നേതൃത്വത്തെ അണികൾ തിരുത്തണം; സി.പി.ഐ.എമ്മിനെ പ്രതിക്കൂട്ടിലാക്കി വി. കുഞ്ഞികൃഷ്ണന്റെ പുസ്തകം പുറത്തിറങ്ങി; കണ്ണൂരിൽ വൻ ജനപങ്കാളിത്തം
കണ്ണൂർ: പയ്യന്നൂരിലെ ഫണ്ട് വിവാദത്തിൽ പാർട്ടി നടപടി നേരിട്ട മുൻ ഏരിയ സെക്രട്ടറി വി. കുഞ്ഞികൃഷ്ണൻ രചിച്ച 'നേതൃത്വത്തെ അണികൾ തിരുത്തണം' എന്ന പുസ്തകം പ്രകാശനം ചെയ്തു. കണ്ണൂരിൽ നടന്ന ചടങ്ങിൽ മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ ഐടി ഉപദേഷ്ടാവായിരുന്ന ജോസഫ് സി. മാത്യുവാണ് പുസ്തകം പ്രകാശനം ചെയ്തത്. കനത്ത പൊലിസ് സുരക്ഷയിൽ നടന്ന ചടങ്ങിൽ വൻ ജനപങ്കാളിത്തമാണ് ദൃശ്യമായത്. പുസ്തക പ്രകാശന ചടങ്ങിൽ സി.പി.ഐ.എം നേതൃത്വത്തിനെതിരെ കടുത്ത ആരോപണങ്ങളാണ് വി. കുഞ്ഞികൃഷ്ണൻ ഉയർത്തിയത്.
സിപിഐഎം പ്രവർത്തകർ ചടങ്ങ് തടസ്സപ്പെടുത്താൻ സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടി കുഞ്ഞികൃഷ്ണൻ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ജില്ലാ പൊലിസ് മേധാവിയുടെ നിർദ്ദേശപ്രകാരം വൻ പൊലിസ് സന്നാഹമാണ് സ്ഥലത്ത് ക്യാമ്പ് ചെയ്തിരുന്നത്.
കഴിഞ്ഞ ദിവസമാണ് പാർട്ടി വിരുദ്ധ പ്രവർത്തനം ആരോപിച്ചു വി. കുഞ്ഞികൃഷ്ണനെ സിപിഐഎം പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കിയത്. കുഞ്ഞികൃഷ്ണൻ ഉന്നയിക്കുന്ന കണക്കുകൾ തെറ്റാണെന്നും നാളെ ഔദ്യോഗിക കണക്കുകൾ പുറത്തുവിടുമെന്നുമാണ് പാർട്ടി ജില്ലാ നേതൃത്വത്തിന്റെ വിശദീകരണം.
രക്തസാക്ഷി ധനരാജ് ഫണ്ട് ഉൾപ്പെടെയുള്ളവയിൽ വലിയ ക്രമക്കേടാണ് നടന്നത്. 28 പേരിൽ നിന്ന് പിരിച്ച തിരഞ്ഞെടുപ്പ് ഫണ്ട് കമ്മിറ്റിയിൽ കാണിച്ചത് 20 പേരുടേത് മാത്രമാണ്. ബാക്കി എട്ടുപേരുടെ പണം എവിടെപ്പോയെന്ന് എം.എൽ.എ ടി.ഐ മധുസൂദനൻ വ്യക്തമാക്കണം എന്നും വി . കുഞ്ഞികൃഷ്ണൻ ആരോപിച്ചു.
ഓഡിറ്റിംഗ് വേളയിൽ വ്യാജ രസീതുകൾ അച്ചടിച്ച് ഹാജരാക്കുകയും സഹകരണ ജീവനക്കാരിൽ നിന്ന് പിരിച്ച 70.5 ലക്ഷം രൂപയുടെ കണക്കിൽ വ്യക്തതയില്ല. പാർട്ടിയെ തകർക്കാനല്ല, മറിച്ച് തിരുത്താനാണ് തന്റെ ശ്രമം. ബംഗാളിലെ തിരിച്ചടി കേരളത്തിൽ ആവർത്തിക്കാതിരിക്കാൻ അണികൾ ജാഗ്രത പാലിക്കണം. വിമർശിക്കുന്നവരെ ശത്രുക്കളായി കാണുന്ന ശൈലി കമ്യൂണിസ്റ്റ് വിരുദ്ധമാണ്.
അഴിമതി ചോദ്യം ചെയ്തപ്പോൾ വ്യക്തിപരമായി അധിക്ഷേപിക്കാനും സോഷ്യൽ മീഡിയ വഴി തേജോവധം ചെയ്യാനും ശ്രമം നടക്കുന്നുവെന്നും കുഞ്ഞികൃഷ്ണൻ പറഞ്ഞു.
former cpim area secretary v. kunhikrishnan has released his book titled ‘nethruthwathe anikal thiruthanam’ (the rank and file must correct the leadership) in kannur. the book launch, held under heavy police protection following a high court order, saw a large public turnout.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."