ദുബൈയിൽ കാണാതായ രണ്ട് പെൺകുട്ടികളെ കണ്ടെത്തി; രക്ഷകരായി പ്രവാസി ദമ്പതികൾ
ദുബൈ: മണിക്കൂറുകളോളം നീണ്ട ആശങ്കകൾക്കും കണ്ണീരിനും വിരാമം. ദുബൈ ഹിൽസിൽ നിന്ന് കാണാതായ ആറ് വയസ്സുള്ള രണ്ട് പെൺകുട്ടികളെ കണ്ടെത്തി. ഷോപ്പിംഗ് മാളിൽ വെച്ച് ബ്രസീലിയൻ ദമ്പതികൾ നടത്തിയ അവസരോചിതമായ ഇടപെടലാണ് വൻ ദുരന്തം ഒഴിവാക്കിയത്.
ഫെബ്രുവരി 4 ബുധനാഴ്ച വൈകുന്നേരമാണ് ദുബൈ നിവാസികളെ ഒന്നടങ്കം മുനയിൽ നിർത്തിയ സംഭവം അരങ്ങേറിയത്. സ്വന്തം താമസസ്ഥലത്ത് നിന്നും കാണാതായ രണ്ട് പെൺകുട്ടികൾക്കായി ദുബൈ പൊലിസും നാട്ടുകാരും തിരച്ചിൽ നടത്തുന്നതിനിടെയാണ് മാളിൽ സാധനങ്ങൾ വാങ്ങാനെത്തിയ കുട്ടികൾ ഒട്ടാവിയോ സോക്കോളിന്റെയും ഭാര്യ ഗബ്രിയേലയുടെയും ശ്രദ്ധയിൽ പെടുന്നത്.
മാളിലെ ഒരു കടയിൽ യാതൊരു കൂസലുമില്ലാതെ തറയിലിരുന്ന് പണം എണ്ണുകയായിരുന്നു കുട്ടികൾ. കുട്ടികളുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ ഗബ്രിയേല ഭർത്താവിനോട് വിവരം പറഞ്ഞു.
"അവർ പണം എണ്ണുകയായിരുന്നു. പുറത്ത് എവിടെയോ ഉറങ്ങാൻ തയ്യാറെടുക്കുന്നത് പോലെ ഒരു ടെന്റും ബാഗുകളും വാങ്ങാൻ അവർ ശ്രമിക്കുന്നുണ്ടായിരുന്നു," സോക്കോൾ പറഞ്ഞു.
കൃത്യം അതേസമയത്താണ് സ്കൂൾ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ കുട്ടികളെ കാണാതായെന്ന അറിയിപ്പും ചിത്രവും സോക്കോളിന്റെ ഫോണിലെത്തുന്നത്. ചിത്രത്തിലെ മുഖങ്ങളും മുന്നിലിരിക്കുന്ന കുട്ടികളും ഒന്നാണെന്ന് ഉറപ്പുവരുത്തിയ ദമ്പതികൾ ഉടൻ തന്നെ കട അധികൃതരെ വിവരം അറിയിച്ചു.
കുട്ടികൾ ഭയപ്പെടാതിരിക്കാൻ ദമ്പതികൾ ഇവരെ ശാന്തമായി സമീപിച്ചു. കുട്ടികൾ സുരക്ഷിതരാണെന്ന് കാണിച്ച് മാതാപിതാക്കൾക്ക് വീഡിയോ അയച്ചുകൊടുക്കുകയും പൊലിസ് എത്തുന്നതുവരെ അവർക്കൊപ്പം കാത്തിരിക്കുകയും ചെയ്തു. ഏകദേശം രണ്ട് മണിക്കൂറോളം കുട്ടികൾ കടയിൽ തന്നെ ഉണ്ടായിരുന്നു എന്നാണ് സ്റ്റോർ ജീവനക്കാർ പറഞ്ഞത്.
"ഒരു കുട്ടിയെ നഷ്ടപ്പെടുമ്പോൾ നമ്മുടെ ലോകം തകർന്നുവീഴുന്നത് പോലെ തോന്നും. ഈ അനുഭവം നമ്മളെ വിനയാന്വിതരാക്കുന്നു," രണ്ട് കുട്ടികളുടെ പിതാവ് കൂടിയായ സോക്കോൾ പറഞ്ഞു.
ദുബൈയിലെ ശക്തമായ കമ്മ്യൂണിറ്റി നെറ്റ്‌വർക്കും സുരക്ഷാ സംവിധാനങ്ങളുമാണ് ഇത്ര വേഗത്തിൽ കുട്ടികളെ കണ്ടെത്താൻ സഹായിച്ചതെന്ന് അദ്ദേഹം പ്രശംസിച്ചു. ദുബൈ പൊലിസ് സംഭവസ്ഥലത്തെത്തി കുട്ടികളുടെ സുരക്ഷ സ്ഥിരീകരിക്കുകയും നടപടിക്രമങ്ങൾ പൂർത്തിയാക്കുകയും ചെയ്തു.
two girls reported missing from dubai have been safely found. an expatriate couple played a key role in rescuing and protecting the children until authorities arrived.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."