കോൺഫിഡന്റ് ഗ്രൂപ്പ് ഉടമ ഡോ. സി.ജെ. റോയുടെ മരണം; മരിച്ചതറിഞ്ഞിട്ടും റെയ്ഡ് തുടർന്നു; ആദായനികുതി വകുപ്പിനെതിരെ ഗുരുതര ആരോപണവുമായി കുടുംബം
ബെംഗളൂരു: ദക്ഷിണേന്ത്യയിലെ പ്രമുഖ റിയൽ എസ്റ്റേറ്റ് ഗ്രൂപ്പായ കോൺഫിഡന്റ് ഗ്രൂപ്പിന്റെ സ്ഥാപകനും ചെയർമാനുമായ ഡോ. സി.ജെ. റോയിയുടെ അപ്രതീക്ഷിത മരണം ബിസിനസ് ലോകത്തെ ഞെട്ടിച്ചിരിക്കുകയാണ്. ബെംഗളൂരുവിലെ തന്റെ കോർപ്പറേറ്റ് ഓഫീസിനുള്ളിൽ വെച്ച് അദ്ദേഹം സ്വയം വെടിയുതിർത്ത് മരിക്കുകയായിരുന്നു എന്നാണ് പുറത്തുവരുന്ന വിവരം. അമ്പത്തി ഏഴ് വയസ്സായിരുന്നു.
ഇന്ന് രാവിലെ തന്നെ ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥർ ബെംഗളൂരു അശോക് നഗറിലെ 'കോൺഫിഡന്റ് പെന്റഗൺ' ഓഫീസിൽ പരിശോധനയ്ക്കായി എത്തിയിരുന്നു. ഉച്ചയ്ക്ക് രണ്ട് മണിയോടെ ഓഫീസിലെത്തിയ റോയിയെ ഉദ്യോഗസ്ഥർ വിശദമായി ചോദ്യം ചെയ്തതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
ഏകദേശം ഒരു മണിക്കൂറോളം നീണ്ട ചോദ്യം ചെയ്യലിന് ശേഷം ചില സുപ്രധാന രേഖകൾ ഹാജരാക്കാൻ ഉദ്യോഗസ്ഥർ റോയിയോട് ആവശ്യപ്പെട്ടു. എന്നാൽ ഇതിന് പിന്നാലെ സ്വന്തം ഉടമസ്ഥതയിലുള്ള തോക്ക് ഉപയോഗിച്ച് അദ്ദേഹം സ്വയം നിറയൊഴിക്കുകയായിരുന്നു. ഉദ്യോഗസ്ഥരുടെ മുന്നിൽ വെച്ചായിരുന്നു ഈ ദാരുണ സംഭവം.
വെടിയൊച്ച കേട്ട് ഓടിയെത്തിയ ജീവനക്കാരാണ് വിവരം ഐടി ഉദ്യോഗസ്ഥരെയും പൊലിസിനെയും അറിയിച്ചത്. തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ റോയിയെ ഉദ്യോഗസ്ഥർ തന്നെ ഉടൻ തന്നെ സമീപത്തെ നാരായണ ആശുപത്രിയിൽ എത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.
റോയിയുടെ മരണത്തിന് പിന്നാലെ ആദായനികുതി വകുപ്പിനെതിരെ ഗുരുതരമായ ആരോപണങ്ങളുമായി അദ്ദേഹത്തിന്റെ കുടുംബം രംഗത്തെത്തി. ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥരുടെ കടുത്ത മാനസിക പീഡനമാണ് അദ്ദേഹത്തെ ഇത്തരമൊരു കടുംകൈക്ക് പ്രേരിപ്പിച്ചതെന്ന് സഹോദരൻ ബാബു റോയ് ആരോപിച്ചു.
ആദായനികുതി വകുപ്പ് അഡീഷണൽ കമ്മീഷണർ കൃഷ്ണപ്രസാദാണ് ഈ മരണത്തിന് ഉത്തരവാദിയെന്ന് ബാബു റോയ് മാധ്യമങ്ങളോട് പറഞ്ഞു. കഴിഞ്ഞ മൂന്ന് ദിവസമായി റോയിയെ ഉദ്യോഗസ്ഥർ ക്രൂരമായി ചോദ്യം ചെയ്യുകയായിരുന്നുവെന്നും ഇത് അദ്ദേഹത്തെ മാനസികമായി തളർത്തിയെന്നും കുടുംബം ആരോപിച്ചു.
റോയ് മരിച്ച വിവരം അറിഞ്ഞിട്ടും ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥർ ഓഫീസിലെ റെയ്ഡ് അവസാനിപ്പിക്കാൻ തയ്യാറായില്ല എന്ന ആരോപണവും കുടുംബം ഉന്നയിക്കുന്നുണ്ട്. മരണത്തിന് ശേഷവും ഉദ്യോഗസ്ഥർ പരിശോധന തുടർന്നത് ക്രൂരമായ നടപടിയാണെന്ന് അവർ കുറ്റപ്പെടുത്തി.
കഴിഞ്ഞ ഡിസംബറിലും കോൺഫിഡന്റ് ഗ്രൂപ്പിന്റെ ഓഫീസുകളിൽ ആദായനികുതി വകുപ്പ് റെയ്ഡ് നടത്തിയിരുന്നു. അന്ന് ഉദ്യോഗസ്ഥർ ആവശ്യപ്പെട്ട എല്ലാ രേഖകളും കൃത്യമായി നൽകിയിട്ടും വീണ്ടും പരിശോധനയുടെ പേരിൽ അദ്ദേഹത്തെ വേട്ടയാടുകയായിരുന്നുവെന്നാണ് അടുത്ത വൃത്തങ്ങൾ പറയുന്നത്.
സംഭവം നടന്ന സ്ഥലത്ത് അശോക് നഗർ പൊലിസും എഫ്.എസ്.എൽ ലാബ് ഉദ്യോഗസ്ഥരും വിശദമായ പരിശോധന നടത്തി. വെടിയുതിർത്ത തോക്ക് പൊലിസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സംഭവസമയത്ത് ഓഫീസിൽ ഉണ്ടായിരുന്നവരിൽ നിന്ന് പൊലിസ് മൊഴി രേഖപ്പെടുത്തും.
കെട്ടിടത്തിലെ സിസിടിവി ക്യാമറകൾ, ഹാർഡ് ഡിസ്കുകൾ എന്നിവ കസ്റ്റഡിയിലെടുക്കാൻ പൊലിസ് നിർദ്ദേശം നൽകിയിട്ടുണ്ട്. ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥർ നടത്തിയത് ഔദ്യോഗിക റെയ്ഡ് തന്നെയാണോ എന്ന കാര്യത്തിൽ ഇനിയും വ്യക്തത വരേണ്ടതുണ്ടെന്ന് പൊലിസ് സൂചിപ്പിച്ചു.
ബിസിനസ് ലോകത്ത് വിപ്ലവകരമായ വളർച്ചയായിരുന്നു സി.ജെ. റോയിയുടേത്. ഒരു സാധാരണ കുടുംബത്തിൽ ജനിച്ച്, ദക്ഷിണേന്ത്യയിലെയും മിഡിൽ ഈസ്റ്റിലെയും റിയൽ എസ്റ്റേറ്റ് ഭീമനായി മാറിയ അദ്ദേഹത്തിന്റെ ജീവിതം പലർക്കും മാതൃകയായിരുന്നു.
ബെംഗളൂരുവിൽ വളർന്ന അദ്ദേഹം വിദേശത്ത് ഉന്നത വിദ്യാഭ്യാസം പൂർത്തിയാക്കിയ ശേഷമാണ് ഹ്യൂലറ്റ്-പാക്കാർഡ് (HP) പോലുള്ള വമ്പൻ കമ്പനികളിലെ ജോലി ഉപേക്ഷിച്ച് സ്വന്തം സംരംഭത്തിലേക്ക് കടന്നുവന്നത്. 2006-ലാണ് അദ്ദേഹം കോൺഫിഡന്റ് ഗ്രൂപ്പിന് തുടക്കമിട്ടത്.
ലോകം സാമ്പത്തിക മാന്ദ്യത്തിന്റെ പിടിയിലായിരുന്ന സമയത്താണ് അദ്ദേഹം റിയൽ എസ്റ്റേറ്റ് മേഖലയിൽ ചുവടുറപ്പിച്ചത്. കടബാധ്യതകളില്ലാത്ത ബിസിനസ് മോഡൽ എന്ന തനതായ ശൈലിയായിരുന്നു റോയിയുടെ വിജയരഹസ്യം.
പതിനഞ്ച് വർഷം മുമ്പ് തന്നെ ബെംഗളൂരുവിലെ സർജാപൂർ ഒരു ഐടി ഹബ്ബാകുമെന്ന് അദ്ദേഹം പ്രവചിച്ചിരുന്നു. അവിടെ വലിയ തോതിൽ ഭൂമി ഏറ്റെടുത്ത് അദ്ദേഹം നടത്തിയ വികസനപ്രവർത്തനങ്ങൾ ആ പ്രദേശത്തിന്റെ തന്നെ മുഖച്ഛായ മാറ്റിമറിച്ചു.
റിയൽ എസ്റ്റേറ്റിന് പുറമെ ഹോസ്പിറ്റാലിറ്റി, വിനോദം, വിദ്യാഭ്യാസം, വ്യോമയാനം എന്നീ മേഖലകളിലും അദ്ദേഹം തന്റെ സാമ്രാജ്യം വിപുലീകരിച്ചു. 165-ലധികം വൻകിട പദ്ധതികളും 15,000-ത്തിലധികം ഉപഭോക്താക്കളും കോൺഫിഡന്റ് ഗ്രൂപ്പിന്റെ കരുത്തായി മാറി.
കേരളത്തിലെ സിനിമ-കായിക മേഖലകളിലും റോയിയുടെ സാന്നിധ്യം ശ്രദ്ധേയമായിരുന്നു. നിരവധി ഹിറ്റ് സിനിമകൾ നിർമ്മിക്കുകയും പ്രമുഖ ടെലിവിഷൻ ഷോകൾ സ്പോൺസർ ചെയ്യുകയും ചെയ്തതിലൂടെ മലയാളികൾക്കും അദ്ദേഹം പ്രിയപ്പെട്ടവനായി.
ദുബൈ വിപണിയിൽ വായ്പകൾക്കും ഡൗൺ പേയ്‌മെന്റുകൾക്കും പുതിയ മാതൃകകൾ അവതരിപ്പിച്ച് റെക്കോർഡ് വിൽപ്പന നടത്താൻ അദ്ദേഹത്തിന് സാധിച്ചു. 300 ഏക്കറോളം വരുന്ന ഗോൾഫ് റിസോർട്ടും വില്ല പ്രോജക്ടും അദ്ദേഹത്തിന്റെ മികവിന്റെ അടയാളങ്ങളാണ്.
ബിസിനസ്സിലെ വിജയങ്ങൾക്കിടയിലും കുടുംബത്തിന് വലിയ പ്രാധാന്യം നൽകിയിരുന്ന വ്യക്തിയായിരുന്നു റോയ്. ഭാര്യ ലിനി റോയിയും മക്കളായ രോഹിതും റിയയും അദ്ദേഹത്തിന്റെ എല്ലാ പ്രവർത്തനങ്ങളിലും വലിയ പിന്തുണയുമായി ഒപ്പമുണ്ടായിരുന്നു.
ആഡംബര കാറുകളോടുള്ള കമ്പവും അദ്ദേഹം പ്രകടമാക്കിയിരുന്നു. ഓരോ കാറിനെയും ഒരു നിക്ഷേപമായാണ് അദ്ദേഹം കണ്ടിരുന്നത്. പരാജയങ്ങളെ ആഘോഷിക്കാനും അതിൽ നിന്ന് പഠിക്കാനും അദ്ദേഹം തന്റെ മക്കളെ എപ്പോഴും ഉപദേശിക്കുമായിരുന്നു.
ബെംഗളൂരു സിറ്റി പൊലിസ് കമ്മീഷണറുടെ നേതൃത്വത്തിൽ നിലവിൽ അന്വേഷണം പുരോഗമിക്കുകയാണ്. റോയിയുടെ മരണവാർത്ത പുറത്തുവന്നതോടെ സംരംഭക ലോകത്ത് വലിയ ചർച്ചകളും അനുശോചന പ്രവാഹവും തുടരുകയാണ്.
dr. c.j. roy, the founder and chairman of the confident group, died by suicide at his corporate office in bengaluru. the tragic incident occurred while income tax officials were conducting a raid on the premises.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."