'കൂള്‍ ഡൗണ്‍ ഉമ്മാ...' സ്വപ്‌ന സാക്ഷാത്ക്കാരം; ഒട്ടകപ്പുറത്തേറി ഫാത്തിമ നിദ
കോഴിക്കോട്: വീട്ടിലൊരു വെള്ളക്കുതിരയെ വേണമെന്നായിരുന്നു ഫാത്തിമ നിദയുടെ ആഗ്രഹം. വെള്ളക്കുതിരയെ നോക്കി നടക്കുന്നതിനിടയിലാണ് ബീച്ചിലെത്തിയപ്പോള്‍ ഒട്ടകത്തെ കണ്ടത്. പിന്നെ വിട്ടില്ല. ഒട്ടകപ്പുറത്തേറി ബീച്ചിലൂടെ ആസ്വദിച്ചൊരു യാത്ര.
മകള്‍ ഒട്ടകപുറത്തേറിയപ്പോള്‍ സന്തോഷം കൊണ്ട് മതിമറക്കുകയായിരുന്നു ഉമ്മ സാജിതയും. താമരശേരി കോരങ്ങാട് അമര്‍ജ്യോതി സ്‌പെഷ്യല്‍ സ്‌കൂളിലെ വിദ്യാര്‍ഥിയായ 20കാരി ഫാത്തിമ നിദയും ഉമ്മ സാജിതയും കേരള ഡിസബിലിറ്റി ഫെസ്റ്റിവല്ലിനായാണ് കോഴിക്കോട് ബീച്ചിലെത്തിയത്.
കടല്‍ക്കരയിലും തിരകളിലും ഓടി നടന്ന് മതിവരുവോളം ആസ്വദിക്കുകയായിരുന്നു നിദ. അപ്പോഴാണ് രണ്ട് ഒട്ടകങ്ങളെ കണ്ടത്. പിന്നീട് ഒട്ടകത്തെ തൊടണമെന്നായി. തൊട്ടുനോക്കിയപ്പോള്‍ അതിന്റെ മുകളില്‍ കയറി യാത്രചെയ്യണമെന്നായി മോഹം. ഏണിയില്‍ കയറി നേരെ ഒട്ടകത്തിന്റെ മുകളിലേക്ക്. അവിടെ നിന്ന് ഒട്ടകപ്പുറത്തേറിയുള്ള യാത്രയില്‍ എല്ലാവരേയും കൈവീശികാണിക്കാനും നിദ മറന്നില്ല. നല്ല രസണ്ടേന്ന്, ഇനീം കേറണം, ഇമ്പക്ക് അതിനെ വീട്ട്‌കൊണ്ടൊയാലോ? ഒട്ടകപ്പുറത്ത് നിന്നും ഇറങ്ങിയപ്പോഴും ഉമ്മയോടുള്ള നിദയുടെ ചോദ്യമിതാണ്. ഓള്‍ക്കെപ്പോഴും ചിരിച്ച് ഇരിക്കാനാണ് ഇഷ്ടമെന്ന് ഉമ്മ സാജിത പറയുന്നു.
വണ്ടിയോടിക്കാനും വിമാനത്തില്‍ കേറാനും വലിയ ഇഷ്ടമാണ്. ഭിന്നശേഷിയായ കുഞ്ഞായതിനാല്‍ നിദ ജനിച്ചപ്പോള്‍ തന്നെ പടിയിറങ്ങിയതാണ് നിദയുടെ ഉപ്പ. പിന്നെ ഉമ്മയായിരുന്നു ചേര്‍ത്തു പിടിച്ചത്. ഭിന്നശേഷിയുള്ള കുഞ്ഞായതിനാല്‍ ആദ്യം തനിക്ക് പേടിയുണ്ടായിരുന്നു എന്ന് ഉമ്മ പറയുന്നു.
എന്നാല്‍ കിഴക്കോത്ത് അംഗനവാടിയിലെ ടീച്ചറുടെ വാക്കുകള്‍ തനിക്ക് കരുത്തേകിയെന്നും മുന്‍പ് മകളുടെ അവസ്ഥയോര്‍ത്ത് വിഷമിച്ചിരുന്ന തനിക്കിപ്പോള്‍ അവളെയോര്‍ത്ത് അഭിമാനമാണെന്നും ഉമ്മ പറയുന്നു. ഉമ്മയുടെ സങ്കടത്തിന് 'കൂള്‍ ഡൗണ്‍ ഉമ്മ' എന്ന നിദയുടെ വാക്കാണ് ഏറ്റവും വലിയ മരുന്ന്.
വൈകാതെ തന്നെ വിമാനത്തില്‍ കയറണമെന്നാണ് നിദയുടെ ആഗ്രഹം. കൂടാതെ തനിക്കായി ഒരു വെള്ളക്കുതിരയെ വാങ്ങുകയും ചെയ്യണമെന്നും നിദ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."