ഗതാഗത പരിഷ്‌കാരം പുനഃപരിശോധിക്കണം; വ്യാപാരികള്‍ പരാതി നല്‍കി
ചാവക്കാട്: നഗരത്തിലെ ഗതാഗത പരിഷ്‌ക്കാരം പുനപരിശോധിക്കാനാവശ്യപ്പെട്ട് 150ഓളം വ്യാപാരികള്‍ ചാവക്കാട് സ്റ്റേഷനിലത്തെി സി.ഐക്കും എസ്.ഐക്കും പരാതി നല്‍കി. നഗരത്തില്‍ ഗതാഗത കുരുക്കഴിക്കാന്‍ വേണ്ടത്ര മുന്നൊരുക്കമില്ലാതെ ചാവക്കാട് പൊലിസ് ഉള്‍പ്പെടുന്ന സമിതി ആവിഷ്‌ക്കരിച്ച ക്രമീകരണമാണ് തുടക്കം മുതല്‍ താളം തെറ്റിയത്.
ഗതാഗത നവീകരണം വ്യാപാരികള്‍ക്കും പൊതുജനങ്ങള്‍ക്കും ഒരു പോലെ ബുദ്ധിമുട്ടായെന്നാണ് ഇവരുടെ വിലയിരുത്തല്‍. പാവറട്ടി ഭാഗത്ത് നിന്ന് ഏനാമാവ് റോഡിലൂടെ ബൈപ്പാസ് ജംഗ്ഷന്‍ കയറി നേരെ ട്രാഫിക് ഐലന്റ് ഭാഗത്തേക്ക് പ്രവേശനം തടഞ്ഞത് ഈ മേഖലയിലെ നൂറോളം വ്യാപാരികളെ പ്രതിസന്ധിയിലാക്കിയതായി ഇന്നലെ ചേര്‍ന്ന അസോസിയേഷന്റെ അടിയന്തിര യോഗത്തില്‍ ആരോപിച്ചു. ഇക്കാര്യം പൊലിസ്, നഗരസഭാ അധികൃതരെ അറിയിച്ചിട്ടും പരിഹാരമില്ലെന്നും യോഗം കുറ്റപ്പെടുത്തി. ഗതാഗത പരിഷ്‌ക്കാരം നടപ്പിലാക്കുന്നതിന്റെ ഭാഗമായി അനധികൃത വഴിയോര കച്ചവടക്കാരെ പൂര്‍ണമായി നീക്കി സ്വകാര്യ വാഹനങ്ങള്‍ക്ക് നിര്‍ത്തിയിടാന്‍ സൗകര്യമുണ്ടാക്കാമെന്ന അധികൃതരുടെ വാഗ്ദാനവും പാലിക്കപ്പെട്ടില്ലെന്ന് യോഗം ചൂണ്ടിക്കാട്ടി. അടിസ്ഥാന സൗകര്യമൊരുക്കാതെ ആരംഭിച്ച ഗതാഗത പരിഷ്‌ക്കാരം പലയിടത്തും വഴിയാത്രക്കാര്‍ക്ക് റോഡ് മുറിച്ചുകടക്കാനാവാത്ത സാഹചര്യമുണ്ടാക്കിയെന്നും യോഗത്തില്‍ വിമര്‍ശനമുണ്ടായി. ഗതാഗതം ക്രമീകരണത്തിലെ അപാകതകള്‍ ചര്‍ച്ച ചെയ്യാന്‍ വ്യാപാരികള്‍, ഓട്ടോ തൊഴിലാളികളുടെയും ബസ് ഉടമകളുടേയും പ്രതിനിധികളേയും വിളിച്ച് ചേര്‍ത്ത് വിപുലമായ യോഗം ചേരാനും അസോസിയേഷന്‍ തീരുമാനിച്ചതായി ഭാരവാഹികളറിയിച്ചു. ഇക്കഴിഞ്ഞ ബുധനാഴ്ച്ച മുതലാണ് നഗരത്തില്‍ പുതിയ ഗതാഗത പരിഷ്‌ക്കാരം തുടങ്ങിയത്. വ്യാപാരി പ്രതിനിധികള്‍ കൂടി ഉള്‍പ്പെട്ട സമിതി എടുത്ത തീരുമാനത്തിനെതിരെ ഇപ്പോള്‍ പ്രധാനമായും ചാവക്കാട്ടെ മെര്‍ച്ചന്റ്‌സ് അസോസിയേഷന്‍ തന്നെയാണ് തിരിഞ്ഞിരിക്കുന്നത്. പ്രസിഡന്റ് കെ.വി അബ്ദുല്‍ ഹമീദ് അധ്യക്ഷനായി. ജനറല്‍ സെക്രട്ടറി ജോജി തോമസ്, സെക്രട്ടറി പി.എം അബ്ദുല്‍ ജാഫര്‍ എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."