വിവരാവകാശ നിയമപ്രകാരം അപേക്ഷ സമര്‍പ്പിച്ചയാള്‍ക്ക് നഗരസഭയുടെ വിചിത്രമറുപടി
മുക്കം: 2005ലെ വിവരാവകാശ നിയമപ്രകാരം അപേക്ഷ സമര്‍പ്പിച്ച കാരശ്ശേരി ഗ്രാമപഞ്ചായത്തിലെ അള്ളിഎതിര്‍ പാറമ്മല്‍ ഇ.പി വിനുവിന് മുക്കം നഗരസഭാ അസി. സെക്രട്ടറി നല്‍കിയത് വിചിത്രമറുപടി. നഗരസഭയിലെ മുക്കം പാലത്തിനു സമീപം ഇരുവഴിഞ്ഞി പുഴയോരത്തെ നിര്‍മാണ പ്രവൃത്തികള്‍ക്ക് നഗരസഭ അനുമതി നല്‍കിയിട്ടുണ്ടോ?, ഉണ്ടെങ്കില്‍ അപേക്ഷയുടെയും ഭൂമി സംബന്ധിച്ച രേഖകളുടെയും നിര്‍മാണ പ്രവൃത്തികളുടെ പ്ലാനും അനുബന്ധ രേഖകളും അനുവദിച്ചു തരണമെന്നും നിര്‍മാണം നടക്കുന്ന സ്ഥലത്ത് റവന്യൂ ഭൂമിയോ പുറമ്പോക്ക് ഭൂമിയോ ഉള്‍പ്പെട്ടിട്ടുണ്ടോ?, ഇത്തരം സ്ഥലങ്ങളില്‍ കെട്ടിടം നിര്‍മിക്കുമ്പോള്‍ പാലിക്കേണ്ട വ്യവസ്ഥകള്‍ എന്തെല്ലാമാണ്, പുഴയുടെ തീരത്ത് നിര്‍മാണ പ്രവൃത്തികള്‍ നടക്കുമ്പോള്‍ പാലിക്കേണ്ട ദൂരപരിധി കണക്കാക്കുന്നത് എങ്ങിനെയാണ് തുടങ്ങിയ നാലു ചോദ്യങ്ങളാണ് വിനു അപേക്ഷയില്‍ ചോദിച്ചത്. മേല്‍പറഞ്ഞ രേഖകളുടെ പകര്‍പ്പ് നല്‍കാനാവശ്യമായ ഫീസ് ഒടുക്കാന്‍ തയാറാണന്നും വിനു അപേക്ഷയില്‍ വ്യക്തമാക്കിയിരുന്നു.
18-4-2016ന് നല്‍കിയ അപേക്ഷക്ക് 27-4-2016ന് മറുപടി ലഭിച്ചു. അപേക്ഷ പരിശോധിച്ചതില്‍ അപേക്ഷയില്‍ സ്ഥലം ഉടമയുടെ പേരും വ്യക്തമായ വിലാസവും സൂചിപ്പിക്കാത്തതിനാല്‍ രജിസ്റ്റര്‍ പരിശോധിച്ചു കണ്ടെത്താന്‍ സാധിക്കുകയില്ലെന്നും ആയതിനാല്‍ സ്ഥലമുടമയുടെ പേരും വ്യക്തമായ വിലാസവും സൂചിപ്പിച്ച് അപേക്ഷ സമര്‍പ്പിക്കേണ്ടതാണന്നുമാണ് മറുപടി ലഭിച്ചത്. നാലു ചോദ്യങ്ങള്‍ക്ക് ഒരു മറുപടി മാത്രമാണ് ലഭിച്ചത്. ഇതേ തുടര്‍ന്ന് അസി. സെക്രട്ടറി നിഷേധാത്മകമായാണ് മറുപടി നല്‍കിയതെന്ന് കാണിച്ച് വിനു വീണ്ടും നഗരസഭാ സെക്രട്ടറിക്ക് അപ്പീല്‍ നല്‍കി. ഇതോടെ കഴിഞ്ഞ ജൂണ്‍ ഒന്‍പതിന് നേരില്‍ കേള്‍ക്കുന്നതിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് സെക്രട്ടറി വിനുവിന് കത്തയച്ചു. തുടര്‍ന്ന് ഒന്‍പതാം തിയതി സെക്രട്ടറിയുടെ അസൗകര്യം കാരണം ജൂണ്‍ പത്തിന് പരാതിക്കാരനേയും എതിര്‍കക്ഷിയേയും കേള്‍ക്കുകയും ചെയ്തു. എന്നാല്‍ ഇവിടെയും വ്യക്തമായ മറുപടി നല്‍കാന്‍ നഗരസഭാ സെക്രട്ടറി തയാറായില്ല. തുടര്‍ന്ന് നാലു ദിവസത്തിനു ശേഷം നല്‍കിയ മറുപടിയില്‍ പറയുന്നത് നിര്‍മാണം നടക്കുന്ന സ്ഥലമുടമയുടെ പേരുവിവരം അറിയിക്കുന്ന മുറക്ക് അനുബന്ധ രേഖകളും പകര്‍പ്പുകളും നല്‍കുന്നതാണന്നും ഒന്നാമത്തെ ചോദ്യത്തിന് മറുപടി നല്‍കിയപ്പോള്‍ റവന്യൂ ഭൂമിയോ പുറമ്പോക്ക് ഭൂമിയോ നിര്‍മാണ സ്ഥലത്ത് ഉണ്ടോയെന്ന ചോദ്യത്തിന് സര്‍വേ സ്‌കെച്ച് പരിശോധിച്ച് മറുപടി നല്‍കുന്നതാണന്നും പറയുന്നു.
പുഴയോട് ചേര്‍ന്ന് കെട്ടിടം നിര്‍മിക്കുമ്പോള്‍ പാലിക്കേണ്ട വ്യവസ്ഥകള്‍ ഏതെല്ലാമാണന്ന ചോദ്യത്തിന് പുറമ്പോക്ക് ഭൂമിയുണ്ടങ്കില്‍ സ്ഥലം ഒഴിവാക്കി നിര്‍മാണം നടത്താവുന്നതാണന്ന് പരാതിക്കാരനോട് പറയുകയാണ് ചെയ്തത്. പുഴയുടെ തീരത്ത് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുമ്പോള്‍ പാലിക്കേണ്ട ദൂരപരിധി സംബന്ധിച്ച ചോദ്യത്തിന് സി.ആര്‍.സെഡ് പരിധിയില്‍ ഉള്‍പ്പെടാത്തതാണ് ഇരുവഴിഞ്ഞിപ്പുഴ എന്നതിനാല്‍ പുറമ്പോക്ക് ഒഴിച്ച് വ്യക്തിയുടെ ഉടമസ്ഥതയിലുള്ളതായ സ്ഥലത്ത് കെ.എംബി.ആര്‍ പാലിച്ച് നിര്‍മാണം നടത്താവുന്നതാണന്ന് പരാതിക്കാരനോട് വീണ്ടും പറഞ്ഞിരിക്കുകയാണ്.
ഇത്തരത്തില്‍ യാതൊരു ബന്ധവുമില്ലാത്ത മറുപടി നല്‍കി വിവരാവകാശ നിയമപ്രകാരം ലഭിക്കേണ്ട മറുപടി നല്‍കാതെ ഒഴിഞ്ഞു മാറുകയാണ് ഉദ്യോഗസ്ഥര്‍. സര്‍വേ സ്‌കെച്ച് പരിശോധിച്ച് മറുപടി നല്‍കുമെന്ന് പറഞ്ഞെങ്കിലും മൂന്ന് മാസത്തോളമായിട്ടും അത്തരമൊരു മറുപടിയും വിനുവിന് ലഭിച്ചിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."