സംസ്ഥാന ബജറ്റ്; റബർ കർഷകർക്ക് അമർഷം
കോട്ടയം: സംസ്ഥാന ബജറ്റ് നിരാശാജനകമെന്ന് റബർ കർഷകർ. താങ്ങുവില വർധിപ്പിക്കുമെന്ന പ്രതീക്ഷയിലായിരുന്നു കർഷകർ. എന്നാൽ തെരഞ്ഞെടുപ്പ് കാലത്തെ ബജറ്റായിട്ടുപോലും താങ്ങുവില സംബന്ധിച്ച് ഒരു വരിപോലും പരാമർശിക്കാത്തതിൽ കടുത്ത അമർഷത്തിലാണ് മേഖല. താങ്ങുവില 300 രൂപ എങ്കിലുമാക്കി പ്രഖ്യാപിക്കുമെന്നായിരുന്നു കർഷകരുടെ പ്രതീക്ഷ. താങ്ങുവില 250 രൂപയാക്കുമെന്ന കഴിഞ്ഞ തെരഞ്ഞെടുപ്പിലെ വാഗ്ദാനമെങ്കിലും ഈ ബജറ്റിലൂടെ നടപ്പാക്കുമെന്ന പ്രതീക്ഷയും അസ്ഥാനത്തായി.
കാലാവസ്ഥാ വ്യതിയാനം, ടാപ്പിങ് തൊഴിലാളികളുടെ അഭാവം തുടങ്ങിയ കാരണങ്ങളാൽ നാളുകളായി ഉൽപാദനം ഇടിഞ്ഞ നിലയിലാണ്. തൊഴിലാളികളുടെ അഭാവത്താൽ കൃത്യമായ വെട്ട് നടക്കുന്നില്ല. അതിനാൽ തോഴിലാളികളെ ആകർഷിക്കാൻ പാകത്തിനുള്ള ഒരു ഇൻസെൻ്റീവ് പദ്ധതി പ്രഖ്യാപിക്കണമെന്ന ആവശ്യവും പരിഗണിച്ചില്ല. കാലാവസ്ഥാ വ്യതിയാനവും കർഷകർക്ക് തിരിച്ചടിയാണ്. കഴിഞ്ഞ നവംബർ ഒന്നിന് പ്രഖ്യാപിച്ച 200 രൂപ തന്നെയാണ് താങ്ങുവില. ഇതുകൊണ്ട് ഒരു പ്രയോജനവുമില്ലെന്നാണ് കർഷകർ പറയുന്നത്. നിരവധിപേർ റബർ കൃഷി മതിയാക്കുന്ന അവസ്ഥയിൽ ബാക്കിയുള്ളവരെ പിടിച്ചുനിർത്താൻ ശ്രമിക്കാത്ത സർക്കാർ നിലപാടിലുള്ള അമർഷം സർക്കാരിനെ അറിയിക്കാനുള്ള ഒരുക്കത്തിലാണ് കർഷകർ.
കഴിഞ്ഞ ബജറ്റിലും റബർ കർഷകർക്കായി പ്രത്യേകിച്ച് പ്രഖ്യാപനമൊന്നും ഉണ്ടായിരുന്നില്ല. വിലസ്ഥിരത പദ്ധതിയിൽ പ്രഖ്യാപിച്ച 600 കോടി രൂപ നിലനിർത്തുക മാത്രമാണ് ചെയ്തത്. ഇതിലും ഇത്തവണ വർധനയുണ്ടായിട്ടില്ല. റബർ പുനർകൃഷിക്കുള്ള ധനസഹായ പദ്ധതിയിലും സർക്കാർ വഞ്ചിച്ചെന്ന് കർഷകർ കുറ്റപ്പെടുത്തി. റബർ മേഖലയെ തഴഞ്ഞത് മധ്യ കേരളത്തിൽ രാഷ്ട്രീയ വിഷയംകൂടി ആവും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."