടറും സംഘവും സഹപ്രവർത്തകന്റെ വിവാഹത്തിന് പോയി; രോഗികൾ പെരുവഴിയിൽ
കൊല്ലം: സേവനം തേടിയെത്തുന്ന രോഗികളെ പെരുവഴിയിലാക്കി കൊല്ലം അഞ്ചലിലെ ഇ.എസ്.ഐ ആശുപത്രിയിലെ ഡോക്ടറും ജീവനക്കാരും സഹപ്രവർത്തകന്റെ വിവാഹത്തിന് പോയി. ഇന്ന് രാവിലെയാണ് ആശുപത്രി അടച്ചുപൂട്ടി ജീവനക്കാർ കൂട്ടത്തോടെ മുങ്ങിയത്. ഹാജർ പുസ്തകത്തിൽ ഒപ്പിട്ട ശേഷമാണ് സംഘം വിവാഹത്തിന് പോയതെന്ന് ആരോപണമുണ്ട്.
സംഭവമറിഞ്ഞ് എ.ഐ.വൈ.എഫ്, യൂത്ത് കോൺഗ്രസ് പ്രവർത്തകർ ആശുപത്രിക്ക് മുന്നിൽ പ്രതിഷേധവുമായി എത്തിയതോടെയാണ് സ്ഥിതിഗതികൾ വഷളായത്. പ്രതിഷേധം ശക്തമായതിനെത്തുടർന്ന് ജീവനക്കാർ മടങ്ങിയെത്തി ആശുപത്രി തുറക്കുകയായിരുന്നു.
അതേസമയം തിരുവനന്തപുരം വിളപ്പിൽശാലയിൽ ചികിത്സ വൈകിയതിനെത്തുടർന്ന് യുവാവ് മരിച്ച വാർത്ത പുറത്തുവന്നതിന് തൊട്ടുപിന്നാലെയാണ് കൊല്ലത്തും ആരോഗ്യവകുപ്പിനെ പ്രതിരോധത്തിലാക്കുന്ന സംഭവം അരങ്ങേറുന്നത്. വിളപ്പിൽശാലയിൽ ശ്വാസതടസ്സം അനുഭവപ്പെട്ട ബിസ്മീർ (37) എന്ന യുവാവ് ചികിത്സ കിട്ടാതെ മരിച്ചതിൽ വലിയ പ്രതിഷേധം നിലനിൽക്കുകയാണ്.
പുലർച്ചെ ആശുപത്രിയിൽ ബിസ്മീറും ഭാര്യയും എത്തിയപ്പോൾ ഗേറ്റ് പൂട്ടിയ നിലയിലായിരുന്നു. ഡോക്ടറെയും നഴ്സിനെയും വിളിച്ചുണർത്താൻ വൈകുകയും അത്യാസന്ന നിലയിലായിട്ടും ആവി പിടിക്കാനുള്ള നിർദ്ദേശം മാത്രമാണ് നൽകിയത്. മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയ ആംബുലൻസിൽ കൂടെ വരാൻ ജീവനക്കാർ പോലും തയ്യാറായില്ല തുടങ്ങിയ ഗുരുതരമായ അനാസ്ഥയാണ് ആശുപത്രിയുടെ ഭാഗത്ത് നിന്നും സംഭവിച്ചിട്ടുള്ളത് എന്ന് ബിസ്മീറിന്റെ ഭാര്യ മാധ്യമങ്ങളോട് പറഞ്ഞു.
ബിസ്മീർ ശ്വാസം കിട്ടാതെ ആശുപത്രി വരാന്തയിൽ പിടയുന്ന ദൃശ്യങ്ങൾ മാധ്യമങ്ങൾ പുറത്തുവിട്ടിരുന്നു. ഈ സംഭവത്തിൽ ആരോഗ്യ മന്ത്രി വീണാ ജോർജ് റിപ്പോർട്ട് തേടിയിരിക്കെയാണ് കൊല്ലത്ത് ഡ്യൂട്ടി സമയം ആഘോഷമാക്കി ജീവനക്കാർ ആശുപത്രി പൂട്ടിയത്. സർക്കാർ സംവിധാനങ്ങൾ രോഗികൾക്ക് താങ്ങാവേണ്ട സമയത്ത്, ജീവനക്കാരുടെ ഭാഗത്തുനിന്നുണ്ടാകുന്ന ഇത്തരം വീഴ്ചകൾക്കെതിരെ കർശന നടപടി വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Health Department in turmoil: Staff lock up hospital to attend wedding. In a shocking incident at the Anchal ESI Hospital in Kollam, a doctor and several staff members reportedly locked up the facility during duty hours to attend a colleague's wedding. Patients who arrived for treatment were left stranded outside the locked gates. Allegations have surfaced that the staff members signed the attendance register before leaving for the ceremony.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."