ഗ്ലോബൽ വില്ലേജിൽ 'ഹഖ് അൽ ലൈല' ആഘോഷം ഇന്ന്; വൈവിധ്യമാർന്ന പരിപാടികളുമായി ദുബൈ പൊലിസ്
ദുബൈ: ശഅബാൻ മധ്യത്തെ വരവേൽക്കുന്ന പരമ്പരാഗത ആഘോഷമായ 'ഹഖ് അൽ ലൈല' ഇന്ന് ഗ്ലോബൽ വില്ലേജിൽ നടക്കും. ദുബൈ പോലീസിന്റെ ആഭിമുഖ്യത്തിൽ കുട്ടികൾക്കായി സമ്മാനങ്ങളും വിവിധ വിനോദ പരിപാടികളും ഉൾക്കൊള്ളുന്ന കുടുംബസൗഹൃദ സംഗമമാണ് ഒരുക്കിയിരിക്കുന്നത്.
ദുബൈ പോലീസിലെ പോസിറ്റിവ് സ്പിരിറ്റ് കൗൺസിലിന്റെ നേതൃത്വത്തിൽ ഗ്ലോബൽ വില്ലേജ്, ഇവന്റ്സ് സെക്യൂരിറ്റി കമ്മിറ്റി (ഇ.എസ്.സി), ഹിമായ സ്‌കൂൾസ് പ്രോഗ്രാം എന്നിവയുമായി സഹകരിച്ചാണ് ആഘോഷങ്ങൾ സംഘടിപ്പിക്കുന്നത്. ഗ്ലോബൽ വില്ലേജിലെ യു.എ.ഇ പവലിയന് എതിർവശത്തുള്ള തുറന്ന വേദിയൽ വൈകുന്നേരം 4.30 മുതൽ പരിപാടികൾ ആരംഭിക്കും.
ദുബൈ കിരീടാവകാശിയും യു.എ.ഇ ഉപപ്രധാനമന്ത്രിയുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ആരംഭിച്ച 'സീസൺ ഓഫ് ഗുഡ്‌നെസ്' (സീസൺ ഓഫ് വുൾഫ) സംരംഭത്തിന്റെ ഭാഗമായാണ് ഈ പരിപാടി. ദുബായ് കൾച്ചർ ആൻഡ് ആർട്സ് അതോറിറ്റി ചെയർപേഴ്‌സൺ ശൈഖാ ലത്തീഫ ബിൻത് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമാണ് ഈ സംരംഭത്തിന് നേതൃത്വം നൽകുന്നത്. പൈതൃകവും ദേശീയ സ്വത്വവും മുറുകെപ്പിടിച്ച് സാമൂഹിക മൂല്യങ്ങളും മാനുഷിക ബന്ധങ്ങളും ശക്തിപ്പെടുത്തുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് പോസിറ്റിവ് സ്പിരിറ്റ് കൗൺസിൽ ചെയർപേഴ്‌സൺ ഫാത്തിമ ബുജൈർ പറഞ്ഞു.
പ്രധാന ആകർഷണങ്ങൾ:
* കുട്ടികൾക്കുള്ള സമ്മാന വിതരണം.
* ദുബൈ പോലീസ് ബാൻഡിന്റെ തത്സമയ പ്രകടനങ്ങൾ.
* ടൂറിസ്റ്റ് സുരക്ഷാ പട്രോളിംഗിന്റെയും പരമ്പരാഗത 'നൈറ്റ് ഗാർഡു'കളുടെയും സാന്നിധ്യം.
* ദുബൈ പോലീസിന്റെ ഭാഗ്യചിഹ്നങ്ങളായ മൻസൂർ, ആമിന എന്നിവരുടെ പ്രത്യേക അവതരണങ്ങൾ.
സന്തോഷം പങ്കുവെക്കാനും സഹിഷ്ണുതയുടെയും ഐക്യത്തിന്റെയും മൂല്യങ്ങൾ യുവതലമുറയിലേക്ക് പകർന്നുനൽകാനും ഇത്തരം ആഘോഷങ്ങൾ സഹായിക്കുമെന്ന് അധികൃതർ വ്യക്തമാക്കി. പരിപാടിയിൽ പങ്കുചേരാൻ എല്ലാ വിഭാഗം ജനങ്ങളെയും ദുബായ് പോലീസ് സ്വാഗതം ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."